രു സംരംഭകൻ അല്ലെങ്കിൽ ഒരു വ്യവസായിയോടുള്ള നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ പൊതു സമീപനം എന്താണ്. അയാൾ ഏത് കാലവും ഊറ്റിയെടുക്കാനുള്ള കറവപ്പശുവാണ്. സമ്മേളനങ്ങളും, പാർട്ടി കോൺഗ്രസുകളും, പ്ലീനങ്ങളും കാൽമര- കൊടിമര ജാഥകളുമൊക്കെ, അവനെ പിഴിഞ്ഞ് നടത്തണം. (രാഷ്ട്രീയക്കാരന്റെ മണ്ടന്മ്മാരായ മക്കൾക്ക് ജോലികൊടുത്താലും പോര, അവരുടെ ഗർഭക്കേസുകൾ പണംമടച്ച് ഒതുക്കുകയും വേണം! ബിനോയ് കോടിയേരി വേഴ്സ്സ് ബീഹാറി ഡാൻസർ കേസിൽ നാം അതുകണ്ടു) ഇല്ലെങ്കിൽ അവൻ നിങ്ങൾക്ക് പണി തരും. എന്നാൽ ഇവിടെ നെഞ്ചുറപ്പുള്ള ഒരു വ്യവസായി, രാഷ്ട്രീയക്കാരന് തിരിച്ച് പണി കൊടുത്തു. രാഷ്ട്രീയക്കാരന് ഒരിക്കലും ഒരു വ്യവസായ സ്ഥാപനം ഉണ്ടാക്കാൻ കഴിയില്ല. പൂട്ടിക്കാൻ അല്ലാതെ തുറപ്പിക്കാൻ അവൻ പഠിച്ചിട്ടില്ല. എന്നാൽ വ്യവസായിക്ക് വേണമെങ്കിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ കഴിയും. അയാൾ അത് ഉണ്ടാക്കി. ജനോപകാര പ്രവർത്തനങ്ങൾ നടത്തി മാതൃക കാട്ടി. എന്നിട്ട് തന്റെ ഏരിയയിൽ നിന്ന് ഈ പാർട്ടികളെ നിഷ്‌ക്കാസിതരാക്കുകയും ചെയ്തു.

ശരിക്കും ഒരു റിവേഴ്സ് റിവഞ്ച്. അതാണ് കിറ്റക്സ് ഗാർമെൻസിന്റെ സാമൂഹിക സുരക്ഷാഫണ്ട് കൊണ്ട് തുടങ്ങിയ 20 ട്വന്റി എന്ന പ്രസ്ഥാനം വഴി സാബു എം ജേക്കബ് എന്ന വ്യവസായി കാണിച്ചുതന്നത്!

2015ൽ 20 ട്വന്റി അധികാരത്തിലേറുമ്പോൾ കിഴക്കമ്പലം, കേരളത്തിലെ ഏതൊരു പഞ്ചായത്തിനെപ്പോലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും, കുടിവെള്ളമെത്താത്ത കോളനികളും, തരിശായിക്കിടക്കുന്ന പാടങ്ങുമുള്ള ഒരു പ്രദേശമായിരുന്നു. അവിടെയാണ് ഇവർ ഈ വിപ്ലവം കൊണ്ടുവന്നത്. ഇന്ന് കിഴക്കമ്പലത്ത് ഒന്ന് പോയിനോക്കണം. ഇടറോഡുകൾ പോലും രാജ വീഥികൾപോലെ മനോഹരം. ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ വാങ്ങിക്കാൻ കഴിയുന്ന സ്റ്റോർ. ലക്ഷം വീട് കോളനികളെ അത്യാധുനിക വില്ലകളാക്കി മാറ്റിയരിക്കുന്നു. കുടിവെള്ള പ്രശ്നം സമ്പൂർണ്ണമായി പരിഹരിച്ച് കഴിഞ്ഞു. തരിശായിക്കിടന്ന ഏക്കർ കണക്കിന് ഭൂമിയിൽ നെല്ലുവിളയിച്ചു. പഴം -പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടി.

കഴിക്കമ്പലത്ത് 20 ട്വന്റി അധികാരമേൽക്കുമ്പോൾ അവർക്ക് കടം മുപ്പത്തിയഞ്ചു ലക്ഷം രൂപയായിരുന്നു. ഇപ്പോൾ പതിമൂന്നരക്കോടി മിച്ചമാണ്! നോക്കണം, ഇത്രയും വികസനം നടത്തിയിട്ടും തുക മിച്ചം. കേരളത്തിലെ ഓരോ പഞ്ചായത്തും, ഈ രീതിയിൽ മാനേജ്ചെയ്യുകയാണെങ്കിൽ നമ്മുടെ ധനസ്ഥിതിയെന്താവും. ദുർവ്യയവും, കൈയിട്ടുവാരലും എല്ലാം ഒഴിവാക്കിക്കൊണ്ട് പണം നേരെ ചൊവ്വേ ഉപയോഗിച്ചതുകൊണ്ടാണ് ഈ മാറ്റം ഉണ്ടായത്.

ഇന്ന് കിഴക്കമ്പലത്ത് ആരും ഭുമിവിൽക്കാൻ പോലും തയ്യാറാവുന്നില്ല. ഭുവി വിലയും വൻ തോതിൽ കൂടി. മറ്റ് പലസ്ഥലങ്ങളിൽനിന്നും ആളുകൾ ഇങ്ങോട്ട് കുടിയേറാൻ ആഗ്രഹിക്കുന്നു എന്നതിൽനിന്നുതന്നെ അറിയാൻ കഴിയാം, ഈ പ്രദേശത്തിന് എന്തോ മെച്ചമുണ്ടെന്ന്. എന്നിട്ടും 20 ട്വന്റിക്കും അതിനെ നയിക്കുന്ന കിറ്റക്സ് ഗ്രൂപ്പിനും ഇല്ലാത്ത കുറ്റങ്ങൾ കണ്ടെത്തുക എന്നത് നമ്മുടെ രാഷ്ട്രീയക്കാരുടെ പതിവ് ശീലമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, 20 ട്വന്റി അയൽപക്കത്തെ മൂന്നു പഞ്ചായത്തുകളിൽക്കൂടി വിജയപതാക നാട്ടിയതോടെ, നമ്മുടെ മുഖ്യധാരാ പാർട്ടികൾ ശരിക്കും ഭയന്നു. കാരണം അവരുടെ സ്പേസിൽ കയറി ഒരു കോർപ്പറേറ്റ് കമ്പനി കളിക്കയാണ്.

