ഗോള വ്യാപകമായി ഹിറ്റാവുന്ന ഒരു മലയാള സിനിമാക്കഥ! സത്യത്തിൽ അതായിരുന്നു ദൃശ്യം. ചൈനീസും കൊറിയനും അടക്കം 12 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു സിനിമ. ക്രൈം ഓറിയൻഡഡ് റഫറൻസുകൾക്കായി, പല വിദേശരാജ്യങ്ങളിലും ദൃശ്യത്തിന്റെ കഥ പൊലീസുകാരുടെ പഠന സിലബസിലും എത്തി. ആ രീതിയിൽ ചരിത്രം സൃഷ്ടിച്ച ഒരു പടം പിറന്ന മസ്തിഷ്‌ക്കമാണ് ജീത്തു ജോസഫിന്റെത്. ശരിക്കും മലയാളത്തിന്റെ അല്ല, ഇന്ത്യയുടെ അഗതാ ക്രിസ്റ്റിയാണ് ജീത്തു. മുറ്റത്തെ മുല്ലക്ക് മണമില്ലാത്തതുകൊണ്ട് നമുക്ക് ജീത്തുവിന്റെ പ്രതിഭയെ ഹൃദയം തുറന്ന് അഭിനന്ദിക്കാൻ പറ്റിയോ എന്നത് വേറെ കാര്യം.

ദൃശ്യത്തിൽ ഉയർത്തിയ ആ പ്രതീക്ഷകൾക്ക് അതിലും കൂടുതൽ തിരിച്ചു നൽകിക്കൊണ്ട് ജീത്തു ദൃശ്യം-2 ഇറക്കിയപ്പോഴും, ആ കഥപരമായ മികവ് കണ്ട് നാം അമ്പരന്നു. കാരണം ദൃശ്യം ഒന്നിന്റെ വലിയ പ്രതീക്ഷാഭാരവും, ഒരു തുടർച്ചാ സിനിമ എടുക്കാൻ പോകുമ്പോഴുള്ള പ്രമേയപരമായ പരിമിതിയും വെട്ടിച്ച് അയാൾ അതിനെയും വിജയമാക്കി. അങ്ങനെയുള്ള ജീത്തു വീണ്ടും മോഹൻലാലിനെ നായകനാക്കി ഒരു ഡിറ്റക്റ്റീവ് ത്രില്ലർ ഒരുക്കുന്നുവെന്ന് പറഞ്ഞാലുള്ള ആവേശം എന്തായിരിക്കും. അതാണ് 'ട്വൽത്ത് മാൻ'. ട്രെയിലറും ടീസറും സൂചിപ്പിക്കുന്നതുപോലെ ഇതൊരു മർഡർ മിസ്റ്റിയാണ്. ഒറ്റ രാത്രികൊണ്ട് സത്യം തെളിയുന്ന കഥയാണിത്. ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി രണ്ടേ മുക്കാൽ മണിക്കൂറുകൾ കൊണ്ട് എൻഗേജിങ്ങായ ഒരു ഫാമിലി ഓറിയൻഡഡ് ത്രില്ലർ.

ആദ്യത്തെ ഒരു മണിക്കൂർ കണ്ടുകഴിഞ്ഞാൽ ശരിക്കും സൂപ്പർ എന്ന അഭിപ്രായമാണ് ഉണ്ടാവുക. പക്ഷേ പിന്നീടങ്ങോട്ട് ചിത്രത്തിന് ആതേ നിലവാരത്തിലേക്ക് ഉയരാൻ കഴിയുന്നില്ല. എന്നിരുന്നാലും ഇത് മോശവുമല്ല. ഇത്തരം അവസ്ഥയിൽ മലയാളി ഉപയോഗിക്കുന്ന ഒരു സ്ഥിരം വാക്കുണ്ടല്ലോ. അതാണ് കുഴപ്പമില്ല. ഒറ്റവാക്കിൽ കൂഴപ്പമില്ലാത്ത ഒരു ചിത്രം എന്ന് ഇതിനെ പറയാം. ഒരു സാധാരണ പ്രേക്ഷകന് ഈ ചിത്രം ഒരിക്കലും നഷ്ടക്കച്ചവടം അവില്ല. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ചിത്രം, ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശിപ്പിക്കുന്നത്.

