- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനീഷിനെ സൈമൺ ലാലൻ കുത്തിയത് ആളെ തിരിച്ചറിഞ്ഞ ശേഷം; ഭാര്യയും മക്കളും തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല; നെഞ്ചിലേറ്റ കുത്ത് ആഴ്ന്നിറങ്ങി; കൊലപ്പെടുത്താൻ കാരണം മുൻവൈരാഗ്യം; കള്ളനാണെന്ന് കരുതിയെന്ന പ്രതിയുടെ മൊഴി നുണയെന്നും പൊലീസ്
തിരുവനന്തപുരം: പേട്ടയിലെ അനീഷ് ജോർജ് കൊലപാതകത്തിൽ പ്രതി സൈമൺ ലാലൻ ആദ്യം നൽകിയ മൊഴി കളവാണെന്ന് പൊലീസ്. കള്ളനാണെന്ന് തെറ്റിദ്ധരിച്ച് അനീഷിനെ കുത്തിയെന്നാണ് സൈമൺ ലാലൻ ഇന്നലെ പൊലീസിനോട് പറഞ്ഞത്. എന്നാൽ അനീഷിനെ സൈമണിന് മുൻ പരിചയമുണ്ടായിരുന്നുവെന്നും അനീഷിനെ ഉപദ്രവിക്കരുതെന്ന് ഭാര്യയും മക്കളും പറഞ്ഞിട്ടും അവരെ അവഗണിച്ചാണ് സൈമൺ കുത്തിയതെന്നും പൊലീസ് പറയുന്നു. സൈമൺ ലാലന്റേയും ഭാര്യയുടേയും മക്കളുടേയും അടക്കം മൊഴിയെടുത്ത ശേഷമാണ് ഈ നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
മകളുടെ മുറിയിൽ ശബ്ദം കേട്ടാണ് താൻ ഉണർന്നതെന്നും കള്ളനാണെന്ന് കരുതി വാതിൽ തള്ളിത്തുറന്നപ്പോഴാണ് അനീഷനെ കണ്ടതും പിന്നീട് തർക്കത്തിനിടെ അനീഷനെ കുത്തുകയായിരുന്നുവെന്നുമാണ് സൈമൺ പൊലീസിനോട് പറഞ്ഞത്. ലാലൻ തന്നെയാണ് പേട്ട പൊലീസ് സ്റ്റേഷനിലെത്തി ഒരാളെ കുത്തിയെന്നും ആളെ ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടത്. അനീഷ് ജോർജിനെ പൊലീസ് മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചു.
മരണപ്പെട്ട അനീഷ് മുമ്പും സുഹൃത്തായ പെൺകുട്ടിയെ കാണാൻ ഈ വീട്ടിൽ പോയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ വിവരം സൈമൺ ലാലനും അറിയാമായിരുന്നു. മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച സൈമണിനോട് മുറിയിൽ അനീഷാണെന്നും ഉപദ്രവിക്കരുതെന്നും ഭാര്യയും മക്കളും പറഞ്ഞിരുന്നു. എന്നിട്ടും സൈമൺ മുറി ചവിട്ടി തുറന്ന് അനീഷിനെ കുത്തുകയായിരുന്നു. അനീഷിന്റെ നെഞ്ചിലും മുതുകത്തുമാണ് കുത്തേറ്റത്. സൈമണിന്റെ മക്കളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് വീട്ടിലേക്ക് പ്രവേശിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഭാര്യയും മക്കളും തടയാൻ ശ്രമിച്ചെങ്കിലും സൈമൺ ലാലൻ വഴങ്ങിയില്ലെന്നും പൊലീസ് പറഞ്ഞു. അനീഷിനെ വെറുതെ വിടണമെന്നു മകളും സൈമൺ ലാലന്റെ ഭാര്യയും നിരന്തരം അഭ്യർത്ഥിച്ചുവെങ്കിലും വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇടനെഞ്ചിൽ കുത്തിയതെന്നു പൊലീസ് പറയുന്നു. സൈമൺ ലാലിന്റെ മകളുടെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയതിന്റെ വെളിച്ചത്തിലാണ് പൊലീസിന്റെ വിശദീകരണം. സൈമൺ നിരന്തരം ഭാര്യയെയും മക്കളെയും മർദിക്കാറുണ്ടെന്നും ഇത്തരം തർക്കങ്ങളിൽ അനീഷ് നേരത്തേ ഇടപെട്ടിരുന്നതായും, സൈമണിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.
ബികോം രണ്ടാം വർഷവിദ്യാർത്ഥിയായ അനീഷും സൈമൺ ലാലയുടെ മകളും പരിചയക്കാരാണെന്ന് പൊലീസ് പറയുന്നു. ഒരേ പള്ളിയിലാണ് ഇരുകുടുംബവും പോകുന്നത്. പേട്ട റെയിൽവേപാളത്തിന് ഇരുവശത്തുമാണ് ഇവർ താമസിക്കുന്നത്. ലാലന്റ വീട്ടിന്റെ 800 മീറ്റർ അകലെയാണ് അനീഷ് താമസിക്കുന്നത്. പുലർച്ച പൊലീസെത്തി വിവരം പറയുമ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന് വിവരം ഇവർ അറിയുന്നത്.