അതോടെ സിപിഎം അടക്കമുള്ള പാർട്ടികൾ കായികമായും തിരിച്ചടിക്കാൻ തുടങ്ങി. അതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദീപുവെന്ന വെറും 38 വയസ്സ്മാത്രമുള്ള ദലിതനായ 20 ട്വന്റി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കൽ സമരത്തിനിടെ സിപിഎം പ്രവർത്തകരായ നാലുപേർ ദീപുവിനെ വീട്ടിൽനിന്ന് പിടിച്ചിറക്കി മർദിച്ചത്. സ്ഥലം എംഎൽഎയായ ശ്രീനിജന്റെ നിർദേശ പ്രകാരമാണ്് മർദനം ഉണ്ടായതെന്ന് 20 ട്വന്റി പ്രവർത്തകർ പറയുന്നു. തുടർന്ന് ചോര ഛർദിച്ച് ആശുപത്രിയിലാണ് ഇയാൾ കഴിഞ്ഞ ദിവസം മരിച്ചു.

പക്ഷേ അപ്പോഴേക്കും ദുപുവിന്റെ മരണ കാരണം ലിവർ സീറോസിസ് ആക്കാനുള്ള ശ്രമം വരെയുണ്ടായി. 20 ട്വന്റി പ്രവർത്തകരുടെ പ്രതിഷേധത്തെതുടർന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കള്ളക്കളികൾ വരെ നടക്കാതെ പോയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആസൂത്രിതമാണെന്നുമാണ് സാബു എം ജേക്കബ് അടക്കമുള്ളവർ പറയുന്നത്. കഴിഞ്ഞ കുറേക്കാലമായി 20 ട്വന്റി പ്രവർത്തകർ ഇവിടെ ആക്രമിക്കപ്പെട്ട് വരികയാണ്. റെയ്ഡും, പരിശോധനകളുമായി കിറ്റക്സിനെ പൂട്ടിക്കെട്ടിക്കാനുള്ള ശ്രമങ്ങളും ശക്തം. പക്ഷേ ഇതുകൊണ്ടൊന്നും തോറ്റ് കൊടുക്കുന്ന കക്ഷികളല്ല, 20 ട്വന്റിയും സാബു എം ജേക്കബ് എന്ന വ്യവസായിയും.

വായിൽ വെള്ളിക്കരണ്ടിയോടെ ജനിച്ച, ലാൽസലാം സിനിമയിൽ മോഹൻലാലിന്റെ സ്റ്റീഫൻ നെട്ടൂരാൻ പറയുന്നപോലെ, ഷുഗറും പ്രഷറുമുള്ള ഒരു വ്യവസായി അല്ല സാബു. അക്രമവും വധഭീഷണിയും നേരിട്ടുകൊണ്ടുതന്നെയാണ് അദ്ദേഹം ഇന്ന് ഈ നിലയിലേക്ക് ഉയർന്നത്. ശരിക്കും തീയിൽ കുരുത്ത മുതലാളി!

എം.സി. ജേക്കബ് തുറന്നുതന്ന പാത

കിറ്റക്സ് ഗ്രൂപ്പിന്റെയും സാബു എം ജേക്കബിന്റെയും കഥ, പിതാവ് എം.സി ജേക്കബിന്റെ ജീവിതം പറയാതെ പുർത്തിയാവില്ല. ഒരു സാധാരണ കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പത്താം തരം വിദ്യാഭ്യാസം പൂർത്തിയാക്കിയ ജേക്കബ് ആയുർവേദ ചികിത്സകൻ കൂടിയായിരുന്നു. 1968ൽ അദ്ദേഹം ചെറിയ രീതിയിൽ ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. ജേക്കബ്, അമ്മ അന്നയുടെ പേരിലാണ് കമ്പനി ആരംഭിച്ചത്. അതാണ് അന്ന അലൂമിനിയം.

കിഴക്കമ്പലം എന്ന കർഷകഗ്രാമത്തെ ലോകവ്യവസായത്തിന്റെ നെറുകയിൽ എത്തിച്ചത് എം.സി.ജേക്കബാണ്. കർഷക തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കാനാണ് അദ്ദേഹം ആദ്യമായി ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കമിട്ടത്. എട്ട് തൊഴിലാളികളുമായാണ് അദ്ദേഹം ബിസിനസ്സിന് തുടക്കമിട്ടത്. തമിഴ്‌നാട്ടിൽ നിന്ന് അലുമിനിയം പാത്രങ്ങൾ വരാതായതോടെ അന്നയുടെ അലുമിനിയങ്ങൾ ആളുകൾ വാങ്ങി തുടങ്ങി. ഉൽപ്പന്നത്തിന്റെ ഗുണമേന്മ ജനം തിരിച്ചറിഞ്ഞതോടെ അന്ന ഗ്രൂപ്പിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ഈ കമ്പനി തുടങ്ങി എട്ടു വർഷങ്ങൾക്ക് ശേഷമാണ് സാറാസ് എന്ന പേരിൽ കറിപ്പൊടികൾ വിപണിയിലിറക്കിയത്. തുടർന്ന് രണ്ടു വർഷങ്ങൾക്ക് ശേഷം 1978ൽ കിറ്റക്സ് (കിഴക്കമ്പലം ടെക്സ്റ്റയിൽസ് എന്നതിന്റെ ചുരുക്ക രൂപം) എന്ന ബ്രാൻഡിനു തുടക്കം കുറിച്ചു. മുണ്ട്, ബെഡ്ഷീറ്റ് എന്നിവയാണ് കിറ്റക്സ് ആദ്യം നിർമ്മിച്ചിരുന്നത്.
അതും വളരെ പെട്ടെന്ന് വളർന്നു. കഠിനാധ്വാനിയും സ്നേഹ സമ്പന്നനുമായിരുന്നു ജേക്കബിനെ കമ്പനിയിലെ ജീവനക്കാർ ചാച്ചൻ എന്നാണ് ആദരപൂർവ്വം വിളിക്കുന്നത്.
വ്യവസായ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരളാ സംസ്ഥാന സർക്കാർ സമ്മാനിക്കുന്ന പ്രഥമ പുരസ്‌കാരം കരസ്ഥമാക്കിയ വ്യക്തികൂടിയാണ് എം. സി. ജേക്കബ്.