കോളുകളും ചാറ്റും പരസ്യമായാൽ

ജീത്തുജോസഫിന്റെ തന്നെ മാനസഗുരുവായ അഗതാ ക്രിസ്റ്റിയുടെ ഭാഷയിൽ പറഞ്ഞാൽ, ഏതൊരു മനുഷ്യനും മൂന്ന് ജീവിതങ്ങളാണുള്ളത്. ഒന്ന് പബ്ലിക്ക് ലൈഫ്, രണ്ട് പേഴ്സണൽ ലൈഫ്, മൂന്ന് സീക്രട്ട് ലൈഫ്. എത്ര കണ്ട് കുലപുരുഷനായും കുലസ്ത്രീയായും ചമഞ്ഞാലും, ഏത് മനുഷ്യന്റെ ഉള്ളിലും ഉണ്ടാവും, അയാൾക്ക് മാത്രമുള്ള ചില രഹസ്യങ്ങൾ. അത് പങ്കാളിയോടോ, സുഹൃത്തുക്കളോടോ അയാൾ ഷെയർ ചെയ്യേണ്ട കാര്യവുമില്ല. പക്ഷേ നിങ്ങള്ൾക്ക് വരുന്ന കോളുകളും ചാറ്റുകളും ഒരു മണിക്കുർ നേരത്തേക്ക് പരസ്യമായാലോ. അർധരാത്രിക്ക് സൂര്യൻ ഉദിച്ച അവസ്ഥയാവും. അത്തരമൊരു കളിയാണ് അന്ന്, തങ്ങളുടെ ഗ്രൂപ്പിലെ അവസാനത്തെ ബാച്ചിലർ വിവാഹിതനാവുന്നതിന് മുന്നോടിയായുള്ള ആ പാർട്ടിയിൽ, ആ സുഹൃദ് സംഘം സ്വീകരിക്കുന്നത്. അവിടെയൊക്കെ തിരക്കഥയിലെ ബ്രില്ല്യൻസ് പ്രകടം.

ഒന്നിച്ചു പഠിച്ച ഏഴു കൂട്ടുകാർ, അവരുടെ പങ്കാളികളുമടക്കം അവർ 11 പേർ- മാത്യു, ഫിദ, ജിതേഷ്, സക്കറിയ, മെറിൻ, ഷൈനി, സിദ്ധാർത്ഥ്, സാം, ആരതി, ആനി, ഡോ. നയന. സിദ്ധാർത്ഥിന്റെ ബാച്ച്‌ലർ പാർട്ടിയാഘോഷിക്കാൻ കാടിനു നടുവിലെ ഒരു റിസോർട്ടിലെത്തുകയാണ് ഈ ചങ്ങാതികൂട്ടം. സിദ്ധാർത്ഥിന്റെ പ്രതിശ്രുത വധുമുണ്ട് ഈ ടീമിൽ. അവിടെ കണ്ടുമുട്ടുന്ന ഒരു അപരിചിതനായ മദ്യപനുമായി ( മോഹൻലാൽ) ഉടക്കുന്നു. അയാൾ അവരെ ചെറുതായി ശല്യം ചെയ്യുന്നുണ്ട്. ആറു ആണുങ്ങളും അഞ്ചു പെണ്ണുങ്ങളുമായി ആകെയുള്ള 11 പേർക്ക് പൊരുത്തമില്ലെന്നും ഞാൻ 12ാമൻ, ദ ട്വൽത്ത് മാൻ, ആകാമെന്നും പറഞ്ഞ് അയാൾ അവരുടെ പാർട്ടിയിലേക്കും എത്തുന്നു. ഒടുവിൽ പാർട്ടിയിൽ ഒരു ഡ്രിങ്ക് ഇരന്നുവാങ്ങി പോകുന്നു.

