ന്ത്യൻ ഭക്ഷണത്തിന്റെ എരിവും പുളിയുമാണ് അതിനെ ലോകപ്രശസ്തമാക്കുന്നത്. സ്‌പൈസി ഇന്ത്യൻ ഭക്ഷണം പാശ്ചാത്യലോകത്തെ ആകർഷിക്കുന്നത് അതിന്റെ വേറിട്ട രുചികൊണ്ടുതന്നെ. എന്നാൽ, വെറും രുചി മാത്രമല്ല, ഇന്ത്യൻ ഭക്ഷണം ആരോഗ്യത്തനും ഗുണകരമാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. കറികളിലെ പ്രധാന ചേരുവകളിലൊന്നായ മഞ്ഞപ്പൊടിയിൽ അടങ്ങിയിരിക്കുന്ന പദാർഥങ്ങളിലൊന്ന് ഡിമെൻഷ്യയെ തടയുന്നതിൽ ഫലപ്രദമാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ പിടിപെട്ടവരുടെ തലച്ചോറിലെ കേടായ കോശങ്ങൾ നന്നാക്കുന്നതിന് മഞ്ഞൾപ്പൊടിയിൽ അടങ്ങിയിരിക്കുന്ന ടർമെറോൺ സഹായിക്കുമെന്ന് ജർമനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസ് ആൻഡ് മെഡിസിനിലെ ഗവേഷകർ കണ്ടെത്തി. ഡോ. ആഡ്ൽ റ്യൂഗറുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. തലച്ചോറിലെ സ്റ്റെം സെല്ലുകളെ ന്യൂറോണുകളാക്കി മാറ്റാൻ സഹായിക്കുന്നതാണ് ടർമെറോണെന്ന് ഗവേഷകർ പറയുന്നു. ഇത് അൽഷെയ്‌മേഴ്‌സുൾപ്പെടെയുള്ള രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിൽ നിർണായകമായ കാൽവെയ്പാണ്.

പ്രായപൂർത്തിയായ ആളുകളുടെ തലച്ചോറിൽ കാണപ്പെടുന്ന ന്യൂട്രൽ സ്റ്റെം സെല്ലുകളുമായി ടർമറോൺ എങ്ങനെ പ്രവർത്തിക്കുമെന്നാണ് ഗവേഷകർ പരിശോധിച്ചത്. ഈ കോശങ്ങൾ ന്യൂറോണുകളായി മാറുന്നതിനും കേടപാടുകൾ പരിഹരിക്കുന്നതിനും അത് സഹായകരമാകുമെന്ന് കണ്ടെത്തി. ന്യൂട്രോണുകളിലേക്കുള്ള രൂപാന്തരത്തെ 80 ശതമാനത്തോളം വേഗത്തിലാക്കാൻ അത് വഴിയൊരുക്കുന്നുണ്ടെന്നാണ് അവരുടെ കണ്ടെത്തൽ.

എലികളിൽ നടത്തിയ പരിശോധനയിലും ഇത് തെളിയിക്കപ്പെട്ടു. ടർമറോൺ കുത്തിവച്ച എലികള്ളുടെ തലച്ചോറിൽ സബ്‌വെന്റിക്കുലാർ സോണിന്റെയും ഹിപ്പോകാമ്പസിന്റെയും വികാസത്തിന് അത് കാരണമാകുന്നുണ്ടെന്ന് ഗവേഷകർ മനസ്സിലാക്കി. ഈ കണ്ടെത്തലുകൾ സ്റ്റെം സെൽ റിസർച്ച് ആൻഡ് തെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.