കൊലയ്ക്കു പിന്നിൽ മുൻവൈരാഗ്യവും കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അനീഷ് കുത്തേറ്റു മരിച്ച ഏദൻ എന്ന വീടിനു സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും പ്രതിസ്ഥാനത്തുള്ള സൈമൺ ലാലൻ അറിയിച്ചതനുസരിച്ചു പൊലീസ് അവിടെ എത്തുമ്പോൾ മാത്രമാണു സമീപവാസികൾ വിവരം അറിയുന്നത്. നിലവിളിയോ മറ്റോ പുറത്തു കേട്ടില്ലെന്ന് അയൽക്കാർ പറഞ്ഞു.
പൊലീസ് എത്തുമ്പോൾ വീടിന്റെ രണ്ടാം നിലയിലെ ഹാളിൽ ചലനമറ്റു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അനീഷ് ജോർജ്. നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. സൈമണിന്റെ കുടുംബാംഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആംബുലൻസ് വരുത്തിയാണ് നാലു മണിയോടെ പൊലീസ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
പേട്ട ചായക്കുടി ലെയ്നിലുള്ള ഏദൻ എന്ന വീടിന്റെ അതേ വളപ്പിൽ മൂന്നു വീടുകൾ കൂടിയുണ്ട്. ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. അവരും ഒന്നും അറിഞ്ഞിരുന്നില്ല. പള്ളിയിലെ ഗായക സംഘത്തിൽ സൈമണിന്റെ മകളും അനീഷും അംഗങ്ങളാണ്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണു വിവരം. സൈമണിന്റെ കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ടതാണ് അനീഷിനെ കൊലപ്പെടുത്താൻ കാരണമെന്ന് അനീഷിന്റെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
പ്രവാസിയായിരുന്ന ലാലൻ ഒന്നരവർഷം മുൻപാണ് നാട്ടിൽ മടങ്ങിയെത്തിയത്. പേട്ടചായക്കുടി ലൈനിലെ ഈഡൻ എന്ന ഈവിട്ടിലെ മുകളിലത്തെ നിലയിൽ സൈമണും ഭാര്യയും രണ്ട് മക്കളുമാണ് താമസച്ചിരുന്നത്. സംഭവം നടന്നയുടൻ പൊലീസ് സൈമണിന്റെ ഭാര്യയെയും മക്കളും ഇവിടെ നിന്ന് മാറ്റി. കൊലപാതകം താനാണ് നടത്തിയെന്ന് ലാലൻ സമ്മതിച്ചുവെന്ന് പറയുമ്പോഴും പ്രതിയുടെ മൊഴി പൊലീസ് പൂർണ്ണായും വിശ്വസിച്ചിരുന്നില്ല. വിശദമായ മൊഴിയെടുപ്പിലൂടെയാണ് ഒടുവിൽ സത്യം പുറത്തു വരുന്നത്.
ലാലന്റ മൊഴിയിൽ പെരുത്തക്കേടുണ്ടെന്നാണ് അനീഷിന്റെ ബന്ധുക്കളുടെ പരാതി. കള്ളനാണെന്ന് കരുതി ആക്രമിച്ചതെന്ന മൊഴി വിശ്വാസയോഗ്യമല്ല. പെൺകുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ വീട്ടിൽ സ്ഥിരമായ പോകുന്ന ആളാണ് അനീഷെന്നും ബന്ധുക്കൾ പറയുന്നു.
മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അനീഷിന്റെ മാതാപിതാക്കൾ ആരോപിക്കുന്നത്. വീട്ടിൽ പ്രശ്നമാണെന്ന് പറഞ്ഞ് മകന് കോൾ വന്നതോടെയാണ് അവൻ അർധരാത്രി വീട് വിട്ടു ഇറങ്ങിയത്. കൊലയാളിയായ ലാലന്റെ മകളോ ഭാര്യയോ ആവാം അനീഷിനെ ഫോൺ ചെയ്തതെന്നും അനീഷിന്റെ കുടുംബം പറയുന്നു.
