ദോഹ: സൗദി, ബഹ്‌റിൻ, യുഎഇ എന്നീ രാജ്യങ്ങൾ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയെങ്കിലും രാജ്യത്ത് ഭക്ഷ്യക്ഷാമത്തിന് സാധ്യതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് തുർക്കിയിൽ നിന്നും മറ്റും ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി തുടങ്ങി. രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ ടർക്കിഷ് കോഴിയും മറ്റു പാലുത്പന്നങ്ങളും ഇടംപിടിച്ചതോടെ ഈ വസ്തുക്കൾക്കായി സൗദിയെ ആശ്രയിക്കേണ്ടി വരും എന്ന ആശങ്കയും ഒഴിഞ്ഞു. തുർക്കിയിൽ നിന്നുള്ള പാൽ, തൈര്, പോൾട്രി ഉത്പന്നങ്ങൾ, ജൂസുകൾ എന്നിവ ഷെൽഫുകളിൽ സ്ഥാനം പിടിച്ചു.

ഖത്തറിൽ വ്യാപകമായിരുന്ന സൗദിയിൽ നിന്നുള്ള അൽമറായി ഉത്പന്നങ്ങൾക്കു പകരം തുർക്കിയിൽ നിന്നുള്ള ഉത്പന്നങ്ങൾ എത്തിയതോടെ അവയ്ക്ക് വൻ സ്വീകരണമാണ് ലഭിക്കുന്നത്. തുർക്കിയിൽ നിന്നുള്ള പശുവിൻ പാൽ ഗുണമേന്മ മൂലം വിപണിയിൽ തരംഗമായതായാണ് റിപ്പോർട്ട്. അൽമറായി പാലിന്റെ ലക്ഷക്കണക്കിന് ലിറ്ററുകളാണ് ഖത്തറിൽ വിറ്റുപോയ്‌ക്കൊണ്ടിരുന്നത്. അൽമറായി പാലിനെക്കാൾ വിലക്കുറവാണ് തുർക്കിയിൽ നിന്നുള്ള പാലിന് എന്നതും മറ്റൊരു മെച്ചമാണ്.