നിയും ശരീരം വേദനയും വന്നാൽ നാമെല്ലാവരും തേടിപ്പോവുക പാരസെറ്റാമോളും ഇബുപ്രൂഫനുമായിരിക്കും. എന്നാൽ, ഈ വേദനാസംഹാരികളെക്കാൾ നൂറുമടങ്ങ് കേമനാണ് നമ്മുടെ സാധാരണ മഞ്ഞൾ എന്നറിയാമോ? നാട്ടുവൈദ്യന്മാരും ആയുർവേദക്കാരും മഞ്ഞളിന്റെ ഗുണഗണങ്ങൾ എത്ര പറഞ്ഞാലും അംഗീകരിച്ചുകൊടുക്കാത്ത നാം ഇനി അത് പതുക്കെ അംഗീകരിച്ചുതുടങ്ങും. കാരണം, അത് പാശ്ചാത്യ ശാസ്ത്രലോകവും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.

കായിക രംഗത്തുണ്ടാകുന്ന പരിക്കുകൾ പോലും ഭേദപ്പെടുത്താൻ മഞ്ഞൾ ഉത്തമമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പാരസെറ്റാമോളിനെയും ഇബുപ്രൂഫനെയും പോലുള്ള മരുന്നുകളുടെ അതേ ഗുണം തന്നെ മഞ്ഞളിൽനിന്നും ലഭിക്കുന്നുണ്ട്. എന്നാൽ, പാർശ്വഫലങ്ങളില്ലെന്നത് മഞ്ഞളിനെ ദിവ്യൗഷധമാക്കുന്നുവെന്ന് ഇറ്റലിയിലെ മിലാനിലുള്ള വെലേയ റിസർച്ച് എന്ന മരുന്നുകമ്പനിയിലെ ഡോ. ഫ്രാൻസെസ്‌കോ ഡി പിയറോ പറയുന്നു.

റഗ്‌ബി പോലെ ക്ലേശകരമായ കളിക്കിടെയേറ്റ പരിക്കിന് മഞ്ഞൾ ചികിത്സ നടത്തി ഫലവത്താണെന്ന് തെളിയിച്ചുകൊണ്ടാണ് ഫ്രാൻസെസ്‌കോ ഈ കണ്ടെത്തൽ നടത്തിയത്. കളിക്കിടെ വീഴ്ചയിലും മറ്റും പേശികൾക്കുണ്ടാകുന്ന ക്ഷതം ചികിത്സിക്കുന്നതിന് മഞ്ഞൾ അത്യുത്തമമാണെന്ന് അദ്ദേഹം പറയുന്നു. വാതരോഗികൾക്കും നിലവിലെ ചികിത്സയിലുണ്ടാകുന്ന കുഴപ്പങ്ങളില്ലാതെ ചികിത്സിക്കുന്നതിന് മഞ്ഞൾ ഗുണകരമാകുമെന്നാണ് അവരുടെ വിലയിരുത്തൽ.

ഓസ്‌റ്റോപോറോസിസ് തടയുന്നതിന് മഞ്ഞൾ മികച്ചതാണെന്ന് കഴിഞ്ഞ വർഷം മേയിൽ പുറത്തുവന്ന ഗവേഷണത്തിൽ തെളിഞ്ഞിരുന്നു. പ്രായാധിക്യം കൊണ്ടുണ്ടാകുന്ന അസ്ഥിക്ഷയം പരിഹരിക്കുന്നതിന് മഞ്ഞൾ ഗുണകരമാണെന്ന് ഗെനോവ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്. മഞ്ഞൾ കൊണ്ടുള്ള മരുന്ന് ആറുമാസം ഉപയോഗിച്ചാൽ എല്ലുകളുടെ സാന്ദ്രത ഏഴ് ശതമാനം വരെ കൂടുന്നുണ്ടെന്നായിരുന്നു അവരുടെ കണ്ടെത്തൽ.

മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകമാണ് അതിനെ ഔഷധമാക്കി മാറുന്നത്. ഇതിന് പാരസെറ്റാമോളിനെയോ മറ്റ് വേദനാ സംഹാരികളെയോ പോലെ പാർശ്വഫലങ്ങളൊന്നുമില്ല. വേദനാസംഹാരികൾ കഴിച്ചാലുണ്ടാകുന്ന ഗ്യാസ്‌ട്രോ പ്രശ്‌നങ്ങളൊന്നും മഞ്ഞളിന്റെ ഉപയോഗത്തിലൂടെ വരുന്നില്ലെന്നും ഗവേഷകർ കണ്ടെത്തി. മാത്രമല്ല, പേശീക്ഷതവും മറ്റും പെട്ടെന്ന് പരിഹരിക്കാനും സാധിക്കുന്നുണ്ടെന്നും മുൻ ലണ്ടൻ-സ്‌കോട്ടിങ് റഗ്‌ബി ക്ലബ് താരം ആൻഗസ് സ്റ്റിവാർട്ടിനെ കേന്ദ്രീകരിച്ച് നടത്തിയ പഠത്തിൽ ഗവേഷകർ കണ്ടെത്തി.