ഡമാസ്‌കസ്: ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലെന്നാണ് ഇന്ധങ്ങളുടെ ലഭ്യതക്കുറവ്. പെട്രോളിയം ഉല്പന്നങ്ങൾ അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വിവിധ രാജ്യങ്ങളിലെ സർക്കാർ തന്നെ പ്രചരണം നടത്തുന്നുണ്ട്.

എന്നാൽ ഇന്ധനങ്ങൾ തീർന്നുപോകുമെന്ന ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് ഒരു കണ്ടുപിടുത്തം. അതും യുദ്ധം തകർത്ത സിറിയയിലെ ഒരു സാധാരണക്കാരൻ. പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന് ഇന്ധനം ഉൽപാദിപ്പിക്കാനുള്ള വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് സിറിയയിൽ നിർമ്മാണരംഗത്ത് ജോലി ചെയ്യുന്ന അബു കസം എന്ന യുവാവ്.

പ്ലാസ്റ്റിക് മാലിന്യം ഉയർന്ന ഊഷ്മാവിൽ ചൂടാക്കി, അതിൽനിന്ന് പ്രത്യേക രീതിയിൽ ഇന്ധനം വേർതിരിച്ചെടുക്കുന്ന രീതിയാണ് അബു വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്റർനെറ്റിൽനിന്നുള്ള വീഡിയോകളും മറ്റു വിവരങ്ങളും ഉപയോഗപ്പെടുത്തി നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ, പ്ലാസ്റ്റിക്കിൽനിന്ന് ഇന്ധനം രൂപപ്പെടുത്തുന്നതിൽ യുവാവ് വിജയിക്കുകതന്നെ ചെയ്തു.

കുടുംബാംഗങ്ങൾ പലയിടങ്ങളിൻനിന്നായി പെറുക്കിക്കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് വീട്ടുപകരണങ്ങൾ, പഴയ പൈപ്പുകൾ, തകർന്ന കെട്ടിടങ്ങളിൽന്നുള്ള പാറക്കഷ്ണങ്ങൾ ഇങ്ങനെ പലതും വാതക, ദ്രാവക രൂപത്തിലുള്ള ഇന്ധനം നിർമ്മിക്കാൻ ഉപയോഗിച്ചുതുടങ്ങി. പ്ലാസ്റ്റിക് ഉയർന്ന ഊഷ്മാവിൽ ചൂടാക്കി, ചില പ്രത്യേക പ്രക്രിയകളിലൂടെയാണ് ഇന്ധനം വേർതിരിച്ചെടുക്കുന്നത്.

മൂന്നര വർഷത്തോളമായി അബു കസം തന്റെ മൂന്നു മക്കൾക്കും ചില ബന്ധുക്കൾക്കുമൊപ്പം തന്റെ ഫാക്ടറിയിൽ പ്ലാസ്റ്റിക്കിൽനിന്ന് ഇന്ധനമുണ്ടാക്കുന്ന ജോലി ചെയ്തുവരികയാണ്. ഗൗട്ട ജില്ലയിലെ ഡൂമയിലാണ് അബുവിന്റെ ഫാക്ടറി പ്രവർത്തിക്കുന്നത്. ഇപ്പോൾ 800 മുതൽ 1000 കിലോ പ്ലാസ്റ്റിക് വരെ ഒരു ദിവസം ഇവിടെ സംസ്‌കരിച്ച് ഇന്ധനമുണ്ടാക്കുന്നുണ്ട്. 100 കിലോ പ്ലാസ്റ്റിക്കിൽനിന്ന് ഏകദേശം 85 ലിറ്റർ പെട്രോൾ ഉണ്ടാക്കാമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ അബുവിന്റെ കണ്ടുപിടുത്തം വാർത്തയാക്കിയതോടെ യുദ്ധം തകർത്ത ഗൗട്ടയിലെ താരമായിരിക്കുകയാണ് അബു. ബിസിസി അടക്കമുള്ള മാധ്യമങ്ങൾ അബുവിന്റെ അഭിമുഖം സംപ്രേഷം ചെയ്തുകഴിഞ്ഞു. അബു കസമിന്റെ വർക്ഷോപ്പ് ദിവസത്തിൽ 15 മണിക്കൂറും ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തിക്കുന്നു. കഠിനമായ ജോലിയാണ് ഇവിടെ ചെയ്യേണ്ടിവരുന്നതെന്ന് അബു കസമിന്റെ മകൻ അബു ഫഹദ് പറയുന്നു. വളരെ അപകടകരവും വളരെയേറെ ശ്രദ്ധ ആവശ്യമുള്ളതുമായ ജോലിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.