കേരളത്തിലെ മികച്ച 10 ബ്രാൻഡുകളുടെ പട്ടിക തയ്യാറാക്കിയാൽ അതിൽ അന്നയുമുണ്ടാകും. ചാക്‌സൺ, സാറാസ്, കിറ്റെക്‌സ്, സ്‌കൂബിഡേ, സ്‌കൂബിലൂബീ തുടങ്ങിയ അന്നയുടെ വിവിധ ബ്രാൻഡുകളും മികവിന്റെ പട്ടികയിലുള്ളവയാണ്. എം സി ജേക്കബ് കാണിച്ചു കൊടുത്ത വഴികളിലൂടെയുള്ള യാത്ര നടത്തുകയാണ് മക്കളായ ബോബി എം. ജേക്കബും സാബു എം ജേക്കബും നടന്നത്.

ഇന്ന് കിറ്റക്സ് ലിമിറ്റഡും കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡും രണ്ട് കമ്പനികളാണ്.
കിറ്റക്സ് ലിമിറ്റഡ് എം.സി. ജേക്കബ് തുടങ്ങി വച്ചതും മൂത്ത മകൻ ബോബി ജേക്കബ് നടത്തി വരുന്നതുമായ സ്ഥാപനമാണ്. ഇവിടെയാണ് കിറ്റക്സ് ലുങ്കി, കുട, സ്‌കൂബി ഡേ ബാഗ്, അന്ന അലൂമിനിയം, സാറാസ് കറി പൗഡർ തുടങ്ങിയവ നിർമ്മിക്കുന്നത്. ഇത് കിഴക്കമ്പലം ടൗണിൽ തന്നെയാണ്. ഇത് തീർത്തും ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തനം നടക്കുന്നു.

കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡാണ് എംസി ജേക്കബിന്റെ ഇളയ മകൻ സാബു ജേക്കബ് തുടങ്ങി നടത്തുന്ന സ്ഥാപനം. ഇവിടെ നിന്നുമാണ് ആഗോള വമ്പന്മാരായ വാൾമാർട്ട്, ഗർബർ തുടങ്ങിയ ബ്രാൻഡുകൾക്ക് കുട്ടിയുടുപ്പുകൾ നിർമ്മിച്ചു കയറ്റുമതി ചെയ്യുന്നത്. ഇന്ന് അമേരിക്കയിൽ പിറന്നുവീണ കുഞ്ഞുങ്ങളിൽ അറുപത് ശതമാനവും കേരളത്തിലെ ഈ കമ്പനിയുടെ ഉടുപ്പുകളാണ് ധരിക്കുന്നത് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. കുട്ടികളുടെ വസ്ത്ര നിർമ്മാണത്തിൽ ലോകോത്തര കമ്പനികളിൽ മൂന്നാംസ്ഥാനമാണ് കിറ്റെക്‌സിന്. ജനിച്ചു വീഴുന്ന കുഞ്ഞ് മുതൽ രണ്ടുവയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഇവ. കുട്ടികളുടെ വസ്ത്രത്തിനും ഏറ്റവും കൂടുതൽ സുരക്ഷ നൽകിയാണ് വസ്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. വസ്ത്രത്തിന്റെ നിറം ചേർക്കുന്ന കെമിക്കൽ എന്നിവയടക്കം അതീവ സുരക്ഷിതത്വം ഉറപ്പാക്കിയാണ് കിറ്റക്‌സ് ഗ്രൂപ്പ് തങ്ങളുടെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്.

ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് കിഴക്കമ്പലം ടൗണിൽ നിന്നും മാറിയാണ്. (കിഴക്കമ്പലം- ശാലോം- പെരുമ്പാവൂർ റൂട്ടിൽ ആലിൻചുവട് നിന്നും ഒരു കിലോമീറ്റർ മാറിയും പെരുമ്പാവൂർ- പട്ടിമറ്റം റൂട്ടിൽ കുമ്മനോട് നിന്നും രണ്ട് കിലോമീറ്റർ മാറിയും ആണ്) ഈ കിറ്റക്സ് ആണ് എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. കാരണം അവരാണ് ട്വന്റി ട്വന്റിയെന്ന പാർട്ടിയുണ്ടാക്കി രാഷ്ട്രീയ കക്ഷികൾക്ക് ഭീഷണിയാവുന്നത്.


കക്കുസ് കഴുകി തുടങ്ങി എംഡിയിലേക്ക്

മുതലാളിയുടെ മക്കൾ എന്ന ലേബലിൽ കിറ്റക്സിന്റെ തലപ്പത്ത് ഒന്നുമറിയാതെ എത്തിയവർ അല്ല ബോബി ജേക്കബും, സാബു ജേക്കബും. തങ്ങളുടെ സ്വന്തം കമ്പനിയിൽ തൊഴിലാളികളെപ്പോലെ ഏറ്റവും അടിത്തട്ട് മുതൽ അപ്പൻ അവരെ ജോലി ചെയ്യിപ്പിച്ചിട്ടുണ്ട്. സാബു എം ജേക്കബ് ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '' എട്ടാംക്ലാസിൽ പഠിക്കുമ്പോൾ പിതാവിന്റെ കമ്പനിയിൽ ടോയ്ലറ്റ് കഴുകിയാണ് ഞാൻ ജോലി തുടങ്ങിയത്. സ്‌കുൾ വിട്ടുവന്നാൽ അന്ന അലൂമിനിയം കമ്പനിയിലേക്ക് വരണമെന്നാണ് അച്ഛൻ പറഞ്ഞത്. നാളെ മുതൽ ജോലിക്കെടുക്കുന്നുവെന്ന പിതാവിന്റെ വാക്കുകൾ കേട്ടപ്പോൾ എറെ സന്തോഷം തോന്നി. ശമ്പളമായി, പരിപ്പുവടയും സമൂസയും കിട്ടുമെല്ലോ എന്നോർത്ത് ഞാൻ ഓടിച്ചെന്നു. അപ്പോൾ എന്റെ കൈയിലേക്ക്, അപ്പൻ നൽകിയത് വലിയ ബ്രഷും ബക്കറ്റുമായിരുന്നു. എല്ലാ ദിവസവും കമ്പനിയിലെ കക്കൂസും മൂത്രപ്പുരയും വൃത്തിയാക്കുന്നത് നീയാണ് എന്നാണ്, അദ്ദേഹം പറഞ്ഞത്. എന്നാൽ വൈകുന്നേരം കിട്ടുന്ന ശമ്പളം ഓർത്തപ്പോൾ പിന്നീട് രണ്ടും കൽപ്പിച്ച് തയ്യാറായി. കക്കുസ് കഴുകൽ ഏറ്റെടുത്തു.

