രാജ്യത്തെ സ്വകാര്യ ട്യൂഷനുകൾക്ക് തടയിടാൻ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു. താമസ സ്ഥലങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന സ്വകാര്യ ട്യൂഷൻ സംവിധാനം സ്‌കൂളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ട്യൂഷന് പകരം പഠനത്തിൽ പിന്നിലാകുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നിന്നു തന്നെ ആവശ്യമായ ക്ലാസുകൾ ഒരുക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.സെക്കൻഡറി, ഹയർ സെക്കൻഡറി ക്ലാസുകളിലെ വിദ്യാർത്ഥികളാണ് സ്വകാര്യ ട്യൂഷനുകളെ ആശ്രയിക്കുന്നവരിൽ ഏറെയും.

അതേസമയം, ഇന്ത്യൻ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് സ്വകാര്യ ട്യൂഷൻ നൽകുന്നതിന് കർശന വിലക്കുണ്ട്. വിദ്യാഭ്യാസ നിയമം ലംഘിച്ച് സ്വകാര്യ ട്യൂഷൻ സെന്ററുകൾ നടത്തുകയോ വീടുകളിൽ വച്ച് ട്യൂഷൻ നൽകുകയോ ചെയ്യരുതെന്ന് ഇന്ത്യൻ സ്‌കൂൾ ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.