ലണ്ടൻ: നേരായ വഴി അടുത്ത് തന്നെയുണ്ടാവുമെങ്കിലും എളുപ്പവഴിയിലൂടെ നുഴഞ്ഞ് കയറി സമയം ലാഭിക്കൽ മിക്കവർക്കും താൽപര്യമുള്ള കാര്യമാണ്. എന്നാൽ കഴിഞ്ഞ ദിവസം ലണ്ടൻ ട്യൂബ് സ്റ്റേഷനിൽ ഇത്തരത്തിൽ പ്രവർത്തിച്ച യുവാവിനുണ്ടായ ദുരനുഭവത്തെക്കുറിച്ച് കേട്ടാൽ പിന്നീടാരും ഇത്തരമൊരു സാഹസത്തിന് മുതിർന്നെന്ന് വരില്ല.

സമയം ലാഭിക്കാനായി ലണ്ടൻ ട്യൂബ് സ്റ്റേഷനിലെ ഗേറ്റിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച യുവാവിന്റെ ലൈംഗികാവയവം വാതിൽപ്പാളിക്കുള്ളിൽ കുടുങ്ങിപ്പോവുകയും ഇയാൾ പ്രാണവേദനയോടെ ഉച്ചത്തിൽ കരയുകയുമായിരുന്നു. ഇയാളുടെ പ്രാണവേദനയോടെയുള്ള കരച്ചിൽ കേട്ട് നിരവധി യാത്രക്കാരായിരുന്നു പരിഭ്രാന്തരായി ഓടിക്കൂടിയിരുന്നത്. തുടർന്ന് കുതിച്ചെത്തിയ പൊലീസ് ഇയാളെ രക്ഷിച്ചത് ഏറെ പാടുപെട്ടിട്ടാണെന്നും റിപ്പോർട്ടുണ്ട്.

കവന്റ് ഗാർഡൻ ട്യൂബ് സ്‌റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. പൊലീസിനൊപ്പം ലണ്ടൻ അണ്ടർഗ്രൗണ്ട് ജീവനക്കാരും രക്ഷാശ്രമത്തിന് നേതൃത്വം നൽകിയിരുന്നു. പൊലീസുകാർ യുവാവിനെ പാട് പെട്ട് രക്ഷിച്ചപ്പോൾ കാഴ്ച കാണാൻ ഈ ഗേറ്റിനടുത്ത് തിങ്ങിനിറഞ്ഞ ജനക്കൂട്ടം ആർപ്പ് വിളിക്കുകയും ചെയ്തിരുന്നു. ഗേറ്റിൽ കുടുങ്ങിയ ആളെ ശാന്തനാക്കാൻ ആദ്യ സുഹൃത്തുക്കൾ ശ്രമിച്ചിരുന്നുവെങ്കിലും വേദന സഹിക്കാനാവാതെ യുവാവ് വെപ്രാളപ്പെടുകയും ഉച്ചത്തിൽ കരയുകയുമായിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വീഡിയോ വെളിപ്പെടുത്തുന്നുണ്ട്.