- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിട തർക്കം നോൺഹലാൽ വിവാദമാക്കിയ കുരുട്ടുബുദ്ധി; ജിഹാദി ആക്രമണമെന്ന് കള്ളക്കഥ മെനഞ്ഞ് കഫേ ഉടമകളെ തല്ലിച്ചതച്ചു; വ്യാജ വാർത്ത പ്രചരിപ്പിച്ച് സാമുദായിക സ്പർദ്ധ ഉണ്ടാക്കാനും ശ്രമം; കൊച്ചിയിൽ നന്ദൂസ് കിച്ചൺ ഉടമ തുഷാര അജിത്തും രണ്ടുകൂട്ടാളികളും പിടിയിൽ
കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം നന്ദൂസ് കിച്ചൺ നടത്തുന്ന തുഷാര അജിത്തിനെ ആക്രമിച്ചെന്ന വാർത്ത കള്ളപ്രചാരണമെന്ന് വ്യക്തമായിരുന്നു. ഹോട്ടലിനു മുന്നിൽ നോൺ ഹലാൽ ബോർഡ് വച്ചതിന് ആക്രമിക്കപ്പെട്ടെന്നു കള്ളക്കഥയുണ്ടാക്കിയ തുഷാരയും രണ്ടു കൂട്ടാളികളും അറസ്റ്റിലായി. കഫേ ഉടമകളെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
ഫുഡ്പാർക്കിൽ തന്റെ സമീപത്തെ റെസ്റ്റോറന്റ് ഉടമകൾ നോൺഹലാൽ ബോർഡ് വച്ചതിന്റെ പേരിൽ ആക്രമിച്ചു എന്നായിരുന്നു തുഷാര അജിത്തിന്റെ പ്രചാരണം. തുഷാര അജിത്ത് ആക്രമിക്കപ്പെട്ടെന്ന വ്യാജവാർത്ത സോഷ്യൽമീഡിയയിലും പങ്കുവച്ചു. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ തുഷാരയെയും കൂട്ടാളികളായ ആൽബിൻ ആന്റണി, വിഷ്ണു ശിവദാസ് എന്നിവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നോൺ ഹലാൽ ബോർഡ് വച്ചതിനു മർദനമേറ്റെന്നു കഥയുണ്ടാക്കിയ തുഷാരയ്ക്കെതിരെ സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
പാലാരിവട്ടത്ത് നോൺ ഹലാൽ ഫുഡ് ബോർഡ് വെച്ച് നന്ദൂസ് കിച്ചൺ എന്ന റെസ്റ്റോറന്റ് നടത്തുന്ന തുഷാരയും ഭർത്താവ് അജിത്തും കാക്കനാട് പുതിയ കട നടത്താനുള്ള ശ്രമത്തിലായിരുന്നു. ഇവിടെ കഫേ നടത്തുന്ന ബിനോജ്, നകുൽ എന്നിവരുമായുള്ള തർക്കത്തെത്തുടർന്ന് ഇരുവരെയും മർദിച്ചെന്നാണ് കേസ്. ബേൽപ്പുരി വിൽപ്പന നടത്തുന്ന സ്റ്റാൾ തുഷാരയും സംഘവും എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
സംഭവത്തെത്തുടർന്ന് തുഷാര ഫേസ്ബുക്ക് ലൈവിലെത്തി. തന്നെ കച്ചവടം നടത്താൻ അനുവദിക്കുന്നില്ലെന്നും ജിഹാദികൾ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചു. ഇതോടെ സംഘപരിവാർ സംഘടനകൾ വിഷയം ഏറ്റെടുത്തു. നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് തുഷാരക്ക് മർദനം എന്ന രീതിയിൽ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി.
എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നും കെട്ടിടവുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിലെത്തിയതാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
സംഭവം ഇങ്ങനെ
ഇൻഫോപാർക്കിന് സമീപത്താണ് സംഭവമുണ്ടായത്. ചിൽസേ ഫുഡ് സ്പോട്ട് എന്ന ഫുഡ് കോർട്ടിൽ കട നടത്തുന്ന നകുൽ, സുഹൃത്ത് ബിനോജ് ജോർജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചത്. ഫുഡ് കോർട്ടിൽ ബോംബേ ചാട്ട്, ബേൽപൂരി എന്നിവ വിൽക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാൾ തുഷാരയും സംഘവും പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും ബിനോജ് ജോർജിനെയും ഇവർ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
വെട്ടേറ്റ ബിനോജ് ശസ്ത്രക്രിയയെ തുടർന്ന് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഫുഡ് കോർട്ടിലെ കടയിൽ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാര ആക്രമണം നടത്തിയത്. എന്നാൽ, ഫുഡ് കോർട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകൾ നിലവിലുണ്ടെന്നും വിശദമായ അന്വേഷണത്തിനൊടുവിൽ പൊലീസ് കണ്ടെത്തി.
നോൺ ഹലാൽ ബോർഡ് വച്ചതിന് യുവാക്കൾ തന്നെ ആക്രമിച്ചെന്നായിരുന്നു തുഷാര ആദ്യം സോഷ്യൽമീഡിയയിലൂടെ പ്രചരിപിച്ചത്. വിശദമായ അന്വേഷണത്തിൽ ഇത് വ്യാജപ്രചരണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ച സംഭവം മറച്ചുവച്ചായിരുന്നു തുഷാരയുടെ വാദങ്ങൾ. തുഷാരയുടെ വാദങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിരുന്നു.