ആദ്യദിവസം മൂക്കും പൊത്തി പുറത്തേക്കോടിയ എന്റെ കൈയിൽനിന്നും ചൂൽ പിടിച്ചുവാങ്ങി അച്ഛൻ ആ ജോലി നിർവഹിച്ചു. എത് ജോലിക്കും മാന്യതയുണ്ടെന്ന് അന്ന് പഠിച്ചതാണ്. ''- സാബു എം ജേക്കബ് കുട്ടിക്കാലം ഓർത്ത് പറയുന്നു.

ഒരു വർഷം കഴിഞ്ഞപ്പോൾ സാബുവിന് ലഭിച്ച പ്രമോഷൻ ഫാക്ടറിയുടെ അകം അടിച്ചുവാരുന്ന ജോലിയായിരുന്നു. ഇതോടെ കക്കൂസ് വൃത്തിയാക്കുന്ന ജോലിയാണ് ഭേദമെന്ന് ആ കുട്ടിക്ക് പലപ്പോഴും തോന്നി. കമ്പനിയിലെ തൊഴിലാളികളുടെ മുന്നിൽവെച്ച് അകം അടിച്ചുവാരുന്ന തൊഴിൽ കുറേ ചെയ്തു. ഈഗോ തുടങ്ങിയ സമയത്ത് പിതാവിന് അത് മനസ്സിലാവുകയും ചെയ്തു. പിന്നാലെ ആ ഈഗോ ഇറങ്ങിയതായും സാബു പറയുന്നു.

തൂത്തുവാരലിൽനിന്നുള്ള അടുത്ത പ്രമോഷൻ കിട്ടിയത് കിറ്റക്സിന്റെ കെട്ടിട നിർമ്മാണ സമയത്താണ്. കോൺക്രീറ്റ് ഫിക്സിങ്ങും കമ്പികെട്ടലുമായി പിന്നീട് ജോലി. അതു കഴിഞ്ഞപ്പോഴേക്കും 200 വീവിങ്ങ് മെഷീനുകൾ വന്നു. അത് അസംബിൾ ചെയ്യാൻ അവർക്കൊപ്പം കൂടി. പിന്നെ മെഷീനറികൾ പ്രവർത്തിപ്പിക്കുന്ന ജോലി, വർക്ക് സൂപ്പർ വൈസർ, ഷിഫ്റ്റ് ഇൻ ചാർജ്, ഡയറട്കർ, എക്സിക്യൂട്ടീവ് ഡയറക്ടർ, ഇങ്ങനെ പോയി ആ തൊഴിൽ. 1993ലാണ് കിറ്റക്സിന്റെ മാനേജിങ്ങ് ഡയറകട്റായി ചുമതലയേൽക്കുന്നത്. വലിയ അനുഭവ പാഠമായിരുന്നു ഈ യാത്രയെന്നും സാബു എം ജേക്കബ് പറയുന്നു.

അതായത് ജീവനക്കാരിൽ ഒരാളായി പണിയെടുത്ത്, കക്കൂസ് മുതൽ കോൺക്രീറ്റ്‌വരെയുള്ള സകല കാര്യങ്ങളും പഠിച്ചാണ് സാബു വളർന്നത്. നമ്മുടെ സോ കോൾഡ് ബൂർഷ്വാ മുതലാളിയല്ല അദ്ദേഹം. '' എല്ലാ ജീവനക്കാരുടെയും മനസ്സും വേദനയും എനിക്ക് അറിയാൻ കഴിയും. അവരുടെ സ്വപ്നങ്ങളെക്കുറിച്ചും, അവരുടെ ജീവിതം ചൂഷണം ചെയ്യുന്നവരെക്കുറിച്ചും അറിവുണ്ട്.''- അദ്ദേഹം പറയുന്നു.

തങ്ങളുടെ ബിസിനസ് വളരുന്നതിനൊപ്പം ഒരു നാടും വളരണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഇതാണ് താൻ നടപ്പാക്കുന്നതെന്നും സാബു പറയുന്നു. 2012ൽ പിതാവിന്റെ മരണത്തോടെ ആ ലക്ഷ്യം നടപ്പാക്കാൻ തുനിഞ്ഞിറങ്ങി. അച്ഛൻ വ്യക്തികളെയാണ് സഹായിച്ചിരുന്നെങ്കിൽ മകൻ കിഴക്കമ്പലം എന്ന നാട്ടിലേക്ക് ഇറങ്ങി, ആ സ്വപ്നം വലുതാക്കി. നാടിനുവേണ്ട കാര്യങ്ങൾ അറിയാൻ പഠനം നടത്തി. ആ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. 282 കുടുംബങ്ങൾക്ക് വീടില്ല. പ്ലാസ്റ്റ്ക്ക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയിലായിരുന്നു താമസിച്ചിരുന്നത്. അതിനുള്ളിൽ മുനുഷ്യരും ആടും കോഴിയും ഒരുമിച്ച് കഴിയുന്ന കാഴ്ച. കുടിവെള്ളമില്ലാത്ത, വൈദ്യുതിയില്ലാത്ത വീടുകൾ. പലരും പട്ടിണിയിൽ. ഇത് പെട്ടെന്ന് പരിഹരിക്കണമെന്ന് കമ്പനി തിരിച്ചറിഞ്ഞു.

കുടിവെള്ളം പ്രശ്നത്തിലാണ് ആദ്യം ഇടപെട്ടത്ത്. മൂന്നാമത്തെ കോളനിയിൽ വാട്ടർ ടാങ്ക് സ്ഥാപിച്ചതോടെ രാഷ്ട്രീയക്കാർ അമ്പരുന്നു. അവർ ഉടക്കിട്ടു. പക്ഷേ ജനം കിറ്റക്സിനൊപ്പം അണിനിരന്നു. അതുപോലെ 2014 ഓണക്കാലത്ത് നടത്തിയ ഫെസ്റ്റും ചരിത്രമായി. കട്ടിലും, മെത്തയും മിക്സിയുമൊക്കെ പകുതി വിലക്ക് വിറ്റു. ജനം ഇരച്ചു കയറി. പക്ഷേ അതും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് രാഷ്ട്രീയക്കാർ തടഞ്ഞു. പൊലീസിനെക്കൊണ്ട് 144 പ്രഖ്യാപിച്ചു. അതോടെയാണ് ഇനിയും കൈയും കെട്ടി നോക്കി നിന്നാൽ പോരെന്നും ഇനി രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും സാബു എം ജേക്കബ് തീരുമാനിക്കുന്നത്.

