തിരുവനന്തപുരം: ഏത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സിപിഎമ്മിന്റെ ഒരു രീതിയാണ് ഒരോ ബൂത്ത് ഭാരവാഹിയിൽനിന്നും കണക്കുകൾ എടുത്തുകൊണ്ട് ജയ സാധ്യത വിലയിരുത്തുക എന്നത്. ഉറപ്പുള്ള വോട്ടുകൾ, സംശയമുള്ള വോട്ടുകൾ, എതിരാളിക്ക് ഉറപ്പുള്ള വോട്ടുകൾ എന്നിങ്ങനെയൊക്കെ കൃത്യമായ തരം തിരിച്ചാണ് ഈ റിപ്പോർട്ട് വാങ്ങുക. ആദ്യകാലത്തൊക്കെ ഇങ്ങനെ സിപിഎം സമാഹരിക്കുന്ന കണക്കുകൾ അച്ചട്ടാവുകയായിരുന്നു പതിവ്. എന്നാൽ 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലൊക്കെ ഈ കണക്ക്വെച്ച് വലിയ ആത്മവിശ്വാസം പ്രകടപ്പിച്ച പാർട്ടി നേതാക്കൾ, ഫലം പ്രഖ്യാപിക്കുമ്പോൾ ട്രോൾ ആയി മാറുകയായിരുന്നു. ഇതുകൊണ്ട് ഇപ്പോൾ അൽപ്പം സൂക്ഷ്മതയോടെയാണ് സിപിഎം ഇത്തരം റിപ്പോർട്ടുകളെ സമീപിക്കാറ്.

ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പിൽ തീപാറുന്ന മൽസരമായിരുന്നു തിരുവനന്തപുരത്ത് നടന്നത്. ഇപ്പോൾ അതിന്റെ ബൂത്ത് തല കണക്കെടുത്തപ്പോൾ സിപിഎം തന്നെ ഞെട്ടുകയായിരുന്നു. ആകെയുള്ള നൂറു സീറ്റുകളിൽ 72 ഇടത്ത് വിജയം ഉറപ്പാണെന്നാണ് പാർട്ടി ബൂത്ത് ലെവൽ കണക്ക്. എന്നാൽ സംസ്ഥാന നേതൃത്വം ഇത് അംഗീകിരിച്ചിട്ടില്ല. പുതിയ കണക്ക് ഉടൻ സമർപ്പിക്കാനാണ് നിർദ്ദേശം പോയിട്ടുള്ളത്. 72 ഇല്ലെങ്കിലും കേവല ഭൂരിപക്ഷമായ 51 കിട്ടുമെന്നാണ് പാർട്ടിയുടെ അവസാന കണക്ക് എന്നാണ് അറിയുന്നത്. എൽഡിഎഫിനു 43 സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. ബിജെപിക്കു 35ഉം കോൺഗ്രസിനു 21 സീറ്റുമാണ് കഴിഞ്ഞ തവണ ലഭിച്ചത്.

പ്രകടനം വലിയ മോശമാകില്ലെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. സ്ഥാനാർത്ഥി നിർണയം വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. കോർപറേഷൻ ഭരണത്തിനെതിരായ വികാരം ജനങ്ങളിലില്ലെന്നും പാർട്ടി നേതൃത്വം പറയുന്നു. കോർപറേഷൻ പിടിക്കുമെന്ന തരത്തിൽ ബിജെപി നടത്തിയ പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കിയെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ .നിലമെച്ചപ്പെടുത്തുമെന്നും നാൽപതിൽ കൂടുതൽ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് നേതൃത്വം പറയുന്നത്. ന്യൂനപക്ഷം അനുകൂലമായി വോട്ടു ചെയ്യുന്നതോടൊപ്പം സർക്കാർ വിരുദ്ധവോട്ടുകളും പെട്ടിയിലെത്തിയാൽ അനായാസം ജയിക്കാമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ സംഘടനാ സംവിധാനത്തിലുണ്ടായ പോരായ്മകൾ പരിഹരിക്കാൻ മുന്നണിക്കു കഴിഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ പ്രശ്നങ്ങളോ റിബൽ ശല്യങ്ങളോ വലിയതോതിൽ ഉണ്ടായില്ലെന്നതും ആശ്വാസമാണ്.

പ്രധാനമന്ത്രിയെത്തുമ്പോൾ സ്വീകരിക്കാൻ ബിജെപി മേയറുണ്ടാകുമെന്നു തുറന്നു പറഞ്ഞു പോരിനിറങ്ങിയ ബിജെപി, കോർപറേഷൻ പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. 45-50 സീറ്റുവരെയാണ് പാർട്ടി പറയുന്നത്. കോർപറേഷൻ പിടിക്കാനായാൽ ബിജെപിക്ക് അത് 'ദേശീയതലത്തിലെ' നേട്ടമാണ്. കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വിജയം അനിവാര്യമായതിനാൽ ചിട്ടയായ പ്രവർത്തനമാണ് നടത്തിയത്. 15 വാർഡുകളിലെങ്കിലും ബിജെപി-എൽഡിഎഫ് ശക്തമായ മത്സരം കാഴ്ചവച്ചിട്ടുണ്ട്. ഇവിടുത്തെ ഫലം അധികാരത്തിൽ നിർണായകമാകും. ഗ്രൂപ്പ് പ്രശ്നം തിരിച്ചടിയാകുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. കണക്കുകൂട്ടലുകൾ എന്തൊക്കെയായാലും തിരുവനന്തപുരത്തും ഇത്തവണ തൂക്ക് സഭയാവും നിലവിൽ വരികയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.