പാർട്ടിക്കിടെ അടിക്കടി ഒരാൾക്ക് വരുന്ന ഒരു ഫോൺകോളിനെ ചൊല്ലിയുള്ള ഒരു വിഷയത്തിൽ തൂങ്ങി അവരിൽ പലരുടെയും ഈഗോ ഹർട്ട് ആവുന്നത്. ഒന്നും ഒളിക്കാനില്ലാത്ത ആത്മാർഥ സുഹൃത്തുക്കളാണ് അവർ എങ്കിൽ ഒരു മണിക്കുർ നേരത്തേക്ക് അവർക്കുവരുന്ന സകല കോളുകളും ലൗഡ് സ്പീക്കറിൽ ഇടാനും, വാട്സാപ്പ് ചാറ്റ് പരസ്യമാക്കാനും അവർ തീരുമാനിക്കുന്നു. ഒരു മരണക്കളിയായിപ്പോയി അത്. അതോടെ പാർട്ടി അടിച്ചു പിരിയുന്നു.

വൈകാതെ അവർ ഒരു വാർത്തയും അറിയുന്നു. തങ്ങളുടെ ചങ്ങാതികൂട്ടത്തിൽ ഒരാളെ മരിച്ച നിലയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്നു. ആ മരണം ആത്മഹത്യയോ, കൊലപാതകമോ. ആരാണ് കൊലയാളി? ആ ബാച്ച്‌ലർ പാർട്ടിക്കിടയിലേക്ക് ക്ഷണിക്കാതെയെത്തിയ ആ അപരിചിതൻ, ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു. അതും അവർ കളിച്ച അതേ ഫോൺ ഗെയിമുകൊണ്ട്. ബാക്കിയുള്ളവരുടെ കാളുകളും ചാറ്റുകളും പരസ്യമാക്കി പ്രതിയെ കണ്ടെത്താനുള്ള ട്വൽത്ത് മാന്റെ ശ്രമമാണ് ഈ ചിത്രം.

മുഴുക്കുടിയന്റെ ലാലിസം

ലോക സിനിമയിൽ തന്നെ മദ്യപാനിയുടെ ചേഷ്ടകൾ ഇത്ര മനോഹരമായി എടുക്കാൻ കഴിയുന്ന ഒരു നടൻ മോഹൻലാലിനെപ്പോലെ വേറെയില്ലെന്ന് തോന്നിപ്പോയിട്ടുണ്ട്. സ്റ്റൈലിഷ് റൊമന്റിക്ക് ഡ്രങ്കാർഡ്. നമ്പർ ട്വന്റി മദ്രാസ് മെയിൽ തൊട്ടുള്ള മദ്യപ രംഗങ്ങളിലെല്ലാം ലാൽ കസറിയിട്ടുണ്ട്. ( അതുപോലെ കുടിയൻ രംഗങ്ങൾ പൊളിക്കാറുള്ള മറ്റൊരു നടനാണ് ജഗതി ശ്രീകുമാർ. ആ അച്ചാർ തൊട്ട് നക്കലൊക്കെ ഒന്നു കാണണം!) ഇവിടെയും തുടക്കത്തിലെ ഏതാനും രംഗങ്ങളിൽ മോഹൻലാൽ പൊളിക്കയാണ്. മലയാളിയെ കൊതിപ്പിച്ചിരുന്ന ആ പഴയ ലാലിസം തന്നെ. പക്ഷേ കെട്ടിറങ്ങിയതോടെ ആ രസം പോകുന്നു. 'വെള്ളമിറങ്ങാതെ' ആ കഥാപാത്രം കുറച്ചുകൂടി നിന്നിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ആഗ്രഹിച്ച് പോവും.

കെട്ടിറങ്ങിയ ലാലിന്റെ കഥപാത്രം, ആ മർഡർ മിസറിയുടെ കുരുക്ക് അഴിക്കാനുള്ള ശ്രമത്തിലാണ്. ബാക്കിയുള്ള പത്തുപേരെയും ഒരു മേശക്കുചുറ്റം നിരത്തിയിരുത്തിയുള്ള ചോദ്യം ചെയ്യൽ, ബിഗ്ബോസിലെ മോഹൻലാലിനെയാണ് ഓർമ്മിക്കുന്നത്. 'ജാസ്മിൻ', 'റോൺസൻ'...എന്നൊക്കെപ്പറഞ്ഞ് ബിഗ്ബോസ് വീക്കെൻഡ് എപ്പിസോഡുകളിൽ മോഹൻലാൽ കാണിക്കുന്ന ചില നമ്പരുകളുടെ എക്സ്റ്റെൻഷൻ ആയിപ്പോയി ഈ ചോദ്യം ചെയ്യൽ. അതോടെ അതുവരെ സിനിമയിൽനിന്ന് വന്ന പോസറ്റീവ് വൈബ് ഇല്ലാതാവുകയാണ്. എങ്കിലും എവിടെയും ബോറടിയില്ലാതെ ചിത്രം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പക്ഷേ ആദ്യ മണിക്കൂറിൽ കിട്ടിയ ആ കരിസ്മ പിന്നീട് കിട്ടുന്നില്ല.

