സിനിമ മോശമാണെങ്കിൽ അതിനോട് പ്രേക്ഷകരുടെ പലരീതിയിലുള്ള പ്രതികരണം കണ്ടിട്ടുണ്ട്. എന്നാൽ, ഷാരൂഖ് ഖാന്റെ പുതിയ സിനിമ കാണാൻ കയറിയ യുവാവ് തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്. വിദേശത്ത് കുടുങ്ങിയ ഒട്ടേറെപ്പേരെ രക്ഷിച്ച സുഷമയും അപ്രതീക്ഷിതമായ ഈ ട്വീറ്റിൽ ഒന്ന് അമ്പരന്നുകാണുമെന്നുറപ്പാണ്.

ജബ് ഹാരി മെറ്റ് സെജാൽ എന്ന സിനിമ കാണാൻ കയറിയ യുവാവാണ് ഈ കുസൃതി ഒപ്പിച്ചത്. ഇംതിയാസ് അലിയുടെ സിനിമ അസഹനീയമായിതോന്നിയതോടെയാണ് തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവാവ് സുഷമയ്ക്ക് ട്വീറ്റ് ചെയ്തത്. പുനെക്കാരനായ വിശാൽ സൂര്യവംശിയാണ് ട്വീറ്റിന് പിന്നിൽ.

' ഞാൻ പുണെയിലെ ഹിഞ്‌ജെവാഡിയിലുള്ള സിയോൺ തിയറ്ററിൽ ജബ് ഹാരിമെറ്റ് സേജൽ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം' എന്നതായിരുന്നു ട്വീറ്റ്. രസകരമായ ട്വീറ്റ് പൊടുന്നനെ വൈറലാവുകയും ചെയ്തു. സിനിമയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച വിമർശനങ്ങളിലൊന്നാണിതെന്ന് പലരും അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നായി പലതരം സഹായമഭ്യർഥിച്ച് സുഷമയ്ക്ക് ട്വീറ്റ് ലഭിക്കാറുണ്ട്. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരും ഇന്ത്യയിലേക്ക് വരാൻ വിസയ്ക്ക് അപേക്ഷിച്ചുകൊണ്ട് പാക്കിസ്ഥാൻകാരടക്കമുള്ളവരും വിദേശകാര്യമന്ത്രിയെ നേരിട്ട് സമീപിക്കുന്നു. ലോകത്തേറ്റവും കൂടുതൽ ട്വിറ്റർ ഫോളോവർമാരുള്ള വനിതാനേതാക്കളിലൊരാളാണ് സുഷമ സ്വരാജ്. പലപ്പോഴും ഇത്തരം കുസൃതികളും ചിലരൊപ്പിക്കാറുണ്ട്. അതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ രീതി.