- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവൻ രക്ഷിച്ച് ഒരു വാർഷികാഘോഷം; പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലേക്കു വീണ ആർസണെ ജീവിതത്തിലേക്ക് മടക്കിയത് ഷിനിമോളുടെ ഇടപെടൽ; സംഭവം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ
കൊല്ലം: ജോലിയിലെത്തിയതിന്റെ വാർഷികം പലവിധത്തിലാണ് പലരും ആഘോഷിക്കാറ്. ഇന്ത്യൻ റെയിൽവേയിലെ ടിക്കറ്റ് എക്സാമിനർ (ടിടിഇ) ഷിനിമോൾ തന്റെ വാർഷികം മറക്കാനാവാത്തതാക്കി മാറ്റിയത് ഒരു ജീവൻ രക്ഷിച്ചുകൊണ്ടാണ്. രക്ഷാ പ്രവർത്തനമൊക്കെ കഴിഞ്ഞ ശേഷമാണ് ഇന്ന് താൻ ജോലിയിൽ പ്രവേശിച്ചതിന്റെ പതിനാറാം വാർഷികമാണെന്ന് ഇവർ ഓർക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സംഭവം അരങ്ങേറിയത്.റിട്ട. റെയിൽവേ ജൂനിയർ എൻജിനീയറായ ആർസൺ മറ്റു രണ്ടുപേർക്കൊപ്പം പാലക്കാട് റെയിൽവേ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു. കേരള എക്സ്പ്രസ് ട്രെയിനിന്റെ എസി ബോഗി മുൻപിലായിരിക്കുമെന്ന അറിയിപ്പ് കേട്ട് പ്ലാറ്റ്ഫോമിന്റെ ആദ്യഭാഗത്തു കാത്തുനിന്നു. അതേ, ട്രെയിനിൽ പാലക്കാട് തിരുവനന്തപുരം ഡ്യൂട്ടിയിലായിരുന്ന ഷിനിയും അതിനടുത്തു കാത്തുനിൽപ്പുണ്ട്.
ട്രെയിൻ എത്തിയപ്പോഴാണ് എസി ബോഗി പിന്നിലാണെന്ന് അറിയുന്നത്. ഇതോടെ എല്ലാവരും അങ്ങോട്ട് ഓടി. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഷിനിമോൾ ചാടിക്കയറി. ഒരു കയ്യിൽ ഭക്ഷണപ്പൊതിയും മറുകയ്യിൽ ബാഗുമായി ഒരാൾ വീഴുന്നത് അതിനിടെ ഷിനിമോൾ കണ്ടിരുന്നു. 'ചെയിൻ വലിക്ക്' എന്ന് അലറി അകത്തേക്ക് കയറി, ഷിനിമോൾ തന്നെ ചങ്ങല വലിച്ചു.
ട്രെയിൻ നിന്നു. ആർപിഎഫും യാത്രക്കാരും കൂടി ആർസണെ പുറത്തെടുത്ത് ആശുപത്രിയിലേക്കു പാഞ്ഞു. തലയിൽ നേരിയ പരുക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുണ്ടയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയും റെയിൽവേ പെൻഷനേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റുമാണ് ആർസൺ ഡാനിയേൽ.ഒരു നിമിഷാർധം പോലും പാഴാക്കാതെ ഷിനിമോൾ അപായച്ചങ്ങല വലിച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു തന്റെ വിധിയെന്ന് സങ്കൽപിച്ചു നോക്കാൻ പോലും കഴിയുന്നില്ലയെന്നാണ് കൊല്ലം മുണ്ടയ്ക്കൽ സ്വദേശി ആർസൺ ഡാനിയേൽ പറയുന്നത്.
ജോലിക്കു കയറി കൃത്യം 16 വർഷമാകുന്ന മാർച്ചിന് 5ന് ആയിരുന്നു ഷിനിമോളുടെ 'രക്ഷാപ്രവർത്തനം. മക്കളായ മൂന്നുവയസ്സുകാരി അനാമികയെയും രണ്ടുവയസ്സുകാരി വൈഗയെയും വീട്ടിലാക്കിയാണ്, ട്രെയിനിൽ നിരന്തരം യാത്ര ചെയ്യേണ്ട ജോലിക്കു പുറപ്പെടുന്നത്.
ഭർതൃമാതാവ് വസന്തയാണ് അപ്പോൾ രണ്ടു കുട്ടികളുടെയും 'അമ്മ'. ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥൻ വിപിൻ ആണ് ഭർത്താവ്. 2004ലെ കോളജ് ഗെയിംസിൽ ഹെപ്റ്റാത്തലണിൽ അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് തകർത്ത കായികതാരം കൂടിയാണ് ഷിനിമോൾ. 2005ൽ അന്തർ സർവകലാശാലാ മീറ്റിൽ റെക്കോർഡ് നേട്ടത്തോടെയാണ് റെയിൽവേയിൽ ജോലിക്കു കയറിയത്.
മറുനാടന് മലയാളി ബ്യൂറോ