നൂറുരൂപയുടെ സാധനങ്ങൾ വെറും 20രൂപക്ക്!

2013ൽ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് 20 ട്വന്റി കിഴക്കമ്പലം അസോസിയേഷൻ. കിറ്റക്‌സ് ഗ്രൂപ്പ് ഉടമ സാബു എം ജേക്കബാണ് ഇതിന്റെ ചീഫ്് കോർഡിനേറ്റർ.2020 ആകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഉണ്ടാക്കിയത്. 50 കോടിയോളം രൂപയാണ് കമ്പനി പൊതുജനങ്ങളുടെ ഉന്നമനത്തിനായി സി.എസ്.ആർ ഫണ്ടു വഴി ചെലവഴിച്ചത്.



2015ലെ തേദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടി ഏവരെയും ഞെട്ടിച്ച. അതുവരെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു കിഴക്കമ്പലം. രണ്ട് വാർഡുകൾ ഒഴികെ 17 എണ്ണത്തിലും വമ്പൻ വിജയമാണ് നേടിയത്. ഒരുവാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയും മറ്റൊന്നിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുമാണ് വിജയിച്ചത്. ഭരണം പിടിച്ച 20 ട്വന്റി പഞ്ചായത്തിൽ നടത്തിയത് ഞെട്ടിക്കുന്ന വികസന പ്രവർത്തനങ്ങളായിരുന്നു.

ഈ മെമ്പർമാർക്കെല്ലാം കമ്പനി പതിനയ്യായിരം രൂപ മാസ ശമ്പളവും അനുവദിച്ചിരുന്നു. ഇതും അഴിമതി കുറയ്ക്കുന്നതിൽ നിർണ്ണായകമായി. പഞ്ചായത്ത് പിടിച്ചതിന് ശേഷം റോഡുകളുടെ വികസനമാണ് ആദ്യം തുടങ്ങിയത്. എല്ലാ റോഡുകളും വീതി കൂട്ടാനുള്ള നടപടി ആരംഭിച്ചു. റോഡ് വികസനത്തിനായി സ്ഥലം വിട്ടു നൽകിയവർക്ക്, പഞ്ചായത്ത് നൽകിയ ആനുകൂല്യങ്ങൾ കേട്ടാൽ കണ്ണു തള്ളി പോകും. ഏറ്റെടുത്ത സ്ഥലത്തിന് കൃത്യമായ വില നൽകി. സ്ഥലം ഏറ്റെടുത്തതിന് ശേഷം മതിലും ഗേറ്റും നിർമ്മിച്ച് നൽകിയതും 20 ട്വന്റി തന്നെ. മൂന്ന് മീറ്ററും നാലു മീറ്ററുമൊക്കെയായിരുന്ന റോഡുകൾ ഇന്ന് 14 മീറ്ററിലെത്തി നിൽക്കുകയാണ്. ഭാവി വികസനങ്ങൾ കൂടി കണ്ട് ആവിശ്യത്തിന് സ്ഥലം വശങ്ങളിൽ ഒഴിച്ചിട്ടിട്ടുമുണ്ട്.
റോഡിൽ യഥാ സ്ഥലങ്ങലിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. റോഡ് വികസനത്തിനായി സ്ഥലം വിട്ടു നൽകിയ ആയിരത്തി അൻപത് കുടുംബങ്ങൾക്കും പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് വഴി പൂർണ്ണമായും സൗജന്യമായി നൽകി വരുന്നു.

പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി ഒരു സൂപ്പർമാർക്കറ്റ് ആരംഭിച്ചുതാണ് 20 ട്വന്റി വിപ്ലവത്തിലെ ഏറ്റവും പ്രധാനം. 2017 ൽ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയാണ് ഉദ്ഘാടനം ചെയ്തത്. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച മാർട്ടിന്റെ ഉപഭോക്താക്കൾ കിഴക്കമ്പലം പഞ്ചായത്ത് നിവാസികളാണ്.മാർക്കറ്റിൽ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ മാർക്കറ്റ് വിലയേക്കാൾ 70 ശതമാനം വിലക്കുറവിലാണ് ലഭിക്കുന്നത്. കോവിഡ് ആയതിനാൽ 80 ശതമാനത്തോളം വിലകുറച്ചിട്ടുണ്ട്. ഓരോ കുടുംബങ്ങൾക്കും പ്രത്യേക കാർഡ് നൽകിയിട്ടുണ്ട്. ഈ കാർഡുമായെത്തുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഒരു കിലോ അരി പത്തുരുപക്ക് ലഭിക്കുന്ന ഇന്ത്യയിലെ അപൂർവ സ്ഥലങ്ങളിൽ ഒന്നായി ഇതു മാറി.

ഏറ്റവും കുറഞ്ഞ ക്രൈം റേറ്റ് ഉള്ള പഞ്ചായത്തുമായിരുന്നു കിഴക്കമ്പലം. ഇവിടുത്തെ ക്രൈം റേറ്റ് കൂട്ടിയതാവട്ടെ രാഷ്ട്രീയക്കാർ തന്നെയാണ്.

അപ്പനെ വെട്ടിനുറിക്കി, ഫാക്ടറി ആക്രമിച്ചു

സാബു എം ജേക്കബിനും കിറ്റക്സിനും നേരെ ആക്രമണം തുടങ്ങുന്നത് 20 ട്വന്റിയെന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതുകൊണ്ടാണെന്നാണ് പലരും പറയുന്നത്. എന്നാൽ ഇത് ശരിയല്ല. അതിനും എത്രയോ മുമ്പേ തുടങ്ങിയതാണ് ഈ പക. ഇതിന് കാരണമുണ്ട്. അവിഹിതമായി ഒന്നും ചെയ്യാത്തതിനാൽ കിറ്റക്സ് ഗ്രൂപ്പ് രാഷ്ട്രീയക്കാരെയും സാമുദായിക സംഘടനകളെയും ഭയന്നില്ല. അവർക്ക് ലക്ഷങ്ങൾ പിരിവ് കൊടുത്തില്ല.

