ദോഹ: ദോഹ സൂഖ് വാഖിഫിലെ പുതിയ കാർ പാർക്കിങും കോർണിഷുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ നടപ്പാതയും ഈയാഴ്ച തുറക്കും. 2,000 കാറുകൾക്കു സൗകര്യമുള്ള പാർക്കിങ് സ്ഥലം ഇന്നലെ തുറക്കുമെന്നു റിപോർട്ടുണ്ടായിരുന്നെങ്കിലും പൂർണ സജ്ജമാകാത്തതിനാൽ ഒന്നോ രണേ്ടാ ദിവസം കൂടി വൈകുമെന്നാണു വ്യക്തമാകുന്നത്.

മൂന്നു നിലകളിലായി രണ്ടായിരം കാറുകൾക്കു പാർക്ക് ചെയ്യാൻ സൗകര്യമാണ് സൂഖ് വാഖിഫിലെ ഭൂഗർഭ പാർക്കിങിലുള്ളത്. അമീരി ദിവാനും സൂഖിനുമിടയ്ക്കു പണ്ടു ക്യാപിറ്റൽ പൊലീസ് സ്‌റ്റേഷൻ നിലനിന്ന സ്ഥലത്താണു പാർക്കും പാർക്കിങ്ങും ഒരുങ്ങിയത്. കോർണിഷിന്റെ മനോഹാരിതയോടു ചേർന്നു നിൽക്കും വിധമാണു പാർക്കിങ് കേന്ദ്രത്തിന്റെ ഡിസൈൻ. മുകളിൽ കുട്ടികൾക്കുള്ള കളിസ്ഥലവും ഓപ്പൺ എയർ തിയറ്ററുമായി പാർക്കും താഴെ മൂന്നു നിലകളിലായി വിശാലമായ പാർക്കിങ്ങുമാണുള്ളത്.

വെള്ളിയാഴ്ച ആരംഭിക്കുന്ന വസന്തോൽസവത്തിനു മുമ്പായി പാർക്കിങും ഭൂഗർഭ പാതയും തുറന്നു കൊടുക്കുന്നതിനാണു ദ്രുതഗതിയിൽ പണികൾ പൂർത്തിയാക്കിയത്. അർബകോൺ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ പ്രദേശത്തനുഭവപ്പെടുന്ന ഗതാഗത കരുക്കിനു വലിയൊരളവു വരെ പരിഹാരമേകുന്നതാണു പുതിയ പാർക്കിങ് സ്ഥലം.

പാർക്കിങ് ഗ്രൗണ്ടിന്റെ ആദ്യനില കടൽനിരപ്പിനു സമമാണ്. താഴെയുള്ള രണ്ടു നിലകളും കടൽനിരപ്പിനെക്കാൾ താഴെയാണ്.
കാർ പാർക്ക് ചെയ്തു സൂഖിലേക്കോ പാർക്കിലേക്കോ കോർണിഷിലേക്കോ പോകാൻ ഒട്ടേറെ എലിവേറ്ററുകളും സ്‌റ്റെപ്പുകളും ഒരുക്കിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി 11 ഇടത്തുകൂടി പാർക്കിങ്ങിലേക്കു നടന്നു പ്രവേശിക്കാം. 1.13 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണാണുള്ളത്. മുകളിലെ പാർക്കിൽ കുട്ടികൾക്കുള്ള കളിസ്ഥലത്തിനു പുറമേ റസ്റ്ററന്റ്, ഓപ്പൺ എയർ തിയറ്റർ എന്നിവയുമുണ്ട്.