വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുപഠിക്കുകയാണോ? അദ്ദേഹം ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനമാണ് ഇങ്ങനെയൊരു ചിന്ത മലയാളികളിൽ ഉണർത്തുന്നത്. യുഎസ് സർക്കാരിന്റെ തീരുമാനങ്ങൾ അറിയിക്കുന്നതിന് വൈറ്റ്ഹൗസിൽ പത്രസമ്മേളനങ്ങൾ നടത്തുന്നത് അവസാനിപ്പിച്ച് ചോദ്യങ്ങൾക്കു രേഖാമൂലം മറുപടി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ്.

കേരളത്തിൽ പിണറായി അധികാരത്തിലേറി അധികകാലം കഴിയുംമുമ്പേ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച് പതിവായി കേരള മുഖ്യമന്ത്രിമാർ നടത്താറുള്ള പത്രസമ്മേളനങ്ങൾ അവസാനിപ്പിച്ചു. ഇതിനു പകരം പത്രക്കുറിപ്പ് പുറത്തിറക്കുകയാണ് പതിവ്.

ഇതേ മാതൃകയാണ് ട്രംപും പിന്തുടരാൻ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ടു സർക്കാർ നൽകിയ വിശദീകരണം മാധ്യമങ്ങളിൽ വിവാദമായതിന്റെ പശ്ചാത്തലത്തിലാണിത്. കൃത്യത ഉറപ്പുവരുത്താൻ രേഖാമൂലം മറുപടി നൽകുന്നതാവും ഉചിതമെന്നു ട്രംപ് ട്വീറ്റ് ചെയ്തു.

തിരക്കുള്ള പ്രസിഡന്റ് എന്ന നിലയ്ക്ക്, എല്ലാ കാര്യത്തിലും കൃത്യതയോടെ നേരിട്ടു മറുപടി പറയുക സാധ്യമല്ല. ഭാവിയിൽ പത്രസമ്മേളനങ്ങൾ ഒഴിവാക്കി കൃത്യത ഉറപ്പാക്കുന്ന തരത്തിൽ തീരുമാനങ്ങൾ എഴുതി നൽകുന്നതാവില്ലേ നല്ലത്? ട്രംപ് ട്വിറ്ററിൽ കുറിച്ചു.