സൈജു കുറുപ്പ്, ലിയോൺ, ചന്ദുനാഥ്, ഉണ്ണി മുകുന്ദൻ, അനു സിത്താര, അനുശ്രീ, അനു മോഹൻ, രാഹുൽ മാധവ്, അദിതി രവി, പ്രയാഗ, ശിവദ എന്നിവരും തങ്ങളുടെ റോളുകളെ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. നന്ദു, സിദ്ദിഖ്, പ്രദീപ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചെറുതും വലുതുമായി ചിത്രത്തിലെ എല്ലാവരും നന്നായിട്ടുണ്ട്. അനുശ്രീയുടെയും സൈജുകുറുപ്പിന്റെയും പ്രകടനം എടുത്തു പറയണം. 12 കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിയാണ് ജീത്തു ജോസഫും തിരക്കഥാകൃത്ത് കൃഷ്ണകുമാറും ട്വൽത്ത്മാന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കുടുംബവിളക്ക് സീരിയൽ മോഡൽ

എസ് എൻ സ്വാമിയുടെ ഏതാനും തിരക്കഥകൾ മാറ്റി നിർത്തിയാൽ, നമ്മുടെ കുറ്റാന്വേഷണ സിനിമകളിലൊന്നും ലോജിക്ക് ഒരു പ്രധാന ഘടകമായി വന്നിട്ടില്ല. എന്നാൽ ജീത്തുവിന്റെ ഏറ്റവും പ്രധാന ഗുണം, ഒരു കഥയെ യാതൊരു ലൂപ്പ് ഹോളുകളുമില്ലാതെ യുക്തിഭദ്രമായി അവതരിപ്പിക്കുക എന്നതാണ്. അത് ദൃശ്യത്തിലടക്കം നാം കണ്ടതാണ്, എന്നാൽ രണ്ട് ദൃശ്യങ്ങളിലും കണ്ട ആ കൈയടക്കം ഇവിടെ ചിലപ്പോഴെങ്കിലും ജീത്തുവിന് കൈമോശം വരുന്നു.

ഒരു ക്രൈം ഉണ്ടായാൽ അതിൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ അല്ലാത്ത ഒരാൾക്ക് ഇത്ര ആഴത്തിൽ ഇടപെടാൻ കഴിയുമോ, എന്ന ചോദ്യമുണ്ട്. ഇരുട്ടിവെളക്കും മുമ്പ് പ്രതിയെ പിടിക്കാനുള്ള ആ അടിയന്തര സാഹചര്യവും മനസ്സിലാവുന്നില്ല. മാത്രമല്ല ഏത് ക്രൈമിന് പിന്നിലും അവിഹിതവും, ബ്ലാക്ക്മെയിലിങ്ങും ഒക്കെയാണെന്നുള്ള കുടുംബവിളക്ക് സീരിയൽ മോഡൽ ധാരണ നമ്മുടെ ചലച്ചിത്രകാരന്മാർക്ക് മാറിയിട്ടില്ലെന്ന് തോനുന്നു. ഒരു പാട് മികച്ച ഇൻവസ്റ്റിഗേഷൻ സ്‌ക്രിപ്പ്റ്റുകൾ എഴുതിയ എസ് എൻ സ്വാമിയുടെ സിബിഐ അഞ്ചാംഭാഗം അവിഹിതങ്ങളാൽ സമ്പുഷ്ടമായിരുന്നു. അന്താരാഷ്ട്ര ഗൂഢാലോചനയൊക്കെ സംശയയിച്ച് തുടങ്ങുന്ന ബാസ്‌ക്കറ്റ് കില്ലിങ്ങിന്റെ യഥാർഥ കാരണം, ദാമ്പത്യ പ്രശ്നവും സംശയരോഗവും ഒക്കെയാണെന്ന് കേട്ടപ്പോൾ, പ്രേക്ഷകരും വല്ലാതെ ചെറുതായിപ്പോയി.