ബിസിനസുകാരൻ എന്നാൽ എല്ലാ രാഷ്ട്രീയക്കാർക്കും കയറി നിരങ്ങാനുള്ള ആളാണെന്നാണ് പല പാർട്ടിക്കാരും കയറിയിരുന്നത്. അതിൽ കൊടിയുടെ നിറഭേദം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ 1975 മുതൽ പലവർഷങ്ങളിലും കമ്പനിയിൽ രാഷ്ട്രുയക്കാർ പ്രതിഷേധമുണ്ടാക്കി. സാബു ജേക്കബ് ഇങ്ങനെ പറയുന്നു. ''ഞങ്ങൾ നോട്ടടിച്ച് ഉണ്ടാക്കുന്നെന്ന മട്ടിൽ ആയിരുന്നു പലപ്പോഴും അവരുടെ പെരുമാറ്റം. പെട്ടൊന്നൊരു ദിവസം നമ്മുടെ മുന്നിൽ വന്ന് ഡിമാന്റുകൾ വെക്കും. ചോദിക്കുന്ന പൈസ കൊടുത്തില്ലെങ്കിൽ അധികാരം ഉപയോഗിച്ച് ഉപദ്രവിക്കും. 1988ൽ കമ്പനിയിൽ യൂണിയൻ ഉണ്ടാക്കാനുള്ള സമരം നടന്നു. പുറമെനിന്ന് എത്തിയവർ ആയിരുന്നു ആ സമരത്തിന് നേതൃത്വം നൽകിയത്. 585 ദിവസമായിരുന്നു ഈ സമരം നീണ്ടുനിന്നത്. പല ജില്ലകളിൽനിന്നും ആളുകൾ എത്തി. കിറ്റക്സ് പൂട്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

കറേ വർഷം മുമ്പ് പുതിയൊരു രാഷ്ട്രീയ കക്ഷിക്കാർ വന്ന് 50 ലക്ഷം സംഭാവന ചോദിച്ചു. അത്തരമൊരു സംഘടനയെക്കുറിച്ച് അന്ന് കേട്ടിട്ടുപോലും ഉണ്ടായില്ല. ഞങ്ങൾ അമ്പതിനായിരം രൂപ കൊടുക്കാമെന്ന് പറഞ്ഞപ്പോൾ അവർ ഭീഷണിപ്പെടുത്തി തിരിച്ചുപോവുകയാണ് ഉണ്ടായത്. അവരുടെയും ഉപദ്രവങ്ങൾ പിന്നീട് ഉണ്ടായി. എന്റെ അച്ഛനെ കാറിൽനിന്ന് വലിച്ചിറക്കി, റോഡിലിട്ട് 70 വെട്ടാണ് വെട്ടിയത്. 97ലാണ് ഈ സംഭവം. അദ്ദേഹത്തിന്റെ വിരലുകൾ ചിതറിപ്പോയി. എന്നിട്ടും എങ്ങനെയോ രക്ഷപ്പെട്ടു. എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 2001ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് രാത്രി 200ലേറെ രാഷ്ട്രീയക്കാർ ഫാക്ടറി ആക്രമിച്ചു. അഞ്ച് വണ്ടി തീവച്ചു. സ്ത്രീകളുടെ ഹോസ്റ്റലിന്റെ ചില്ലുകൾ തകർത്തു. രണ്ടര മണിക്കൂർ അക്രമമായിരുന്നു. ഇത് കേരളത്തിന്റെ പൊതുസ്വഭാവമാണ്. ''- സാബു ജേക്കബ് പറയുന്നു.

''കൃഷിയിൽ നിന്നാണ് ഞങ്ങൾ വ്യവസായത്തിലേക്ക് വന്നത്. ഒരുപാട് പേർക്ക് തൊഴിൽ കൊടുക്കുകയായിരുന്നു ലക്ഷ്യം. കിറ്റക്‌സിൽ ഇന്നുവരെ തൊഴിലാളി പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഓർക്കണം. ഞങ്ങൾക്ക് നേരെയുണ്ടായിട്ടുള്ളത് ഉദ്യോഗസ്ഥ-രാഷ്ട്രീയ അക്രമങ്ങളാണ്. മുൻകാലങ്ങളിൽ വലിയ പ്രതിസന്ധികളുണ്ടായെങ്കിലും കേരളം നന്നാകണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് പിടിച്ചുനിന്നത്. കേരളത്തിലെ നിക്ഷേപം ഉപേക്ഷിക്കാനുള്ള തീരുമാനം വൈകാരികമല്ല. ആലോചിച്ചെടുത്തതാണ്. 1995 ലാണ് കിറ്റെക്‌സ് ഗാർമെന്റ്‌സ് തുടങ്ങിയത്. ഈ 26 വർഷം കമ്പനി പ്രവർത്തിച്ചത് തെലങ്കാനയിലോ തമിഴ്‌നാട്ടിലോ ആയിരുന്നെങ്കിൽ ഇതിന്റെ പത്തിരട്ടി വളർന്നേനെ. ഇന്ന് 15,000 പേർ ജോലിയെടുക്കുന്ന സ്ഥാപനത്തിൽ ഒന്നരലക്ഷം പേരുണ്ടായിരുന്നേനെ.

വ്യവസായ സൗഹൃദമെന്ന സംഗതി കേരളത്തിലില്ല. വ്യവസായ സൗഹൃദത്തിൽ 28ാം റാങ്കാണ് കേരളത്തിന്. ത്രിപുര മാത്രമാണ് കേരളത്തിന് പിന്നിലുള്ളത്. എന്തൊരു നാണക്കേടാണിത്. കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് രാഷ്ട്രീയക്കാരും മന്ത്രിമാരുമാണ്. കേരളത്തിലാണ് എന്റെ ഫാക്ടറി, പതിനായിരത്തിലേറെ പേർ ജോലി ചെയ്യുന്നു എന്ന് ഞാൻ പറയുമ്പോൾ മറ്റ് നാട്ടുകാർ അന്തംവിടുകയാണ്.''- സാബു ജേക്കബ് ചൂണ്ടിക്കാട്ടുന്നു.

