- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധികാരത്തിൽ ദിവസങ്ങൾ മാത്രം അവശേഷിക്കവെ കുടിയേറ്റ തൊഴിലാളികൾക്ക് ട്രംപിന്റെ വക വീണ്ടും ഇരുട്ടടി; എച്ച്1ബി വീസകൾ മാർച്ച് 31 വരെ മരവിപ്പിച്ചു നിർത്താൻ തീരുമാനം

വാഷിങ്ടൺ: അധികാരത്തിൽ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കവെ കുടിയേറ്റത്തെ എതിർക്കുന്ന നയം കൂടുതൽ ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെറും 20 ദിവസം മാത്രം അധികാരം കയ്യിലുള്ളപ്പോഴാണ് ട്രംപ് എച്ച്1ബി വീസകൾ മാർച്ച് 31 വരെ മരവിപ്പിച്ചു നിർത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ഐടി പ്രഫഷനലുകൾ ഉൾപ്പെടെ കാത്തിരിക്കുന്ന എച്ച്1ബി വീസകളാണ് ട്രംപ് മരവിപ്പിച്ചത്. ട്രംപ് അധികാരമേറ്റയുടൻ ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നാലെ അവസാനവർഷം കോവിഡിന്റെ പേരിലും വിലക്ക് തുടർന്നു.
ഇനി 20 ദിവസങ്ങൾ കൂടി മാത്രമേ ട്രംപിന് അധികാരത്തിൽ തുടരാനാകൂ. യുഎസിലേക്കു കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുന്നതു കുറച്ചുകൂടി നീട്ടുകയാണു ട്രംപിന്റെ ലക്ഷ്യമെന്നാണു വിലയിരുത്തപ്പെടുന്നത്. വിദേശ വർക് വീസകളും ഗ്രീൻ കാർഡുകളും ഉൾപ്പെടെയുള്ളവയും മാർച്ച് 31 വരെ മരവിപ്പിക്കും. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാനാണിതെന്നാണു വിശദീകരണം.
മഹാമാരി മൂലമാണു നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആ സാഹചര്യങ്ങൾ ഇതുവരെ മാറിയിട്ടില്ലെന്നും കാരണമായി പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 22നും ജൂൺ 22നും നടത്തിയ രണ്ട് പ്രഖ്യാപനങ്ങളിലൂടെയാണ് വർക്ക് വീസകൾ മരവിപ്പിച്ചത്. ജനുവരി 21നാണു യുഎസിന്റെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേൽക്കുക. വീസകളുടെ വിലക്കു നീക്കുമെന്ന് ജോ ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ട്രംപിന്റെ കുടിയേറ്റ നയങ്ങൾ ക്രൂരമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും പതിനായിരക്കണക്കിനു പേരെയാണ് ഓരോ വർഷവും യുഎസിലെ ടെക് കമ്പനികൾ എച്ച്1 ബി എന്ന നോൺ – എമിഗ്രന്റ് വീസ വഴി കൊണ്ടുവന്നിരുന്നത്. പുതിയ നിരോധനം അവസാനിക്കാൻ മാർച്ച് വരെ കാത്തിരിക്കണം. ഈ വീസകളുടെ പുതുക്കലിനും അത്രയുംനാൾ വേണ്ടിവരും. യുഎസിലെ ടെക് കമ്പനികളെയും ബാധിക്കുന്നതാണു തീരുമാനം.
കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനിടെയാണ് ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ അടക്കം വ്യാപകമായി ബാധിക്കുന്ന തീരുമാനത്തിലേക്ക് യു എസ് നീങ്ങുന്നത്. കൊറോണ വൈറസ് പടർന്നു പിടിച്ചതോടെ അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതാണ് പ്രധാന കാരണം.
വിസ സസ്‌പെൻഷൻ പിൻവലിക്കാതെ എച്ച് 1ബി വിസയുള്ള വിദേശികൾക്ക് അമേരിക്കയിലേക്ക് തിരികെ പ്രവേശിക്കാനാകില്ല. ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് സാധാരണയായി എച്ച്1ബി വിസ അനുവദിക്കാറുള്ളത്. ഇന്ത്യക്കാരാണ് ഈ വിസയുടെ വലിയ ഉപയോക്താക്കൾ. അതിനാൽ ആയിരക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാരെ വിസ സസ്‌പെൻഷൻ പ്രതികൂലമായി ബാധിക്കും. കൊറോണ പടർന്നു പിടിച്ചതോടെ എച്ച്1 ബി വിസയിലുള്ള ഒട്ടേറെ ഇന്ത്യക്കാർ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.


