തിരുവനന്തപുരം: ബേക്കറി യൂണിറ്റ് ആരംഭിക്കാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നഗരകാര്യ ഡയറക്ടറോട് നിർദ്ദേശിച്ചതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ റവന്യു ഇൻസ്പെക്ടറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടി കൈക്കൊള്ളാൻ നിർദ്ദേശിച്ചത്. ബേക്കറി യൂണിറ്റിനുവേണ്ട കെട്ടിടത്തിന്റെ തരം മാറ്റാൻ അപേക്ഷ നൽകിയ സംരംഭകനാണ് ഉദ്യോഗസ്ഥനിൽ നിന്നും ദുരനുഭവം ഉണ്ടായത്. അപേക്ഷ നൽകിയ സംരംഭകനോട് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥൻ ഇപ്പോൾ രാമനാട്ടുകര നഗരസഭയിൽ സൂപ്രണ്ടായി ജോലി നോക്കുകയാണ്. തൽസ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു കൊണ്ട് അന്വേഷണം നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

സംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന് ആരോപണ വിധേയരായ തിരുവനന്തപുരം കോർപ്പറേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും സംരംഭത്തിന് ലൈസൻസ് നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തി അടിയന്തിരമായി നടപടി സ്വീകരിക്കാനും നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അഴിമതിമുക്ത വികസിത കേരളമെന്ന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് മന്ത്രി കൂട്ടി ചേർത്തു.