വിമാനത്തിൽ സഞ്ചരിക്കുന്ന മിക്കവർക്കും ഇത് ഒരിക്കലെങ്കിലും അപ്രതീക്ഷിതമായി കുലുങ്ങിയ അനുഭവമുണ്ടായിരിക്കും. ഈ അവസരത്തിൽ വിമാനം എന്തോ അപകടത്തിൽ പെടുകയാണെന്നോർത്ത് ചിലർ പേടിച്ച് വിറയ്ക്കാറുമുണ്ട്. 'റ്റർബ്യലൻസ്' എന്നാണീ വിമാനക്കുലുക്കം പൊതുവെ അറിയപ്പെടുന്നത്. റോഡിലുള്ളത് പോലുള്ള കുഴികൾ ആകാശത്തുമുള്ളതുകൊണ്ടാണോ ഇത്തരത്തിൽ വിമാനങ്ങൾ കുലുങ്ങുന്നതെന്ന ചോദ്യവും ഇത്തരം അവസരങ്ങളിൽ ചിലരുടെ മനസിലുയർന്നേക്കാം. യാത്രയ്ക്കിടെ വിമാനം പൊടുന്നനെ കുലുങ്ങാൻ തുടങ്ങിയാൽപേടിക്കേണ്ടതുണ്ടോ? വിമാനങ്ങൾ എയർ ഗട്ടറിൽ വീഴുന്നത് എന്തു കൊണ്ട്?തുടങ്ങിയവയുടെ ഉത്തരം മിക്ക വിമാനയാത്രക്കാർക്കും അറിയില്ലെന്നാണ് ഇത് സംബന്ധിച്ച ചില സർവേകളിലൂടെ വ്യക്തമായിരുന്നത്. അതിനാൽ അവയുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്. 

യഥാർത്ഥത്തിൽ ആകാശത്തിൽ കുഴികളുള്ളതുകൊണ്ടൊന്നുമല്ല വിമാനങ്ങൾ വായുവിന്റെ രണ്ട് മാസുകൾ വ്യത്യസ്തമായ വേഗതയുമായി കൂട്ടി മുട്ടുമ്പോഴാണ് വിമാനം ഇത്തരത്തിൽ കുലുങ്ങാനിടയാകുന്നതെന്നാണ് വിദഗ്ദ്ധർ ഇതിനെ ചുരുക്കി നിർവചിച്ചിരിക്കുന്നത്. ഇത്തരം കുലുക്കങ്ങളെക്കുറിച്ച് കൂടുതലറിയാനായി എക്സ്പ്രസ്.കോ.യുകെ ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായമാരാഞ്ഞിരുന്നു. ഇത്തരം കുലുക്കങ്ങളെ തീരെ ഭയക്കേണ്ട കാര്യമില്ലെന്നാണ് ബ്രിട്ടീഷ് എയർവേസ് കാപ്റ്റനായ സ്റ്റീവ് ആൾറൈറ്റ് പറയുന്നത്. എന്നാൽ മിക്കവരും പൊതുവെ പേടിക്കുന്ന കാര്യമാണ് ഇത്തരം കുലുക്കമെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്.

വിമാനം കുലുങ്ങാൻ പലവിധത്തിലുള്ള കാരണങ്ങളുണ്ടെന്നും എന്നാൽ ഇവയെ എല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പൈലറ്റുമാർക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ആൾറൈറ്റ് പറയുന്നു. ഓരോ കുലുക്കവും എന്ത് കാരണമാണുണ്ടാകുന്നതെന്ന് പൈലറ്റുമാർക്ക് തിരിച്ചറിയാനാവുകയും അതിനനുസരിച്ച് അവയെ കൈകാര്യം ചെയ്യാനും അവർക്ക് സാധിക്കും. വിമാനം ആകാശത്ത് കൂടി സഞ്ചരിക്കുന്നതിനെ ഒരു ബോട്ട് ജലത്തിലൂടെ സഞ്ചരിക്കുന്നതുമായിട്ടാണ് ആൾറൈറ്റ് താരതമ്യപ്പെടുത്തുന്നത്. ജലത്തിന്റെ സ്വഭാവത്തിനനുസരിച്ച് ബോട്ടിന്റെ സഞ്ചാരത്തിലും കുലുക്കത്തിലും വ്യത്യാസമുള്ളത് പോലെ വ്യത്യസ്ത സ്വഭാവമുള്ള വായുവിലേക്ക് മാറുമ്പോൾ വിമാനത്തിന് കുലുക്കമുണ്ടാകുമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസവും ഇത്തരം കുലുക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. ക്ലിയർ എയർ റ്റർബ്യലൻസ് അഥവാ കാറ്റ് ആണ് പൊതുവായി അനുഭവപ്പെടുന്ന കുലുക്കമെന്ന് ആൾറൈറ്റ്സ് പറയുന്നു. ഭൂമിക്ക് ചുറ്റും തുടർച്ചയായി വായുപ്രവാഹമുണ്ടെന്നും അത് കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്നും അതിനനുസരിച്ച് വിമാനങ്ങളുടെ കുലുക്കമുണ്ടാകുകയും ചെയ്യുമെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ജെറ്റ് സ്ട്രീമുകൾ വിമാനങ്ങളുടെ കുലുക്കത്തെ നിർണായകമായി സ്വാധീനിക്കുന്നുണ്ട്. ഇത്തരം കുലുക്കങ്ങളെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നിരിക്കെ അതിന്റെ ആഘാതത്തിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള പ്രതിരോധങ്ങൾ സ്വീകരിക്കുകയേ നിവൃത്തിയുള്ളുവെന്നാണ് ആൾറൈറ്റ്സ് പറയുന്നത്. അതിനായി സീറ്റ് ബെൽറ്റിടാനും ഉത്കണ്ഠയെ അകറ്റാനായി ദീർഘശ്വാസമെടുക്കാനുമാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്.

വിമാനങ്ങൾ ഇത്തരത്തിൽ ആകാശ ഗർത്തങ്ങളിൽ അകപ്പെടുന്നതിന്റെ ഫലമായി ചിലപ്പോൾ ഇതിലുള്ള യാത്രക്കാരും ക്രൂ അംഗങ്ങളും മുകളിലേക്ക് എടുത്തെറിയപ്പെടുകയും സീലിംഗിലിടിച്ചും നിലത്ത് വീണും പരുക്കേറ്റ് ആശുപത്രിയലാകുന്നതിനുള്ള സാധ്യതകളേറെയാണ്. ഇതിനുള്ള ഉദാഹരണങ്ങൾ ഏറെ സമീപകാലത്ത് തന്നെ വിവിധ വിമാനങ്ങളിൽ സംഭവിച്ചിട്ടുമുണ്ട്.