പി.ടി തോമസ് മുതൽ ശ്രീനിജൻവരെ

1995 മുതൽ 2000 വരെ സിപിഎമ്മാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിച്ചത്. പിന്നീടുള്ള വർഷങ്ങളിൽ സിപിഎമ്മും കോൺഗ്രസും ഇടവിട്ട് ഭരിച്ചു. 2015ൽ മാത്രമാണ് മറ്റൊരു സംഘടനയ്ക്ക് കിഴക്കമ്പലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അവസരം ലഭിക്കുന്നത്. അത് ചരിത്രമായി. പിന്നീട് അങ്ങോട്ട് അവർ നാലുപഞ്ചായത്തിൽ വ്യാപിച്ചു. ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും പ്രതിനിധിയായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും നിരവധിയിടങ്ങളിൽ മത്സരിച്ച് ശക്തമായ സാന്നിധ്യമായി. രാഷ്ട്രീയക്കാരുടെ പൊതുശത്രുവായി 20 ട്വന്റി മാറിയതിൽ എന്തെങ്കിലും അത്ഭുദമുണ്ടോ.

പൊതുവെ സൗമ്യനും ശാന്തനുമായി കാണുന്ന നേതാക്കൾപോലും ട്വന്റി ട്വന്റിയോടും കിറ്റക്സിനോടും വളരെ മോശമായാണ് പെരുമാറിയത്. അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസ് ഉദാഹരണം. പി ടി നിരവധി തവണയാണ് കിറ്റക്സിൽ മലീനകരണം ഉണ്ടെന്ന് പറഞ്ഞതും പരാതി നൽകിയതും. ഇതിന്റെ പേരിൽ നിരവധി തവണ കിറ്റക്സിൽ പരിശോധനകൾ നടന്നു. പക്ഷേ ഈ പരിശോധനകൾ അല്ലാതെ അതിന്റെിസൾട്ട് എവിടെയാണ് എന്നാണ് സാബു എം ജേക്കബ് ചോദിക്കുന്നത്. സഹികെട്ട് അദ്ദേഹം, കോടിക്കണക്കിന് രൂപക്ക് താൻ പറഞ്ഞ ആരോപണങ്ങൾ തെളിയിക്കാൻ പി ടി തോമസിനെ വെല്ലുവിളിച്ചിരുന്നു. പക്ഷേ പി ടിക്ക് അത് യുക്തിഭദ്രം തെളിയിക്കാനില്ല. പി ടി തോമസിന്റെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ ഒരു നാണക്കേടായി മാറി കിറ്റകസ്് സംഭവം. നിരവധി തവണ പരിശോധനകൾ നടത്തിയിട്ടും സർക്കാറിന് ഇവിടെ ഒരു നിയമലംഘനവും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇപ്പോൾ പി ടിയുടെ റോളിൽ സിപിഎം എംഎൽഎ ശ്രീനിജൻ ആണ്. സൗമ്യനായ പി ടി കായികമായി ആക്രമിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ ശ്രീനിജൻ അക്രമവും ഭീഷണിയും കൈ മുതലാക്കിയാണ്, തങ്ങളെ നേരിടുന്നത് എന്നാണ് 20 ട്വന്റിയുടെ ആരോപണം. ഏറ്റവും വിച്ര്രിതം ശ്രീനിജൻ ജയിച്ചത് തന്നെ 20 ട്വന്റി കാരണമാണ് എന്നതാണ്. കാരണം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ഈ പാർട്ടികൂടി ശക്തമായ വന്നതോടെ, യുഡിഎഫിന്റെ വോട്ട് ഭിന്നിച്ചു. അങ്ങനെയാണ് കോൺഗ്രസിന് സിറ്റിങ്ങ് സീറ്റ് നഷ്ടമാവുന്നത്. ഈയടുത്ത കാലംവരെ കോൺഗ്രസിൽ ആയിരുന്നു ശ്രീനിജൻ, കാലുമാറി സിപിഎമ്മിൽ എത്തിയതും, സീറ്റിനുവേണ്ടി 30 കോടി കൊടുത്തുവെന്നതുമൊക്കെ നേരത്തെ വൻ വിവാദമായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു കെ ജി ബാലകൃഷ്ണന്റെ മകളുടെ ഭർത്താവായ ശ്രീനിജൻ, അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ നേരത്തെ വിവാദ പുരുഷൻ ആയിരുന്നു. ബാലകൃഷ്ണന്റെ പല സ്വത്തുവകകളും ശ്രീനിജന്റെ പേരിലാണെന്നതും വിവാദമായിരുന്നു.

ഇതേ ശ്രീനിജൻ ഇപ്പോൾ 20 ട്വന്റിയെ തീർക്കും എന്ന വാശിയിലാണത്രേ. പ്രദേശത്ത് ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ എംഎൽഎയുടെ അറിവോടെയാണെന്നാണ് സാബു എം ജേക്കബ് അടക്കമുള്ളവർ ആരോപിക്കുന്നത്.

ദീപുവിന്റെ രക്തസാക്ഷിത്വം ചോദിക്കുന്നത്?

ഏതാനും വർഷങ്ങളായി കിഴക്കമ്പലത്ത് 20 ട്വന്റി പ്രവർത്തകർക്കെതിരെ സിപിഎം- കോൺഗ്രസ് പ്രവർത്തകർ ആക്രമണങ്ങൾ അഴിച്ചു വിടുന്നുണ്ടെങ്കിലും ഒരാളുടെ ജീവനെടുക്കുന്നത് ഇത് ആദ്യമാണ്. പഞ്ചായത്തുകളിൽ പ്രതിപക്ഷമില്ലാതെ ആധിപത്യം സ്ഥാപിച്ച ഈ പാർട്ടിയെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ കടുത്ത വൈരത്തോടെയാണ് കാണുന്നത്. ശ്രീനിജൻ എംഎൽഎ ആയതോടെ കളി പുതിയ തലത്തിലേക്ക് കടുന്നു. സംസ്ഥാന ഭരണം കയ്യാളുന്ന പാർട്ടിയുടെ എംഎൽഎ, ഇവിടെ നടപ്പാക്കുന്ന പല പദ്ധതികൾക്കും തുരങ്കം വയ്ക്കുന്നതായി ആദ്യം മുതൽ തന്നെ ആക്ഷേപമുണ്ടായിരുന്നു.

