കൊച്ചി: കെട്ടിഘോഷിച്ച് കേരളാ ചേമ്പർ ഓഫ് കോമേഴ്‌സ് തുടങ്ങിയ ടിവി ന്യൂ ചാനലിലെ ജീവനക്കാർ ദുരിതമകറ്റാൻ വേറിട്ട സമരവുമായി രംഗത്ത്. മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ടിവി ന്യൂ ജീവനക്കാർ പുതിയൊരു സമരമാർഗ്ഗം തുറന്നു.

ശമ്പളമില്ലാതെ കൊച്ചി പോലൊരു നഗരത്തിൽ ജീവിക്കുക അസാധ്യമാണ്. വാടക നൽകാതിരുന്നാൽ വീട്ടുമസ്ഥൻ കഴുത്തിന് പിടിക്കും. ടിവി ന്യൂവിലെ പ്രശ്‌നം പറഞ്ഞാലൊന്നും അവിടെ പിടിച്ചു നിൽക്കാൻ കഴിയില്ല. അങ്ങനെ തെരുവിലിറക്കിവിട്ട മാദ്ധ്യമ പ്രവർത്തകർ ചാനൽ ഓഫീസിൽ ജീവിത സമരം തുടങ്ങി.

മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ള ജീവനക്കാർ ഓഫീസിലേക്ക് താമസം മാറ്റുകയും അവിടെ തന്നെ ഭക്ഷണം പാചകം ചെയ്ത് ജീവിതസമരം ആരംഭിക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമങ്ങൾ എന്നാണ് വിശേഷിപ്പിക്കാറ്. എന്നാൽ മാദ്ധ്യമപ്രവർത്തകരുടെ ജനാധിപത്യം കവർന്നെടുക്കുകയാണ് ടിവി ന്യൂ മാനേജ്‌മെന്റ് ചെയ്തത്. സമരം തുടങ്ങിയിട്ടും അവരുടെ കണ്ണ് തുറക്കുന്നില്ല.

സർക്കാരിൽ നിന്ന് അവകാശങ്ങൾ ചോദിച്ചു വാങ്ങുന്ന ചേമ്പർ ഓഫ് കോമേഴ്‌സാണ് ഇതിന് പിന്നിലെന്നതാണ് വിരോധാഭാസം. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് നിർണ്ണായക സ്വാധീനമുള്ള ടിവി ന്യൂവിന്റെ ഡയറക്ടർ ബോർഡിൽ തൊഴിൽ വകുപ്പിനും തൊട്ടു കളിക്കാൻ പേടിയാണ്. എല്ലാ പ്രശ്‌നവും തീരുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിയും ജീവനക്കാർക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ അവസാന വട്ടം കയ്യൊഴിഞ്ഞു. ഇതോടെ ബ്യൂറോ പ്രവർത്തനം നിശ്ചലമായി. 

എല്ലാ ജില്ലകളിലും ബ്യൂറോകൾ പൂട്ടി. വാർത്താ സംപ്രേഷണം നിർത്തി. ഇപ്പോൾ പാട്ടുകൾ മാത്രം കാണിക്കുന്ന ചാനലായി ടിവി ന്യൂ മാറി. കൊച്ചു കൊച്ചു തുകകൾ നിക്ഷേപിച്ച കേരളാ ചേമ്പർ ഓഫ് കോമേഴ്‌സിലെ വ്യക്തികൾക്ക് വലിയ നഷ്ടമൊന്നുമില്ല. പ്രവാസി മലയാളി യൂസഫലി 6 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഒടുവില് യൂസഫലിയും കൈയൊഴിഞ്ഞു.

യൂസഫലിയുടെ സാന്നിധ്യത്തിൽ ആകർഷകമായി ടി വി ന്യൂവിൽ മറ്റ് ചാനലുകളിലേയും പത്രങ്ങളിലേയും പണി കളഞ്ഞെത്തിയ മാദ്ധ്യമ പ്രവർത്തകർ തെരുവിലുമായി. ഇപ്പോൾ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുമില്ല. അതുകൊണ്ട് ഓഫിസിനെ വീടാക്കി മാറ്റി, ഉള്ളത് തിളപ്പിച്ച് കഴിഞ്ഞ് അവർ അവിടെ തന്നെ കിടക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ദുരവസ്ഥ പുറം ലോകത്തെ അറിയിക്കുകയും ചെയ്യുന്നു.

വൻ പ്രലോഭനങ്ങൾ നൽകിയാണ് വാർത്താ ചാനലായ ടിവി ന്യൂ പ്രവർത്തനം ആരംഭിച്ചത്. എന്നാലിപ്പോൾ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. മാനേജ്‌മെന്റ് തലപ്പത്ത് ഉടലെടുത്ത അഭിപ്രായഭിന്നതകളെത്തുടർന്നാണ് ചാനലിന്റെ പ്രവർത്തനം തകരാറിലായത്. ജീവനക്കാർക്ക് ജോലി ചെയ്യാനുള്ള സാഹചര്യമോ അതിന് നേതൃത്വം നൽകാനുള്ള ആളുകളോ ഈ ചാനലിൽ ഇന്നില്ല. ഈ സാഹചര്യത്തിൽ പ്രതിദിന പ്രവർത്തനം നടത്താൻ ജീവനക്കാർക്ക് കഴിയാത്ത അവസ്ഥയാണുള്ളത്.

മാനേജ്‌മെന്റ് മുന്നോട്ടു വച്ച ഓഫറുകൾ വിശ്വസിച്ച് മറ്റ് മാദ്ധ്യമസ്ഥാപനങ്ങളിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ടിവി ന്യൂവിൽ ചേർന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകരും പുതുതായി ചേവർന്നവരുമടക്കം ഏതാണ്ട് 110ൽപ്പരം മാദ്ധ്യമപ്രവർത്തകർ അനാഥരായ അവസ്ഥയാണിപ്പോൾ. ടെക്‌നിക്കൽ, മാർക്കറ്റിങ്, ഭരണ വിഭാഗത്തിലേതടക്കം ഏതാണ്ട് 100 ജീവനക്കാർ വേറെയുമുണ്ട്.

കേരള ചേംബർ ഓഫ് കോമേഴ്‌സ് നേതൃത്വത്തിൽ തുടങ്ങിയതാണ് ടിവി ന്യൂ എന്നിരിക്കേയാണ് ചാനലിൽ പ്രവർത്തിക്കുന്നവർക്ക് ശമ്പളം കൊടുക്കാതിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കണമെന്ന അഭ്യർത്ഥനയുമായി കേരള പത്രപ്രവർത്തക യൂണിയൻ മാനേജ്‌മെന്റ് തലപ്പത്തിരിക്കുന്നവരുടെ പിന്നാലെ നടക്കുകയാണ്. തൊഴിൽ വകുപ്പിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ വിളിച്ച ഒത്ത് തീർപ്പ് ചർച്ചയിൽ പണമില്ലാത്തതിനാൽ ശമ്പളം കൊടുക്കാനാവില്ല എന്ന നിലപാടാണ് മാനേജ്‌മെന്റ് എടുത്തത്.