ടൂണിസ്: ടുണീഷ്യയിലെ മുസ്ലിം സ്ത്രീകൾക്ക് അന്യജാതിയിലുള്ള പുരഷന്മാരെ വിവാഹം കഴിക്കുന്നതിനുള്ള വിലക്ക് സർക്കാർ നീക്കി. കഴിഞ്ഞ 44 വർഷത്തിനുള്ളിൽ ഇതാദ്യമായാണ് സർക്കാർ ഇത്തരത്തിലൊരു ഉത്തരവ് നടപ്പിലാക്കുന്നത്. ഇതോടെ തങ്ങൾക്ക് ഇഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്യാനുള്ള അവസരമാണ് ടുണഷ്യൻ യുവതികൾക്ക് ഒരുങ്ങിയിരിക്കുന്നത്.

നേരത്തെ ഒരു മുസ്ലിം യുവതിക്ക് അന്യജാതിക്കാരനായ ഒരു പുരുഷനെ വിവാഹം കഴിക്കണമെങ്കിൽ അയാൾ ഇസ്ലാംമതം സ്വീകരിക്കണമായിരുന്നു. ഈ വിലക്ക് എടുത്തു മാറ്റി യഥേഷ്ടം വിവാഹം ചെയ്യാനുള്ള അവകാശമാണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത്. 1973 മുതൽ നിലവിലുണ്ടായിരുന്ന നിയമമാണ് ഇപ്പോൾ എടുത്ത് മാറ്റിയിരിക്കുന്നത്.

എന്നാൽ ഇത് അറബ് വസന്തത്തിനുശേഷം 2014 ടുണീഷ്യ സ്വീകരിച്ച ഭരണഘടനയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാറിനോട് ഈ നിരോധനം എടുത്തുമാറ്റാൻ ടുണീഷ്യൻ പ്രസിഡന്റ് ബെജി സെയ്ദ് എസബി ആവശ്യപ്പെടുകയായിരുന്നു. പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കാൻ വനിതാ അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉൾപ്പെട്ട ഒരു കമ്മീഷനേയും അദ്ദേഹം ചുമതലപ്പെടുത്തി.

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള മൗലികമായ മനുഷ്യാവകാശത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലെ മനുഷ്യാവകാശശ സംഘടനകൾ കാമ്പെയ്നുമായി രംഗത്തുവന്നിരുന്നു.