ന്യൂയോർക്ക്: യു.എൻ. ജനറൽ അസംബ്ലിയിൽ ട്രമ്പു നടത്തിയ ഉജ്ജ്വല പ്രസംഗം, ദീർഘനാളുകളായി നടത്തിയ പ്രാർത്ഥനയ്ക്കു ലഭിച്ച ഉത്തരമാണെന്ന് ഫ്രാങ്കൽൻ ഗ്രഹാം ഉൾപ്പെടെ പ്രസിദ്ധ ഇവാഞ്ചലിക്കൽ ലീഡേഴ്‌സ് അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ച ട്രമ്പ് യു.എന്നിൽ നടത്തിയ പ്രസംഗം നാളിതുവരെ കേട്ട പ്രസംഗങ്ങളിൽ ഏറ്റവും മികച്ചതായിരുന്നുവെന്നും, അമേരിക്കകാരൻ എന്ന നിലയിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നുവെന്നും ഫ്രാങ്കൽൻ ഗ്രഹാം പറഞ്ഞു.

ട്രമ്പിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചതിനു ദൈവം നൽകിയ മഹത്തായ പ്രതിഫലമാണ് ട്രമ്പിന്റെ പ്രസംഗമെന്നും ഗ്രഹാം കൂട്ടിചേർത്തു. സാമ്പത്തികം, റാഡിക്കൽ ഭീകരത, നോർത്തുകൊറിയായുടെ ന്യൂക്ലിയർ ഭീഷിണി, ഭീകരർക്കു ഇറാൻ നൽകുന്ന സാമ്പത്തിക സഹായം, ഇറാക്ക്, സിറിയ, ക്യൂബ, ഇമ്മിഗ്രേഷൻ, സോഷ്യലിസം, യുനൈറ്റഡ് നാഷൻസിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളാണ് വളരെ തന്മയത്വത്തോടെ ട്രമ്പ് നടത്തിയ ചരിത്ര പ്രധാന പ്രസംഗത്തിൽ നിറഞ്ഞുനിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ഒരുമിച്ചുപോരാടും, ഒരുമിച്ചു ത്യാഗങ്ങൾ സഹിക്കും, സമാധാനം, സ്വാതന്ത്ര്യം, നീതി, കുടുംബബന്ധം, തുടങ്ങിയ ഉയർന്ന മൂല്യങ്ങൾ സംരക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് ട്രമ്പ് പ്രസംഗം ഉപസംഹരിച്ചത്.

ധീരമായ പ്രസംഗമായിരുന്നു ട്രമ്പിന്റേതെന്ന് ഡാളസ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്ററും, ട്രമ്പിന്റെ ഇവാഞ്ചലിക്കൽ ഉപദേഷ്ടാവുമായ റോബർട്ട് ജഫ്രസ് പറഞ്ഞു. പാസ്റ്റർ മാർക്ക് ബേൺസ്, ജെയിംസ് റോബിൻസൺ, മാർക്ക് നൊലെന്റ് തുടങ്ങിയവരും ട്രമ്പിനെ പ്രശംസിച്ചു.