ഹൈദരാബാദ്: 16 കാരിയെ 65കാരനായ ഒമാനി ഷെയ്ഖിന് 5ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ വഴിത്തിരിവ്. ഒമാനിലേക്ക് പെൺകുട്ടിയുമായി കടന്ന ഷെയ്ഖ് അവിടെയെത്തിയപാടേ ശാരീരികപീഡനം തുടങ്ങിയെന്നാണ് പരാതി.കടുത്ത ശാരീരിക പീഡനമാണ് നേരിടുന്നതെന്നും തന്നെ രക്ഷിച്ചില്ലെങ്കിൽ താൻ ഇവിടെക്കിടന്ന് മരിക്കുമെന്ന് പെൺകുട്ടി ഫോൺ ചെയ്തതായി മാതാവ് സെയ്ദാ ഉന്നിസ പറഞ്ഞു. മൂന്ന് മാസം മുമ്പ് ഭർത്തൃസഹോദരിയും ഭർത്താവും ചേർന്ന് കൗമാരക്കാരിയായ മകളെ പടു വയോധികനായ ഷെയ്ഖിന് വിറ്റെന്ന് കാണിച്ച് മാതാവ് കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയത്. അഞ്ചു ലക്ഷം രൂപയ്ക്ക് മകളെ ഒമാനി സ്വദേശിക്ക് വിവാഹം കഴിച്ചു കൊടുത്തെന്ന് ആയിരുന്നു ആരോപണം.

തുടർന്ന് മകളുമായി ഷെയ്ക്ക് ഒമാനിലേക്ക് കടന്നെന്നും മകളെ തിരിച്ച് കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പരാതിയിൽ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയെ തിരിച്ചു കൊടുക്കുന്നതിന് ഷെയ്ക്ക് അഞ്ചു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.അറബി ഭർത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുന്നെന്ന് മകൾ അടുത്തിടെ വിളിച്ചു പറഞ്ഞതായും ഇവർ പരാതിയിൽ പറയുന്നു.ഇന്ത്യയിലേക്ക് തിരിച്ചു പോരാൻ ആഗ്രഹിക്കുന്ന പെൺകുട്ടി തന്നെ രക്ഷിച്ച് ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയില്ലെങ്കിൽ താൻ മരിച്ചുപോകുമെന്ന് പറഞ്ഞ് മാതാപിതാക്കൾക്ക് ഫോൺ സന്ദേശം അയച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.

റംസാൻ ആഘോഷത്തിനായി ഹൈദരാബാദിൽ എത്തിയ ഭർത്തൃസഹോദരി ഗൗസിയയും ഭർത്താവ് സിക്കന്ദറും മകളെ കൊണ്ടുപോകുകയും ഷെയ്ഖുമായി മകളുടെ വിവാഹം നടത്തിയതെന്നുമാണ് ആരോപണം.ഷെയ്ഖിനെ വിവാഹം കഴിച്ചാൽ കിട്ടുന്ന ആഡംബര ജീവിതത്തിന്റെ വീഡിയോകൾ കാണിച്ചാണ് സിക്കന്ദർ  മകളുടെ വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം നാലുദിവസം കൗമാരക്കാരിയായ ഭാര്യയുമായി ഒമാൻ പൗരൻ നഗരത്തിലെ ഹോട്ടലിൽ കഴിയുകയും അതിന് ശേഷം തീഗൽകുണ്ടയിലെ സിക്കന്ദറിന്റെ വീട്ടിലേക്ക് പോകുകയും പിന്നീട് ഇന്ത്യ വിടുകയും ചെയ്തു. കിട്ടിയ ചുരുങ്ങിയ സമയത്തിനകത്ത് സിക്കന്ദർ ഒമാനിലേക്ക് പോകാനുള്ള പെൺകുട്ടിയുടെ പാസ്പോർട്ടും മറ്റ് രേഖകളും ശരിയാക്കുകയും ചെയ്തു.

മകളെ കാണാതായതോടെ ഉന്നീസ പലതവണ സിക്കന്ദറിന്റെ വീട്ടിൽ ചെന്നെങ്കിലും ഫലം കാണാതെ വന്നതോടെയാണ് അന്വേഷിച്ച് വിവരം അറിഞ്ഞത്. മകളെ തിരിച്ചു നൽകാൻ സിക്കന്ദറിനോട് ആവശ്യപ്പെട്ടപ്പോൾ അയാൾ ഭീഷണിപ്പെടുത്തിയെന്നും ഇവർ പരാതിയിൽ പറയുന്നു. കുറ്റവാളികളെ എത്രയും വേഗം പിടിച്ച് മകളെ സുരക്ഷിതമായി മടക്കിക്കിട്ടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

പെൺകുട്ടിയും ഒമാൻ സ്വദേശിയും തമ്മിലുള്ള വിവാഹം നടന്നപ്പോഴത്തെ ചിത്രങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. മകളോട് സംസാരിച്ചപ്പോഴെല്ലാം അവൾ കരയുകയായിരുന്നെന്നും ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നത്.