കൂറ്റൻ പാറക്കഷ്ണമാണ് അതെന്നേ ഒറ്റനോട്ടത്തിൽതോന്നൂ. ഏഴടിയോളം നീളവും 680 കിലോ ഭാരവുമുള്ള കൂറ്റൻ കടലാമയെ ട്രക്കിലേക്ക് മാറ്റാൻ ഹിറ്റാച്ചി തന്നെ കൊണ്ടുവരേണ്ടിവന്നു. ബാഴ്‌സലോണയിലെ കലേയയിയിലാണ് ചത്ത നിലയിൽ ഇതിനെ കണ്ടെത്തിയത്. ആമയെക്കാണാൻ സന്ദർശകരേറിയതോടെ, അധികൃതർ ഇതിനെ ട്രക്കിൽക്കയറ്റി മറ്റൊരിടത്തേക്ക് മാറ്റി.

ലെതർബാക്ക് ടർട്ടിൽ ഇനത്തിൽപ്പെട്ടതാണ് ഈ ആമ. സാധാരണ ആമകൾക്ക് കട്ടിയുള്ള പുറംതോടാണെങ്കിൽ, ലെതർബാക്ക് ഇനത്തിൽപ്പെട്ടവയ്ത്ത് തോലിന് സമാനമായ പുറംതോടാണുള്ളത്. കടലാമ വിഭാഗത്തിൽ ഏറ്റവും വലിയ ആമകളാണിവ. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളിലൂടെ യാത്ര ചെയ്യുന്ന ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന കടൽജീവികളിലൊന്നാണ്.

പസഫിക്കിലെ ലെതർബാക്കുകൾ കോറൽ ട്രയാംഗിളിൽനിന്ന് കാലിഫോർണിയ ബീച്ചുവരെ സഞ്ചരിക്കാറുണ്ട്. എല്ലാ വേനലിലുമാണ് ഇവയുടെ കൂടുമാറ്റം. വളരെ വിസ്തൃതമായ മേഖലയിൽ കാണപ്പെടുന്നുണ്ടെങ്കിലും ലെതർബാക്കുകൾ എണ്ണത്തിൽ വളരെ കുറവാണ്. ഇതിന്റെ മുട്ട വൻതോതിൽ ശേഖരിക്കപ്പെടുന്നതുകൊണ്ടും ഇതിനെ വേട്ടയാടുന്നതുകൊണ്ടുമാണ് വംശനാശ ഭീഷണി നേരിടുന്നത്.

ആഗോളതലത്തിൽ ഇവയുടെ എ്ണ്ണം വളരെക്കുറവാണ്. ചില ഉപവിഭാഗങ്ങൾ വംശനാശ ഭീഷണിയിലും. പസഫിക്, സൗത്ത് വെസ്റ്റ് അറ്റ്‌ലാന്റിക് ലെതർബാക്കുകളാണ് വിരലിലെണ്ണാവുന്നവ മാത്രമായി ചുരുങ്ങിയത്. വലിപ്പംകൊണ്ടാണ് ഇവ ശ്രദ്ധേയമായത്. അഞ്ചരയടിയോളം ശരാശരി വലിപ്പമുണ്ടാകുന്ന ലെതർബാക്കുകൾ ഏഴരയടിയോളം നീളംവെക്കാറുണ്ട്.