ദോഹ: ഖത്തറിൽ ടങ്സ്റ്റൺ ബൾബുകൾ നിരോധിച്ചു. പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു എന്നതിനാലാണ് ബൾബുകളുടെ ശ്രേണിയിൽ തുടക്കക്കാരനായിരുന്ന ടങ്സ്റ്റൺ ബൾബുകൾ രാജ്യത്ത് നിരോധിച്ചിരിക്കുന്നത്.

40, 60 വാട്സുകളുള്ള ബൾബുകൾക്കാണ് നിരോധനം. ഇറക്കുമതി , വിൽപ്പന, പ്രദർശനം എന്നിവ നവംബർ ഒന്ന് മുതൽ നിരോധിക്കുമെന്ന് നേരത്തെ നഗരസഭ പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം പ്രാബല്യത്തിൽ വന്നത്

ഖത്തർ ദേശീയ ദർശന രേഖ 2030 കൈവരിക്കുന്നതിന്റെ ഭാഗമായി ഊർജ, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് നടപടി. രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുക എന്നത് കൂടി പുതിയ നടപടിയിലൂടെ അധികൃർ ലക്ഷ്യം വെക്കുന്നു. കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹാർദപരവുമായ എൽഇഡി ബൾബുകൾ ഉപയോഗിക്കാനും പദ്ധതിയുണ്ട്.

നേരത്തെ 70, 100 വാട്ടുകളുള്ള ടങ്സ്റ്റൺ ബൾബുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുറഞ്ഞ വാട്ട്സുള്ള ബൾബുകൾക്കും ഖത്തറിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.