വാഷിങ്ടൺ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി ചർച്ചയ്ക്കു തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കിമ്മുമായി ഫോണിൽ സംസാരിക്കാൻ താൻ തയാറാണ്. ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിലുള്ള ചർച്ചകളിൽ ശുഭകരമായ പുരഗോതിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ദക്ഷിണകൊറിയയുമായി ഔദ്യോഗിക ചർച്ചകൾക്ക് ഉത്തരകൊറിയ വെള്ളിയാഴ്ച സമ്മതംമൂളിയിരുന്നു. രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഇരുകൊറിയകളും ഔദ്യോഗിക ചർച്ചകളിലേർപ്പെടുന്നത്. ഉത്തരകൊറിയ ചർച്ചയ്ക്കു തയാറാണെന്നു അറിയിച്ചതിനു പിന്നാലെ വാഷിങ്ടണും സീയൂളും സംയുക്ത സൈനീക പരിശീലനം നിർത്തിവച്ചിരുന്നു.

മെരിലൻഡിലെ ക്യാമ്പ് ഡേവിഡിലായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. കിമ്മുമായി ഉപാധികളില്ലാതെ സംസാരിക്കാൻ തയാറാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ട്രംപ് മറുപടി പറഞ്ഞു. തീർച്ചയായും താൻ തയാറാണ്. ഇക്കാര്യത്തിൽ ഒരു തടസമില്ലെന്നും ട്രംപ് പറഞ്ഞു.

വരുന്ന ആഴ്ചയാണ് ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിലുള്ള ചർച്ച നടക്കുന്നത്. അടുത്ത മാസം ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിംക്‌സ് സംബന്ധിച്ചാണ് ഇരുരാജ്യങ്ങളും ചർച്ച നടത്തുന്നത്. ഉഭയകക്ഷി ബന്ധവും ചർച്ചയിൽ വിഷയമാകും.

ചർച്ചകൾ മേഖലയിലെ സംഘർഷം ലഘൂകരിക്കുമെന്ന് ട്രംപ് പറഞ്ഞു. അവർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഒളിമ്പിംക്‌സിനെ സംബന്ധിച്ചാണ്. ഇത് ഒരു തുടക്കമാണ്. വലിയൊരു തുടക്കം. തന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ചർച്ച ഉണ്ടാവില്ലായിരുന്നു. ഈ ചർച്ചകളിൽനിന്ന് എന്തുതന്നെ ഫലം പുറത്തുവന്നാലും അത് മനുഷ്യരാശിക്ക് ഗുണകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.