അതുപോലെ ഒരു അവിഹിതങ്ങളുടെ കുഴമറിച്ചിൽ ഇവിടെയുമുണ്ട്. ഇതിൽ കൂടുതൽ മലയാള ചലച്ചിത്രകാരന്മാർക്ക് സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് തോനുന്നു. അല്ലെങ്കിൽ മലയാളിക്ക് ഇഷ്്ടം ഇതാണെന്നുള്ള എളുപ്പമുള്ള തിരിച്ചറിവുമാകാം ഇതിന്റെ പിന്നിൽ. പക്ഷേ ഇത് കഥാപാത്രങ്ങളുടെ വ്യക്തിത്വവും സൗഹൃദത്തിന്റെ ആഴവും വെച്ചുള്ള പൊതു ലോജിക്കിലേക്ക് ഇവ മാച്ച് ആവുന്നില്ല. യുക്തിഭദ്രമായ സിക്രിപ്റ്റിന്റെ മികവാണ് 'ദൃശ്യ'ത്തെ ലോകത്തിന്റെ വിവിധ ഭാഷകളിലേക്ക് മൊഴി മാറ്റിപ്പിച്ചതെന്ന് ആരു മറഞ്ഞാലും ജീത്തു മറക്കരുത്.

പക്ഷേ ഡയറക്ക്ഷനിലെ ജീത്തുവിന്റെ മികവ് പറയാതെ വയ്യ. ദൃശ്യ മികവിന് വലിയ സാധ്യതയൊന്നുമില്ലാത്ത ചിത്രമാണിത്. ഒരു റിസോർട്ടിൽ, ഒറ്റ രാത്രികൊണ്ടാണ് കഥ നടക്കുന്നത്. അതുകൊണ്ട് തന്നെ ലൊക്കേഷൻ ആവർത്തിക്കപ്പെടും, പ്രേക്ഷകന് പെട്ടെന്ന് മടുക്കും, എന്നത് ഒരു വെല്ലുവിളിയാണ്. പക്ഷേ ഒട്ടും മടുപ്പിക്കാതെ, കൊലയാളി ആരാണെന്ന സസ്പെൻസ് ആദ്യവസാനം നിലനിലനിർത്തിക്കൊണ്ട് ചിത്രം മുന്നോട്ടുപോവുന്നു. അവനാണോ, അവളാണണോ കൊലപാതകി എന്ന് മാറി മാറി ചിന്തിപ്പിക്കുന്ന രീതിൽ ഹൈഡ് ആൻഡ് സീക്ക് ഗെയിം. കളർ ടോണിൽ പോലും ആ നിഗൂഡതയുടെ ഫീൽ നിലനിർത്തുന്നുണ്ട്. മഞ്ഞും മഴയും മാറിമാറിയെത്തുന്ന കുളമാവിന്റെ ഭംഗിയും രാത്രികാഴ്ചകളുമൊക്കെ പകർത്തുന്ന സതീഷ് കുറുപ്പിന്റെ ക്യാമറ ചിത്രത്തിന് വലിയ പിന്തുണയാണ് നൽകുന്നത്.

വാൽക്കഷ്ണം: 2018ൽ ഇറങ്ങിയ നെറ്റ്ഫ്ളിക്സ് ഒറിജിൻ ഫ്രഞ്ച് ചിത്രം 'നത്തിങ്ങ് ടു ഹൈഡുമായി' അടുത്ത സാദൃശ്യങ്ങൾ ഈ ചിത്രത്തിനുമുണ്ട്. വരും ദിവസങ്ങളിൽ ഇതും വലിയ ചർച്ചയാവാൻ ഇടയുണ്ട്. എന്തൊക്കെപ്പറഞ്ഞാലും സിബിഐ അഞ്ചാംഭാഗം പോലുള്ള തനി തറ ഇൻവസ്റ്റിഗേഷൻസ് വെച്ചുനോക്കുമ്പോൾ, ട്വൽത്ത് മാൻ സ്വർഗമാണ്.