വാഷിങ്ടൻ : ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുടോടുള്ള കടുത്ത നിലപാടി അയവ് വരുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സാഹചര്യങ്ങൾ അനുകൂലമായാൽ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണെന്ന് ട്രംപ് വ്യക്തമാക്കി. കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയെ ഒരു ബഹുമതിയായി താൻ കണക്കാക്കുമെന്നും ബ്ലൂംബെർഗ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഡോണൾഡ് ട്രംപ് പറഞ്ഞു.

ഉത്തരകൊറിയയുമായി ഒരു സൗഹൃദത്തിനുള്ള തയ്യാറെടുപ്പാണ് ട്രംപ് നടത്തുന്നതെന്നാണ് വിലയിരുത്തൽ. നേരത്തെ ഒരഭിമുഖത്തിൽ കിം ജോങ്ങ് ഉൻ സമർത്ഥനായ ഭരണാധികാരിയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. കിം ജോങ് ഉൻ 'മിടുക്കനായ' വ്യക്തിയാണ്. കർക്കശക്കാരായ വ്യക്തികളെകൈകാര്യം ചെയതാണ് കിം ചെറുപ്രായത്തിൽത്തന്നെ അധികാരത്തിലെത്തിയത് അദ്ദേഹത്തെ കഴിവിനെ സൂചിപ്പിക്കുന്നതാണെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ പ്രസിഡന്റ് പറഞ്ഞ കൂടിക്കാഴ്ച യാഥാർത്ഥ്യമാകുന്നതിന് ഉത്തരകൊറിയ ഒട്ടേറെ നിബന്ധനകൾ പാലിക്കേണ്ടിവരുമെന്ന്  വൈറ്റ് ഹൗസ് വ്യക്തമാക്കി. ആണവ പരീക്ഷണങ്ങളടക്കമുള്ള പ്രകോപനങ്ങൾ ഉത്തര കൊറിയ ഉടൻ അവസാനിപ്പിക്കണമെന്നും വൈറ്റ്ഹൗസ് വക്താവ് ഷോൺ സ്‌പൈസർ ആവശ്യപ്പെട്ടു.

സാഹചര്യങ്ങൾ അനുകൂലമായാൽ എന്ന പ്രയോഗമാണ് പ്രസിഡന്റ് ഉപയോഗിച്ചത്. സാഹചര്യങ്ങൾ അനുകൂലമായാൽ എന്ന് പ്രസിഡന്റ് പറയുമ്പോൾ, നിലവിൽ സാഹചര്യങ്ങൾ അതിന് അനുകൂലമല്ല എന്നു തന്നെയാണ് അർഥമെന്നും സ്‌പൈസർ വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം മെച്ചപ്പെടുന്നതിനും പരസ്പര വിശ്വാസം വളരുന്നതിനും ഒട്ടേറെ കടമ്പകൾ കടക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രംപിന്റെ കൂടിക്കാഴ്‌ച്ചയാകാമെന്ന പ്രസ്താവനയോട് ഉത്തരകൊറിയൻ ഭരണാധികരി കിം ജോങ്ങ് ഉൻ പ്രതികരിച്ചിട്ടില്ല. 2011ൽ രാജ്യഭരണം ഏറ്റെടുത്ത കിം ജോങ് ഉൻ ഇതുവരെ മറ്റു രാഷ്ട്രങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. മാത്രമല്ല, സ്വന്തം രാജ്യത്തുനിന്ന് അദ്ദേഹം പുറത്തേക്കു യാത്ര ചെയ്തിട്ടുമില്ല.

കൊറിയൻ തീരത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിനിൽക്കുന്ന യുദ്ധ സാഹചര്യത്തെ ട്രംപിന്റെ പ്രസ്താവന തണുപ്പിക്കുമെന്നും വിലയിരുത്തുന്നുണ്ട്.