- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു; തുർക്കിയിൽ 337 മുൻ പൈലറ്റുമാർക്ക് ജീവപര്യന്തം തടവുശിക്ഷ
ഇസ്തംബുൾ: തുർക്കിയിൽ 337 മുൻ പൈലറ്റുമാർക്ക് ജീവപര്യന്തം തടവുശിക്ഷ. നാല് വർഷം മുമ്പ് സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിലാണ് കോടതിയുടെ ശിക്ഷാവിധി. 2016ൽ പ്രസിഡന്റ് റെസപ് ത്വയ്യിബ് എർദോഗാനെ അട്ടിമറിക്കാൻ ഇവർ ശ്രമിച്ചെന്നായിരുന്നു കേസ്. കോടതി രേഖകൾ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താഏജൻസിയായ എഎഫ്പിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രാജ്യതലസ്ഥാനമായ അങ്കാറക്ക് സമീപത്തെ എയർബേസിൽ ആരോപിതരായ അഞ്ഞൂറോളം പേർ സർക്കാറിനെ 2016 ജൂലൈ 15ന് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
അന്നത്തെ സൈനിക നടപടിയിൽ 250ഓളം പേർ കൊല്ലപ്പെട്ടു. അട്ടിമറിയുടെ രാത്രിയിൽ തുർക്കിയുടെ അന്നത്തെ സൈനിക മേധാവിയും ഇപ്പോൾ പ്രതിരോധമന്ത്രിയുമായ ഹുലുസി അക്കറും മറ്റ് കമാൻഡർമാരും മണിക്കൂറുകളോളം ബന്ദികളാക്കപ്പെട്ടിരുന്നു.
യുഎസിന്റെ പിന്തുണയോടുകൂടി മുസ്ലിം പണ്ഡിതൻ ഫത്തുള്ള ഗുലെന്റെ നേതൃത്വത്തിൽ അട്ടിമറി ശ്രമം നടന്നെന്നാണ് തുർക്കിയുടെ വാദം. ആയിരക്കണക്കിന് ആളുകളെയാണ് കേസിൽ പ്രതി ചേർത്തത്. മുൻ കമാൻഡർ അകിൻ ഒസ്തുർക്ക് അടക്കമുള്ള അട്ടിമറി ശ്രമത്തിന് നേതൃത്വം നൽകിയെന്നും പാർലമെന്റ് അടക്കമുള്ള സർക്കാർ കെട്ടിടങ്ങളിൽ ബോംബെറിഞ്ഞെന്നും പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. ഗുലെനുമായി ബന്ധപ്പെട്ട 292000 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരുലക്ഷത്തോളം പേരെ ജയിലിലടച്ചു.
മറുനാടന് ഡെസ്ക്