- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്മ്യൂണിസ്റ്റ് അതികായൻ ജോർജ് ചടയംമുറിയുടെ കൊച്ചുമകൻ; ജനകീയനായ ഉമ്മൻ ചാണ്ടിയുടെ മരുമകൻ; ഇടതും വലതും പിടിക്കാതെ രാഷ്ട്രീയ പ്രവേശനം ട്വന്റി ട്വന്റിയിലൂടെ; 'രാഷ്ട്രീയം ജോലിയല്ല, ആകർഷിച്ചത് അഴിമതി രഹിതമായ പ്രവർത്തനം'; വ്യത്യസ്തമായ രാഷ്ട്രീയ വഴി തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി വർഗീസ് ജോർജ്
കൊച്ചി: കിഴക്കമ്പലം മോഡൽ വികസനം കേരളമാകെ ചർച്ചയായതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തറിയിക്കാനുള്ള ട്വന്റി ട്വന്റിയുടെ പോരാട്ടത്തിന് പിന്തുണയേറുകയാണ്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖരെ എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ അണിനിരത്തി പോരാട്ടത്തിനിറങ്ങിയ ട്വന്റി ട്വന്റി രാഷ്ട്രീയ പാർട്ടികൾക്ക് ഇതിനകം വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. എന്നാൽ രാഷ്ട്രീയ കേരളത്തെയാകെ അമ്പരപ്പിച്ച ഒന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജിന്റെ ട്വന്റി ട്വന്റിയിലേക്കുള്ള പ്രവേശം.
കമ്മ്യൂണിസ്റ്റ് അതികായൻ ജോർജ് ചടയംമുറിയുടെ കൊച്ചുമകൻ, കേരളം കണ്ട ഏറ്റവും ജനകിയരായ മുഖ്യമന്ത്രിമാരിൽ ഒരാളായ ഉമ്മൻ ചാണ്ടിയുടെ മരുമകൻ. അടിയുറച്ച രണ്ട് പാർട്ടി കുടുംബങ്ങളെ അടുത്തു നിന്ന് കണ്ടറിഞ്ഞ വ്യക്തിയാണ് വർഗീസ് ജോർജ്.കരുത്തുറ്റ രണ്ട് രാഷ്ട്രീയ പാരമ്പര്യങ്ങൾക്കും പിന്നാലെ പോകാതെ വ്യത്യസ്തമായൊരു രാഷ്ട്രീയ വഴി തെരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങൾ വർഗീസ് ജോർജ് വ്യക്തമാക്കുന്നു.
കോളജ് കാലത്ത് എസ്എഫ്ഐ ആയിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എസ്എഫ്ഐ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. പിന്നീട് ജോലിത്തിരക്കുകളിലേക്ക് കടന്നു. രാഷ്ട്രീയം ജോലിയാക്കി എടുത്തില്ല. കേരളത്തിലെ രാഷ്ട്രീയ വികാസങ്ങൾ നിരീക്ഷിക്കാറുണ്ടായിരുന്നു. ഒരു മലയാളിക്കും രാഷ്ട്രീയത്തെ വേർതിരിച്ച് ജീവിതമില്ല.
നിലവിൽ ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിർമ്മാണ കമ്പനി ആസ ഗ്രൂപ്പിന്റെ സിഇഒയാണ്. ലീവെടുത്താണ് വന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തിരിച്ചുപോകും. സമൂഹത്തിന് എന്നാൽ കഴിയുന്ന സഹായം ചെയ്യാൻ എന്നും രംഗത്തുണ്ടാകുമെന്നും വർഗീസ് ജോർജ് പറയുന്നു.
കിഴക്കമ്പലം മോഡൽ കേരളമാകെ ചർച്ചയാവുകയാണ്. മികച്ച പ്രവർത്തനങ്ങളാണ് ട്വന്റി ട്വന്റി നടപ്പാക്കുന്നത്. അഴിമതി രഹിതമായ അവരുടെ പ്രവർത്തനങ്ങളാണ് അതിലേക്ക് ആകർഷിച്ചത്. താനൊരു രാഷ്ട്രീയക്കാരനല്ല. അതെന്റെ ജോലിയല്ല. സ്വന്തം കാര്യങ്ങൾക്കിടയിൽ നാടിനുവേണ്ടിയും ചെറിയ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ആഗ്രഹമെന്നും വർഗീസ് ജോർജ് പറയുന്നു.
ട്വന്റി ട്വന്റി പ്രവേശനം ഉമ്മൻ ചാണ്ടിയുമായി ചർച്ച ചെയ്തിട്ടില്ലെന്ന് വർഗീസ് ജോർജ് തുറന്നുപറയുന്നു. ഉമ്മൻ ചാണ്ടിയുടെ മരുമകൻ എന്ന ഐഡന്റിറ്റി ഉള്ളതുകൊണ്ട് കോൺഗ്രസിൽ ചേരണം എന്നില്ലല്ലോ. തന്റെ കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റാണ്. ജോർജ് ചടയംമുറിയെന്ന പ്രഗത്ഭനായ മാർക്സിസ്റ്റ് നേതാവിന്റെ കൊച്ചുമകനാണ് താൻ. രക്തം വെച്ച് എൽഡിഎഫിലല്ലേ ചേരേണ്ടതെന്നും വർഗീസ് ജോർജ് പറയുന്നു.
