ലണ്ടൻ: ദൽജിത്ത് കപൂർ(41), ഹർമിത്ത് കപൂർ(42), ദേവീന്ദർ ചാവ്ല(43) എന്നീ ബന്ധുക്കളായ ഇന്ത്യൻവംശജർക്ക് ഇനി യുകെയിലെ ജയിലിൽ കിടന്ന് അഴിയെണ്ണാം. അഫ്ഗാനികളെ സിഖ് തലപ്പാവും ടർബനും കെട്ടിച്ച് ബന്ധുക്കൾ എന്ന വ്യാജേന മറ്റുള്ളവരുടെ പാസ്പോർട്ടിൽ യുകെയിൽ എത്തിച്ച് കോടികൾ കൊയ്തുവെന്ന കുറ്റമാണ് ഇവർ ചെയ്തിരിക്കുന്നത്. 70 നിയമവിരുദ്ധറായ അഫ്ഗാൻ കുടിയേറ്റക്കാരെയാണ് ഇവർ ഇത്തരത്തിൽ യുകെയിലെത്തിച്ചിരിക്കുന്നത്. ബ്രിട്ടീഷ് സിഖുമാരുടെ യഥാർത്ഥ പാസ്പോര്ട്ട് ദുരുപയോഗിച്ചായിരുന്നു ഇവർ ഇത്തരത്തിൽ ആറ് ലക്ഷത്തോളം പൗണ്ട് കരസ്ഥമാക്കിയതെന്ന് കോടതിയിൽ ബോധിപ്പിച്ചിരുന്നു.

ഇത്തരത്തിൽ സിഖ് തലപ്പാവും ടർബനും ധരിച്ച നിയമവിരുദ്ധരായ അഫ്ഗാൻ കുടിയേറ്റക്കാരെ ബ്രിട്ടീഷ് പൗരത്വമുള്ള സിഖുകാരിൽ നിന്നും വേർതിരിച്ചറിയുന്നതിൽ ബോർഡർ ഒഫീഷ്യലുകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇവർ യുകെയിലെത്താനുള്ള സാഹചര്യമുണ്ടായതെന്നും ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. യുകെയിലേക്ക് വരാനായി ഫ്രാൻസിലെത്തിയിരുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഈ സംഘം മോഷ്ടിച്ചെടുത്തതോ അല്ലെങ്കിൽ യഥാർത്ഥത്തിലുള്ളതോ ആയ പാസ്പോർട്ടുകൾ ഫ്രാൻസിൽ കൊണ്ടു പോയി കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്.

ഇത്തരത്തിൽ ഒരിക്കൽ ഒരു പറ്റം അനധികൃത കുടിയേറ്റക്കാർ യുകെയിൽ എത്തിച്ചേർന്നാൽ ഈ തട്ടിപ്പ് സംഘം അവരിൽ നിന്നും പാസ്പോർട്ടുകൾ തിരിച്ച് വാങ്ങുകയും അത് പുതിയവർക്കായി എത്തിച്ച് കൊടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഈ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച ഇവർ ഇതിന് മുമ്പ് ക്ഷമയാചിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ പാസ്പോർട്ട് നൽകുന്നതിനായി ഓരോ കുടുംബത്തിൽ നിന്നും ഇവർ 9000 പൗണ്ടിലധികം വാങ്ങിയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.യുദ്ധവും ഭീകരതയും നിറഞ്ഞ അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ട് എങ്ങനെയെങ്കിലും യുകെയിലെത്താൻ ശ്രമിക്കുന്നവരെയായിരുന്നു ഇവർ വലയിൽ കുടുക്കി ഇത്തരത്തിൽ പാസ്പോർട്ടുകൾ നൽകി വൻ തുക സമ്പാദിച്ച് കൊണ്ടിരുന്നത്.

ഇതിനായി യുകെയിലുള്ള തങ്ങളുടെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പാസ്പോർട്ടുകൾ ഇവർ ദുരുപയോഗപ്പെടുത്തുകയായിരുന്നു. ഇത്തരത്തിലുള്ള അസൈലം സീക്കർമാരുടെ ഒരു കുടുംബത്തെ യാതൊരു വിധത്തിലുമുള്ള തിരിച്ചറിയൽ രേഖകളുമില്ലാതെ ഹീത്രോ വിമാനത്താവളത്തിന് സമീപം കണ്ടെത്തിയിരുന്നു. ഈ സംഘം ഇവരെ ടെർമിനൽ ഒന്നിൽ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് പിന്നീട് വ്യക്തമായിരുന്നത്. ഇത്തരത്തിൽ വൻ തട്ടിപ്പ് നടത്തിയ മൂന്ന് സിഖുകാരെയും ഇന്നലെയാണ് ഇന്നർ ലണ്ടൻ ക്രൗൺ കോടതിയിൽ ന്യൂട്ടൻ ഹിയറിംഗിനായി ഹാജരാക്കിയിരുന്നത്. ഈ തട്ടിപ്പിലൂടെ ഇവർ മൊത്തം 621,000 പൗണ്ട് സമ്പാദിച്ചിരുന്നുവെന്ന് കോടതിക്ക് മുന്നിൽ ബോധിപ്പിച്ചിരുന്നു.

കൃത്യമായി പറഞ്ഞാൽ ഇവർ നടത്തിയ തട്ടിപ്പിലൂടെ 69 പേർ യുകെയിലെത്തിയിരുന്നു. എന്നാൽ 59 പേർ അസൈലം അപേക്ഷ നൽകിയിരുന്നില്ല. പണം സമ്പാദിക്കുകയെന്നത് മാത്രമായിരുന്നു ഈ തട്ടിപ്പ് സംഘത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്നാണ് പ്രോസിക്യൂട്ടറായ അലക്സാണ്ടർ ഫെലിക്സ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട വിചാരണ തുടരുകയാണ്.