അങ്കാറ: സിറിയയിലും ഇറാനിലും പ്രശ്‌നങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഒരുവർഷം നേരത്തേയാക്കി തുർക്കി. പാർലിമെന്ററി, പ്രസിഡന്റഷ്യൽ തിതരഞ്ഞെടുപ്പുകൾ നേരത്തേ നടത്താനാണ് തീരുമാനം. തുർക്കി പ്രസിഡന്റ് ത്വയിബ് എർദോഗൻ ഇക്കാര്യം പ്രഖ്യാപിച്ചു. അടുത്ത വർഷം നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഈ വരുന്ന ജൂൺ 24ന് തന്നെ നടത്തും. 2019 നവംബറിൽ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. പാർലിമെന്ററി സംവിധാനത്തിൽ നിന്ന് പ്രസിഡൻഷ്യൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തുർക്കിയിൽ ഇനി രാഷ്ട്രപതിക്ക് കൂടുതൽ അധികാരങ്ങൾ ലഭിക്കും.

സിറിയയിലെയും ഇറാനിലെയും അനിശ്ചിതത്വം കാരണം നേരത്തെ തിരഞ്ഞെടുപ്പ് അനിവാര്യമായി എന്നാണ് എർദോഗൻ പറയുന്നത്. രാജ്യം രാഷ്ട്രപതി കേന്ദ്രീകൃത സംവിധാനത്തിലേക്ക് പെട്ടെന്ന് തന്നെ മാറണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി കേന്ദ്രീകൃത സംവിധാനത്തിന് കഴിഞ്ഞ വർഷമാണ് വോട്ടെടുപ്പിലൂടെ രാജ്യത്ത് അനുമതിയായത്. ഇനി വരുന്ന തിരഞ്ഞെടുപ്പിന് ശേഷം അത് പ്രാബല്യത്തിൽവരും.

24ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഇതിന് കമ്മിഷൻ അംഗീകാരം നൽകേണ്ടതുണ്ട്. കമ്മിഷൻ അംഗീകരിച്ചാൽ മാത്രമേ തിയ്യതി അന്തിമമാകൂ. എന്നാൽ ഇത് പരിഗണിക്കാതെ തിരഞ്ഞെടുപ്പിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.