കിഴക്കമ്പലത്ത് വഴിവിളക്കുകൾ തെളിക്കുന്നതിനായി നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ചിനെതിരെ ശ്രീനിജൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയതിൽ പ്രതിഷേധിച്ചായിരുന്നു 20 ട്വന്റിയുടെ നേതൃത്വത്തിൽ വിളക്കണയ്ക്കൽ സമരം നടത്തിയത്. എംഎൽഎ കെഎസ്ഇബി ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതി നടപ്പാക്കുന്നതു തടയുന്നു എന്നായിരുന്നു ആക്ഷേപം. 12ന് വൈകിട്ട് 7 മുതൽ 7.15 വരെയായിരുന്നു സമരം. ഈ സമരത്തിൽ പങ്കെടുത്ത് സ്വന്തം വീട്ടിൽ വിളക്കണച്ച ശേഷം അടുത്ത വീട്ടിലേയ്ക്കു പോകുമ്പോൾ കാത്തു നിന്ന സിപിഎം പ്രവർത്തകർ ദീപുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ദീപുവിനെ ഈ വീട്ടിലേക്കു മനഃപൂർവം വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്ന് വാർഡ് മെമ്പർ നിഷ പ്രതികരിച്ചു.

സിപിഎം പ്രവർത്തകരുടെ മർദനമേറ്റു ശരിക്കും ഭയന്നു പോയ ദീപു തലയിലും വയറിനും ഗുരുതരമായി പരുക്കേറ്റെങ്കിലും വിവരം പുറത്തു പറഞ്ഞിരുന്നില്ല. ആശുപത്രിയിൽ പോയാൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. ചികിത്സ തേടിയാൽ ആശുപത്രിക്കാർ അറിയിച്ച് പൊലീസ് വിവരം അറിയുമെന്നതിനാലായിരുന്നു ഭീഷണി. ഭയന്ന വീട്ടുകാരും ഇക്കാര്യം പുറത്തു പറഞ്ഞില്ല. അക്രമികളാകട്ടെ വീടിനു മുന്നിൽ തമ്പടിക്കുകയും ചെയ്തു. ഇതിനിടെ ദീപുവിന്റെ ആരോഗ്യനില മോശമായതോടെയാണ് ദീപുവിനെ ആശുപത്രിയിൽ എത്തിക്കുന്നത്. അക്രമണ വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്തു വാർഡ് മെമ്പറെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ആക്രമിച്ചെന്നും ആരോപണമുണ്ട്.

അയൽവാസികളുടെ ഉൾപ്പടെ സഹായത്തോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയം തലച്ചോറിലേക്ക് രക്തസ്രാവമുണ്ടാകുകയും ഛർദി രൂക്ഷമാകുകയും ചെയ്തിരുന്നു. പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും മരണം സംഭവിക്കയയായിരുന്നു. എന്നാൽ ഈ മരണം ലിവർ സീറോസിസ് ആക്കാനായിരുന്നു, ശ്രീനിജനും കൂട്ടരും യത്നിച്ചിരുന്നത്. പ്രതികളുമായും എംഎൽഎക്ക് അടുത്ത ബന്ധമാണെന്ന് 20 ട്വന്റിക്കാർ ആരോപിക്കുന്നു.

ഈ ദലിത് കോളനിയുടെ വികസനത്തിനും സിപിഎം പാരവെച്ചു. ഇവിടെ ലക്ഷം വീടുകൾ മാറ്റി 72 ഗോഡസ് ഓൺ വില്ലകളാണ് കിഴക്കമ്പലം പഞ്ചായത്ത് നിർമ്മിച്ചത്. അതിലും ഉടക്കിട്ടത്് രാഷ്ട്രീയക്കാർ ആയിരുന്നു. തുടക്കത്തിൽ ലൈഫ് ഭവന പദ്ധതിയിൽനിന്ന് കിട്ടുന്ന 4 ലക്ഷം രൂപയിൽനിന്ന് എതാനും ലക്ഷങ്ങൾ കൂടി 20 ട്വന്റി മുടക്കി, 750 സ്‌ക്വയർ ഫിറ്റ് വീടാണ് പണിതുകൊടുത്തിരുന്നത്, എന്നാൽ ജില്ലാ പഞ്ചായത്തിന്റെ അധികാരമുപയോഗിച്ച് സമ്മർദ്ദം ചെലുത്തിക്കൊണ്ട് 450 സ്‌ക്വയർ ഫിറ്റ് ഉള്ള വീട് മാത്രമാണ് പണിയാവൂ എന്ന നിയമം സിപിഎം അടക്കമുള്ള കക്ഷികൾ ഉണ്ടാക്കി. ലൈഫ് പദ്ധതിയുടെ ചട്ടം അതാണത്രേ. നോക്കുക, പാര വരുന്ന വഴികൾ നോക്കുക.

ദീപുവിന്റെ കടുംബത്തെ സംരക്ഷിക്കുമെന്നും 20 ട്വന്റിയും സാബു എം ജേക്കബും പറഞ്ഞിട്ടുണ്ട്. ഇവിടെയും അദ്ദേഹം വ്യത്യസ്തനായി. മാർക്സിസ്റ്റ് പാർട്ടി ചെയ്യുന്നതുപോലെ രക്തസാക്ഷി ഫണ്ടും, മന്ദിരവുമൊന്നും തങ്ങൾ ഉണ്ടാക്കില്ലെന്നും സാബു പറയുന്നു.

പക്ഷേ മാറേണ്ടത് 20 ട്വന്റിയല്ല. സിപിഎം അടക്കമുള്ള പാർട്ടികളും, ശ്രീനിജനെപ്പോലെയുള്ള നേതാക്കളുമാണ്. 20 ട്വന്റിയെ നിങ്ങൾ നേരിടേണ്ടത് കായികമായിട്ടില്ല. ആശയപരമായിട്ടും പിന്നെ അതുപോലെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയുമാണ്.

വാൽക്കഷ്ണം: സർക്കാറിന് കിറ്റ് കൊടുത്ത് വോട്ടുനേടാം. പക്ഷേ കിറ്റക്സ് അത് ചെയ്യരുത്. വ്യപാരികളിൽ നിന്നും വ്യവസായികളിൽ നിന്നും നിർദാക്ഷിണ്യം സംഭാവന പാർട്ടികൾക്ക് പിരിക്കാം. പക്ഷേ ഒരു വ്യവസായി അയാളുടെ കൈയിനിന്ന് പണമെടുത്ത് വികസനം കൊണ്ടുവന്നാൽ അത് കോർപ്പറേറ്റ് കെണിയായി. ഇതുസംബന്ധിച്ച വ്യാഖ്യാന കസർത്തുകളും രസകരമാണ്.