ന്യൂഡൽഹി: കുറച്ചുകാലമായി സിനിമകൾക്കെതിരെ സംഘപരിവാർ നീങ്ങുന്നുവെന്ന ആക്ഷേപം സജീവമാണ്. ഇതോടെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കുന്ന നിലപാട് സ്വീകരിക്കന്നു എന്നാണ് ആക്ഷേപം. ഗോവൻ ചലച്ചിത്രമേളയിൽ ന്യൂഡ്, സെക്‌സി ദുർഗ ചിത്രങ്ങൾക്ക് വിലക്ക് വരികയും സമാനമായ രീതിയിൽ പുതിയ ചിത്രങ്ങളുടെ റിലീസിംഗിലും മറ്റും പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ സംഘപരിവാർ അഭിപ്രായ സ്വാതന്ത്ര്്യത്തിന് എതിരാണെന്ന ആക്ഷേപം ശക്തമാകുകയാണ്.

ഇതിനെ സാധൂകരിക്കും വിധത്തിൽ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ പത്മാവതിയുമായി ബന്ധപ്പെട്ടും കുറച്ചുനാളായി വിവാദങ്ങൾ ഉയരുന്നു. ഇതിന് ആക്കംകൂട്ടുംവിധം ഈ സിനിമയുടെ പ്രവർത്തകരെ കൊലപ്പെടുത്താൻ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് ഹരിയാനയിലെ ബിജെപി നേതാവ്.

പത്മാവതി സംവിധാനം ചെയ്ത സഞ്ജയ് ലീല ബൻസാലിയുടെയും അഭിനേത്രി ദീപിക പദുക്കോണിന്റെയും തലയറുക്കുന്നവർക്ക് 10 കോടി പ്രഖ്യാപിച്ച് ഹരിയാന ബിജെപി നേതാവ് സുരാജ് പാൽ അമു രംഗത്തെത്തിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ബൻസാലിയുടെയും ദീപികയുെടെയും തലയറുക്കുന്നവർക്ക് അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച മീറത്തിലെ യുവാക്കളെ അഭിനന്ദിച്ച സുരാജ് പാൽ തലയറുക്കുന്നവരുടെ കുടുംബങ്ങളെ പാർട്ടി സംരക്ഷിക്കുമെന്ന് കൂടി വ്യക്തമാക്കി. ഹരിയാന ബിജെപി ചീഫ് മീഡിയ കോർഡിനേറ്ററാണ് സുരാജ് പാൽ.

ചിത്രത്തിൽ അഭിനയിച്ച രൺവീർ സിംഗിനെതിരെയും അദ്ദേഹം ഭീഷണി മുഴക്കി. രൺവീർ തന്റെ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ രൺവീറിന്റെ കാലുകൾ തല്ലിയൊടിക്കും എന്നാണ് സുരാജിന്റെ ഭീഷണി.

ചിത്രത്തിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ആവശ്യം തള്ളിയ സുരാജ് ചിത്രം പ്രദർശിപ്പിക്കരുതെന്ന നിർദേശമാണ് മുന്നോട്ട് വച്ചത്. പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.