കൊച്ചി: കേരളത്തിലെ വ്യവസായികളുടെ സമിതിയായ ചേംബർ ഓഫ് കോമേഴ്‌സിന്റെ ആഭ്യമുഖ്യത്തിൽ നടത്തുന്ന ടിവി ന്യൂ ചാനലിൽ തൊഴിൽ പീഡനം മൂർധന്യാവസ്ഥയിൽ. ചാനലിലെ രണ്ടു പ്രമുഖ മാദ്ധ്യമപ്രവർത്തകർക്കു ശമ്പളം വെട്ടിക്കുറച്ചുകൊണ്ടു ഡൽഹിയിലേക്കു സ്ഥലം മാറ്റം നൽകി. എന്നാൽ ഡൽഹിയിലേക്കു സ്ഥലംമാറ്റം ലേബർ കമ്മിഷൻ ഇടപെട്ടു മരവിപ്പിച്ചു.

അതേസമയം, തർക്കം നിലനിൽക്കുന്നതിനിടയിലും പ്രതികാര നടപടികൾ സ്വീകരിക്കുന്നതിനാൽ സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ താൽപര്യമുണ്ടോയെന്ന് ഈ മാസം പതിനേഴിനു മുമ്പ് അറിയിക്കാൻ തൊഴിൽവകുപ്പ് ചാനൽ അധികാരികൾക്ക് അന്ത്യശാസനം നൽകി. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ചീഫ് സബ് എഡിറ്ററായ ഗോപകുമാറിനെയും തിരുവനന്തപുരം ബ്യൂറോയിൽ ഒന്നാം ഗ്രേഡ് ഡെപ്യുട്ടി ന്യൂസ് എഡിറ്ററായ സിജു വി മധുവിനെയും ഡൽഹി ബ്യൂറോയിലേക്കു സ്ഥലം മാറ്റിയത്. ഇരുവരുടെയും ശമ്പളം ഇരുപതു ശതമാനം വെട്ടിക്കുറയ്ക്കുന്നതായും സ്ഥലംമാറ്റ ഉത്തരവിൽ പറയുന്നു.

അതേസമയം, മെട്രോ നഗരങ്ങളിലേക്കു നിയോഗിക്കുമ്പോൾ നൽകേണ്ട അലവൻസിനെക്കുറിച്ചു പരാമർശവുമില്ല. കേരള പത്രപ്രവർത്തക യൂണിയൻ നേതാവു കൂടിയാണ് ഗോപകുമാർ. മുമ്പു ചാനലിൽ തൊഴിലാളികൾ സമരം നടത്തിയപ്പോൾ നേതൃസ്ഥാനത്തുണ്ടായിരുന്ന ഒരാൾ ഗോപകുമാറായിരുന്നു. കൊച്ചി റീജണൽ ചീഫായിരുന്ന ഗോപകുമാറിനെ സമരം കഴിഞ്ഞയുടൻ ബ്യൂറോയിൽനിന്നു മാറ്റി ഓൺലൈൻ എഡിഷന്റെ ചുമതലയേൽപിച്ചിരുന്നു. പിന്നീട് ചിഫ് ന്യൂസ് കെ.പി അഭിലാഷ് ഗോപകുമാറിനെ ചാനലിന്റെ ഡെസ്‌കിലേക്ക് മാറ്റി . സിജു വി മധുവിനെയും പി.ആർ പ്രവീണി നെയും കൊച്ചിയിലേക്ക് സ്ഥലം മാറ്റാൻ നീക്കം നടന്നിരുന്നു. എന്നാൽ വാടക ഉൾപടെയുള്ള കുടിശിക നൽകാത്തതിനെ തുടർന്ന് ഡൽഹി ബ്യുറോ ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുകയാണെന്നുള്ളതാണ് കൗതുകം.

മൂന്നു മാസമായി ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്. പലരും സ്ഥാപനം വിട്ടുപോവുകയും ചെയ്തു. ചിലരോട് സ്ഥാപനത്തിൽനിന്നു വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഉള്ള ജീവനക്കാരെക്കൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാമെന്നും സീനിയറായ മാദ്ധ്യമപ്രവർത്തകരെ പുറത്താക്കിയാലും കുഴപ്പമില്ലെന്നും അസോസിയേറ്റഡ് എഡിറ്റർ എം ജെ ലോറൻസ് നൽകിയ വാക്കിന്റെ പുറത്താണ് ഇപ്പോൾ പലർക്കെതിരെയും നടപടിയെടുക്കുന്നതാണെന്നാണ് അറിയുന്നത്.

