വാഷിങ്ടൻ: സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ബ്രെറ്റ് കവനോയുടെ ഒഴിവിലേക്ക് ഇന്ത്യൻ അമേരിക്കൻ വംശജയും ന്യുനപക്ഷ പ്രതിനിധിയുമായ നയോമി റാവുവിനെ ട്രംപ് നോമിനേറ്റ് ചെയ്തു. നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

സുപ്രീം കോടതി കഴിഞ്ഞാൽ ഏറ്റവും അധികം അധികാരമുള്ള കോടതി ജഡ്ജിയായി പല പേരുകളും ഉയർന്നുവന്നുവെങ്കിലും നയോമിയെ പ്രസിഡന്റ് തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ ട്രംപ് അഡ്‌മിനിസ്ട്രേഷനിൽ ഇൻഫർമേഷൻ ആൻഡ് റഗുലേറ്ററി അഫയേഴ്സ് ഓഫിസ് അഡ്‌മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയാണു നയോമി

മെയ്‌സൺ യൂണിവേഴ്സിറ്റി പ്രഫസറായി പ്രവർത്തിച്ചിരുന്ന നയോമി സുപ്രീം കോടതി ജഡ്ജിയായിരുന്ന ക്ലോറൻസ് തോമസിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു. നയോമിയുടെ സേവനം അഭിമാനകരമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. നടപടിയിൽ സന്തോഷിക്കുന്നതായും പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുന്നതായും നയോമി പറഞ്ഞു.