ആലപ്പുഴ: ഫേസ്‌ബുക്കിൽ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരേ പരാതിയുമായി ആലപ്പുഴ ജില്ലാ കലക്ടർ ടി.വി അനുപമ. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ഇത്തരം പേജുകൾ സൃഷ്ടിച്ചതെന്ന് ആരോപിച്ച് കലക്ടർ ഫേസ്‌ബുക്ക് അധികൃതർക്ക് പരാതി നലകി. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്യക്തിയാണ് അനുപമ. ഇത് ഉപയോഗിക്കാനാണ് വ്യാജ ഫെയ്‌സ് ബുക്ക് പേജുകൾ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം.

ഔദ്യോഗിക പരിപാടികളുടെ ചിത്രങ്ങളടക്കം വ്യാജ പേജുകളിലുണ്ട്. 18000 മുതൽ 77000 പേര് വരെ ലൈക്ക് ചെയ്തിട്ടുള്ള മൂന്ന് വ്യാജ അക്കൗണ്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഡിസ്ട്രിക്ട് കലക്ടർ ആലപ്പുഴ എന്നതാണ് ഔദ്യോഗിക പേജെന്നും മറ്റ് പേജുകളൊന്നും തനിക്കില്ലെന്നും കലക്ടർ അനുപമ പറഞ്ഞു. വ്യാജ പേജുകൾക്കെതിരെ നിയമനടപടിയെടുക്കുന്നതും കളക്ടറുടെ പരിഗണനയിലുണ്ട്. തോമസ് ചാണ്ടിക്കെതിരായ കൈയേറ്റ വിഷയത്തിലെ റിപ്പോർട്ട് അനുപമയെ കൂടുതൽ ശ്രദ്ധേയയാക്കിയിരുന്നു.

ഭക്ഷ്യസുരക്ഷ കൺട്രോളറായിരിക്കെയാണ് അനുപമ സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായത്. വൻകിട ബ്രാൻഡുകളുടെ ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള അനുപമയുടെ നീക്കങ്ങളെ സോഷ്യൽ മീഡിയ ഒന്നടങ്കം പിന്തുണച്ചിരുന്നു.