നേരത്തെ, ചാനലിന്റെ സിഇഒ ആയിരുന്ന ഭഗത് ചന്ദ്രശേഖറിന്റെയും മറ്റു മുതിർന്ന മാദ്ധ്യമപ്രവർത്തകരിൽ പലരുടെയും രാജിക്കു പിന്നിലും എം ജെ ലോറൻസിന്റെ പീഡനമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എം ജെ ലോറൻസ് ചുമതലയേറ്റതിനു പിന്നാലെ മുതിർന്ന മാദ്ധ്യമപ്രവർത്തകരായ പി ടി നാസറും എ കെ അനുരാജും സ്ഥാപനം വിട്ടിരുന്നു. അതിനു ശേഷം നിരവധി പേരാണ് എം ജെ ലോറൻസിന്റെ നിലപാടുകളോടു വിയോജിച്ചു ടിവി ന്യൂ വിട്ടത്. സ്ഥാപനം വിട്ടുപോയ ചിലർക്കു നൽകാനുള്ള ശമ്പളക്കുടിശിക നൽകരുതെന്നു മാനേജ്മന്റിനോട് ആവശ്യപ്പെട്ടതും ഇദ്ദേഹമാണത്രേ. പലർക്കും ഒരു ലക്ഷം രൂപയോളമാണ് കമ്പനി നൽകാനുള്ളത്. ശമ്പളം തുടർച്ചയായി മുടങ്ങിയതുകൊണ്ട് ചില ജീവനക്കാർ അവധിയിൽ പ്രവേശിച്ചിരുന്നു, ഇവർ തിരികെയെത്തിയപ്പോൾ അവർക്കെതിരെ നടപടിയെടുക്കാൻ ലോറൻസ് അവിശ്യപെട്ടു എന്നും ആരോപണമുണ്ട്.

ഇതിനിടയിൽ സ്വന്തം കല്യാണ നിശ്ചയത്തിനു അവധി വേണമെന്നു ആവിശ്യപെട്ട വനിതാ ജീവനകാരിയോടു എച്ച് ആർ മാനേജർ അപമര്യാദയായി പെരുമാറി എന്ന് കാണിച്ചുകൊണ്ട് ഇവിടുത്തെ വനിതാ ജീവനക്കാർ വനിതാ കമ്മിഷനെ സമിപ്പികാൻ ഒരുങ്ങുകയാണ് എന്നും കേൾക്കുനുണ്ട്. കല്യാണ നിശ്ചയത്തിനു അവധി നൽകിയാൽ ഇനി കല്യാണത്തിനും അതിനുശേഷം 10 മാസം കഴിഞ്ഞു പ്രസവത്തിനും അവധി നൽകണ്ടേ എന്ന് പരിഹസിച്ചു. സ്ത്രിത്വതെ അപമാനിച്ചുവെന്ന് കാണിച്ചു ഇവിടുത്തെ വനിതാ ജീവനക്കാർ പരാതി കൊടുത്തുവെന്നും കേൾക്കുന്നുണ്ട്. തർക്കങ്ങൾ ഇപ്പോൾ ലേബർകമ്മീഷണറുടെ മുമ്പിലാണ്. കഴിഞ്ഞദിവസം സ്ഥാപനത്തിലെ സ്ഥലംമാറ്റങ്ങൾ ലേബർ കമ്മീഷൻ പരിഗണിച്ചപ്പോൾ എച്ച് ആർ മാനേജരെ വിളിപ്പിച്ചിരുന്നു.

എന്നാൽ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ സെബിൻ പൗലോസാണ് ഹാജരായത്. എച്ച് ആർ മാനേജരെ വിളിപ്പിക്കേണ്ട കാര്യമില്ലെന്നും താൻ നോക്കിക്കോളാമെന്നുമായിരുന്നു സെബിന്റെ മറുപടി. ഇതിനെ രൂക്ഷമായ ഭാഷയിലാണ് ലേബർ കമ്മീഷണർ വിമർശിച്ചത്. നേരത്തേ, ചേംബർ ഓഫ് കോമേഴ്‌സ് ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരാളാണ് ഇപ്പോൾ ചാനലിലെ എച്ച് ആർ കാര്യങ്ങൾ നോക്കുന്നത്. ചെമ്പു കമ്പി മോഷണം പോയപ്പോൾ അതു നോക്കേണ്ടിയിരുന്നത് ചാനലിലെ മാദ്ധ്യമപ്രവർത്തകരുടെ ജോലിയാണെന്നു പറഞ്ഞതിന് നേരത്തെ ജീവനക്കാർ ഇയാളെ വളഞ്ഞുവച്ചിരുന്നു. ലേബർ കമ്മിഷൻ ജീവനകാരുടെ പിഎഫ് അടക്കാത്ത കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപെട്ടുവെന്നാണ് കമ്പനി വിശധികരണംഅറിയിച്ചത് എന്നും കേൾക്കുന്നുണ്ട്.

ഇത്തരം മറുപടികളിൽ ലേബർ കമ്മിഷൻ തൃപ്തരായിട്ടില്ല. ഇപ്പോൾ ലേബർ കമ്മിഷനിൽ ശമ്പളം സംബധിച്ച കൊടുക്കാനുള്ള തിയതികൾ ധാരണയായി. ഇത് വിണ്ടും കമ്പനിയുടെ ഭാഗത്തുനിന്നു ലംഘിച്ചാൽ വാർത്ത വിഭാഗത്തിന്റെതുൾപ്പടെ പ്രവർത്തനം നിർത്തിവച്ചു ശമ്പളം കിട്ടുന്നത് വരെ സമരം തുടരാനാണ് തിരുമാനം എന്നും അറിയുന്നു.