ഉമ്മൻ ചാണ്ടി ഒരു രാഷ്ട്രീയ സർവകലാശാലയാണ്. അദ്ദേഹത്തിന് മുന്നിൽ താൻ പ്രൈമറി സ്‌കൂളിന് അപ്പുറത്തേക്കില്ല. ജനങ്ങൾക്ക് വേണ്ടി അത്രയും അധ്വാനിക്കുന്നുണ്ട്. ഇപ്പോഴും രണ്ടര,മൂന്നു മണിക്കൂർ ആണ് ഉറങ്ങുന്നത്. അത് തനിക്ക് ചെയ്യാൻ പറ്റില്ലായിരിക്കും. അദ്ദേഹത്തിന് മുന്നിൽ താനൊന്നുമല്ലെന്നും വർഗീസ് ജോർജ് തുറന്നു പറയുന്നു.
'അദ്ദേഹത്തോട് ചോദിച്ചാൽ ഒരിക്കലും അത് താത്പര്യമുണ്ടാകില്ല.കാരണം ജീവിതത്തിൽ ശ്വസിക്കുന്നതുവരെ കോൺഗ്രസ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പുറത്തുകാണുന്ന അതേ മനുഷ്യനാണ് കുടുംബത്തിലും. ആരുടേയും കാര്യത്തിലും ബലമായി ഇടപെട്ട് തീരുമാനങ്ങൾ മാറ്റാറില്ല. എന്റെ തീരുമാനത്തിൽ അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചിരിക്കാം...അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ ജനങ്ങളെ സേവിക്കാനാണ് മാറ്റിവച്ചിരിക്കുന്നത്. എന്റെ നിലപാടും അതുതന്നെയാണ്. എതിർ സ്ഥാനാർത്ഥികളെ വ്യക്തിപരമായി ആക്രമിച്ച് വോട്ട് തേടില്ല' വർഗീസ് ജോർജ് തുറന്നു പറയുന്നു.
ജനക്ഷേമ പ്രവർത്തനങ്ങൾ ട്വന്റി ട്വന്റി തന്നെ നടത്തണമെന്ന് തനിക്ക് ആഗ്രഹമില്ല. ഏത് പാർട്ടി ചെയ്താലും ആ പാർട്ടിയെ പിന്തുണയ്ക്കുക എന്നതാണ് തീരുമാനം. പക്ഷേ അതിപ്പോൾ ട്വന്റി ട്വന്റി മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് അവർക്കൊപ്പം നിൽക്കുന്നുവെന്നും വർഗീസ് ജോർജ് വ്യക്തമാക്കുന്നു.
കിഴക്കമ്പലത്തെക്കാൾ മികച്ചതായി ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി പഞ്ചായത്ത് നടത്തുന്നുണ്ടെങ്കിൽ അവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും തയ്യാറാണ്. കഷ്ടപ്പെട്ട് സംബാധിച്ച് വാങ്ങിയ ബെൻസ് കാർ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ കൊണ്ട് ഓടിപ്പിക്കുമോഇല്ലല്ലോ കാരണം അത്രയ്ക്ക് വിലപിടിപ്പുള്ളതാണ് ആ വണ്ടി. നല്ല എക്സ്പീരിയൻസ് ആയ ആളെക്കൊണ്ടുതന്നെ വണ്ടി ഓടിപ്പിക്കണം.
ഭരണം വരുമ്പോൾ മാത്രം എന്താണ് നമ്മൾ അത് ശ്രദ്ധിക്കാത്തത് നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് ടാക്സ് കൊടുത്ത് ആളെ വയ്ക്കുമ്പോൾ ആ ആൾക്ക് ജോലി ചെയ്യാൻ അറിയുമോ എന്ന് ചോദിക്കുന്നതിൽ എന്ത് തെറ്റാണുള്ളത് അങ്ങനെ എല്ലാവരും ചിന്തിച്ചാൽ എല്ലാ മണ്ഡലങ്ങളും മികച്ചതാകും. മറ്റു രാഷ്ട്രീയ കക്ഷികളോട് വിരോധമില്ല.
'ട്വന്റി ട്വന്റി ചെയ്യുന്ന ജോലി അവരെക്കാൾ നന്നായി ചെയ്ത് അവരെ തോൽപ്പിക്കൂ, അവരെ രാഷ്ട്രീയത്തിൽ നിന്ന് ഇറക്കിവിടൂ. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റിൽ ട്വന്റി ട്വന്റിയെ ജയിപ്പിക്കുകയാണെങ്കിൽ, അടുത്ത തവണ വിചാരിച്ചാൽ ട്വന്റി ട്വന്റിയെ ഇല്ലാതാക്കാം. കിഴക്കമ്പലത്ത് ചെയ്യുന്നതിനെക്കാൾ മികച്ചതായി സംസ്ഥാനം മുഴുവൻ എല്ലാവരും പ്രവർത്തിച്ചാൽ പിന്നെ ട്വന്റി ട്വന്റിക്ക പ്രസക്തിയില്ലല്ലോ' വർഗീസ് ജോർജ് ചോദിക്കുന്നു.
ന്യൂസ് ഡെസ്ക്