സൈമണിന്റെ വീട്ടിൽ ഇടയ്ക്കിടെ പ്രശ്നങ്ങളുണ്ടാകാറുണ്ട്. വീട്ടിനകത്ത് ആൺകുട്ടി ഇല്ലാത്തതുകൊണ്ടാണല്ലോ അയാൾ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അയാളുടെ ഭാര്യ പറയാറുണ്ടായിരുന്നു. അതുകൊണ്ടാണ് തന്റെ മകനെ സഹായത്തിനൊക്കെ വിളിച്ചിരുന്നത്. ഒരു താങ്ങായി തന്റെ മകൻ ഉണ്ടല്ലോ എന്നും പറഞ്ഞിരുന്നു. പ്രശ്നങ്ങൾ അവതരിപ്പിക്കുമ്പോൾ പലപ്പോഴും അവരെ ഞാൻ സമാധാനപ്പെടുത്തി. മോനെ ഞങ്ങൾക്ക് തരണമെന്നും അവർ പറഞ്ഞിട്ടുണ്ട്. അതെല്ലാം പ്രായപൂർത്തിയായിട്ട് ആലോചിക്കാമെന്നാണ് മറുപടി നൽകിയത്. അവർ വിളിക്കാതെ എന്റെ മകൻ പോകില്ല. ആ വീട്ടിലെ കാര്യങ്ങളൊക്കെ മകൻ എന്നോട് പറയാറുണ്ട്. മോൻ അതിലൊന്നും ഇടപെടേണ്ടെന്നും അവനോട് പറഞ്ഞിരുന്നുവെന്നും അനീഷിന്റെ അമ്മ ഡോളി പറയുന്നു.
അനീഷിന്റെ കൊലപാതകത്തിൽ മറ്റുചില ദുരൂഹതകളുണ്ടെന്ന് ബന്ധുവായ റെയ്ച്ചലും ആരോപിച്ചു. അപ്പു(അനീഷ് ജോർജ്)വിനെ മുറിയിൽവെച്ച് കുത്തിയെന്നാണ് പുറത്തുവരുന്ന വാർത്ത. അഞ്ച് മണിക്കാണ് ഞാൻ സ്റ്റേഷനിൽ എത്തുന്നത്. അപകടം പറ്റിയെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് വിളിച്ചത്. അവിടെ എത്തിയപ്പോളാണ് കൊല്ലപ്പെട്ടെന്ന് പറഞ്ഞത്. അപ്പോൾ കാര്യങ്ങൾ പൊലീസിനോട് തിരക്കി. അപ്പുവിനെ ഹാളിൽനിന്ന് കിട്ടിയെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. ഇപ്പോൾ വാർത്തകളിൽ പറയുന്നത് മുറിയിൽനിന്നാണെന്നൊക്കെയാണ്. അതിനാൽ അക്കാര്യത്തിൽ സംശയമുണ്ടെന്നും റെയ്ച്ചൽ പറഞ്ഞു.
അപ്പുവിന്റെ നെഞ്ചിൽ ഒരൊറ്റ കുത്തേ ഉണ്ടായിരുന്നുള്ളൂ. നെഞ്ചിൽ കുത്തിയിട്ട് അത് പിൻഭാഗത്തേക്ക് ആഴ്ന്നിറങ്ങിയിരുന്നു. പ്രതിയായ സൈമൺ ഇത് കരുതിക്കൂട്ടി ചെയ്തതാണ്. പ്രതി ഇറച്ചിവെട്ടുകാരനാണെന്നാണ് അറിഞ്ഞത്. എന്റെ കൊച്ചിനെ കണ്ടപ്പോൾ അയാൾക്ക് ആട്ടിൻകുട്ടിയെപ്പോലെ തോന്നിക്കാണും. അപ്പുവിനെ പെൺകുട്ടിയുടെ മുറിയിൽനിന്നല്ല കിട്ടിയതെന്നും റെയ്ച്ചൽ പറയുന്നു.
പഠനം കഴിഞ്ഞാൽ വീട്ടിൽ തന്നെ ഒതുങ്ങി കൂടുന്ന പ്രകൃതമാണ് മകന്റേത്. ഈ പെൺകുട്ടിയുമായി ദീർഘകാലമായി അനീഷിന് സൗഹൃദമുണ്ട്. പെൺകുട്ടിയുടെ അച്ഛന് മോനോട് വൈരാഗ്യമുണ്ടായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ ലാലൻ സൈമൺ വീട്ടിൽ ഒരു പ്രശ്നക്കാരനായിരുന്നു. ഈ വിവരം പെൺകുട്ടിയും അമ്മയും വീട്ടിൽ വന്ന് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവിടെ പലപ്പോഴും പ്രശ്നമുണ്ടാക്കുമ്പോൾ പോയി പരിഹരിച്ചിരുന്നത് അനീഷായിരുന്നു.
മരിക്കുന്നതിന്റെ തലേ ദിവസം മകനും പെൺകുട്ടിയും അമ്മയും ലുലു മാളിൽ പോയിരുന്നു. ഭാര്യയും മക്കളും വീട് വിട്ട് പുറത്തു പോകുന്നത് സൈമൺ കർശനമായി വിലക്കിയിരുന്നു. അനീഷിനൊപ്പം പുറത്തു പോയ വിവരം അറിഞ്ഞ് സൈമൺ വീട്ടിൽ പ്രശ്നമുണ്ടാക്കിയിരിക്കാം എന്നാണ് സംശയിക്കുന്നതെന്നും അനീഷിന്റെ മാതാപിതാക്കൾ പറയുന്നു. ബെഥനികോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിയായ അനീഷ് അടുത്തമാസം 17ന് ഇരുപതാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് അന്ത്യം. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ പേട്ട സിഐയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ രൂപീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