- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുന്നത്തുനാട് കോൺഗ്രസിൽ നിന്ന് തിരിച്ചു പിടിക്കുമോ? പെരുമ്പാവൂരും കോതമംഗലവും മൂവാറ്റുപുഴയിലും തൃക്കാക്കരയിലും എറണാകുളത്തും കൊച്ചിയിലും വൈപ്പിനിലും എന്തു സംഭവിക്കും; ട്വന്റി 20 മാറ്റിമറിക്കുന്നത് എറണാകുളത്തെ രാഷ്ട്രീയ ഭാവിയോ? തിരുവനന്തപുരത്ത് ജയിക്കുന്നവർക്ക് കേരളം ഭരിക്കാമെന്ന പഴമൊഴി ഇത്തവണ അപ്രസക്തം
കൊച്ചി: തിരുവനന്തപുരം പിടിക്കുന്നവർ കേരളത്തിൽ അധികാരത്തിൽ എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയുമാണ് മാറി മറിയുന്ന ജില്ലകൾ. എന്നാൽ ഇത്തവണ എറണാകുളമാണ് ശ്രദ്ധേയ ജില്ല. എറണാകുളം പിടിച്ചാൽ ഭരണത്തിൽ എത്താമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. തിരുവനന്തപുരത്തും ആലപ്പുഴയിലും കൊല്ലത്തും മുൻതൂക്കം നേടിയാലും എറണാകുളം കൈവിട്ടാൽ കാര്യങ്ങൾ കോൺഗ്രസ് മുന്നണിക്ക് തിരിച്ചടിയാകും. ട്വന്റി ട്വന്റി ഫാക്ടറാണ് ഇതിന് കാരണം.
ട്വന്റി 20ക്കും തിരഞ്ഞെടുപ്പിലെ പ്രകടനം നിർണായകമാണ്. നല്ലൊരു വിഹിതം വോട്ടു പിടിക്കുകയും പ്രസ്ഥാനത്തിനു വേരോട്ടമുള്ള കുന്നത്തുനാട് മണ്ഡലത്തിൽ ജയിക്കുകയും ചെയ്താൽ അത് ട്വന്റി ട്വന്റിക്ക് കരുത്താകും. കുന്നത്തുനാട്ടിൽ പരാജയപ്പെട്ടാലും മത്സരിക്കുന്ന 8 മണ്ഡലങ്ങളിൽ വിജയം നിർണയിക്കുന്ന ശക്തിയായാൽ പിടിച്ചുനിൽക്കാം. ട്വന്റി ട്വന്റി കരുത്ത് കാട്ടിയാൽ അതിന്റെ ദോഷം കോൺഗ്രസിനാകുമെന്നാണ് വിലയിരുത്തൽ. എറണാകുളം ജില്ലയിൽ നിലവിൽ 14ൽ 9 സീറ്റുള്ള മുന്നണിക്ക് 11 സീറ്റാണു യുഡിഎഫ് ലക്ഷ്യം. ഇതിന് ട്വന്റി ട്വന്റി തടസ്സമായാൽ കോൺഗ്രസിന് ഭരണം അന്യമാവകുയും ചെയ്യും.
എൽഡിഎഫ് ജയിച്ച 4 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ട്വന്റി 20 തങ്ങളുടെ സാധ്യതകൾ കളയുമോയെന്നും പുതിയ ഏതെങ്കിലും മണ്ഡലങ്ങളിൽ വിജയം നൽകുമോയെന്നും ഇടതുമുന്നണി ഉറ്റുനോക്കുന്നു. കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ മത്സരിക്കുന്ന ട്വന്റി 20 എല്ലായിടത്തും കരുത്ത് കാട്ടുമെന്ന പ്രതീക്ഷയിലാണ്. ഇടതും വലതും നേർക്കുനേർ ഏറ്റുമുട്ടിയ കാലത്തു യുഡിഎഫിന്റെ ശക്തമായ മേൽക്കോയ്മയായിരുന്നു ജില്ലയിൽ. ട്വന്റി ട്വന്റി ഈ സമവാക്യം തെറ്റിക്കാൻ സാധ്യത ഏറെയാണ്. സിപിഎം കേഡർ വോട്ടുകൾ നേടിയാൽ പോലും ജയിക്കാവുന്ന അവസ്ഥയിലേക്ക് ട്വന്റി ട്വന്റിയുടെ സാന്നിധ്യം കാര്യങ്ങളെ എത്തിക്കുമോ എന്ന ആശങ്ക കോൺഗ്രസിനുമുണ്ട്.
കുന്നത്തുനാട്ടിൽ വിജയവും 7 മണ്ഡലങ്ങളിൽ 10,000-25,000 വോട്ടുമാണ് ട്വന്റി 20 പ്രതീക്ഷിക്കുന്നത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ വോട്ടുനിലയിൽ മാറ്റമില്ലാതിരിക്കുകയും, ഇതിൽ ഏതെങ്കിലും ഒരു മുന്നണിയിൽനിന്നു മാത്രം 10,000 വോട്ടുകൾ ചോരുകയും ചെയ്താൽ ട്വന്റി 20 ജയിച്ചില്ലെങ്കിലും അട്ടിമറി വിജയങ്ങൾക്കു വഴിവയ്ക്കും. ഇതാണ് യുഡിഎഫിന് ചങ്കിടിപ്പു കൂട്ടുന്നത്.
ട്വന്റി 20 ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ 5 പഞ്ചായത്തിൽ മത്സരിച്ച് നാലിലും ഭരണം നേടി. 9 ബ്ലോക്ക് പഞ്ചായത്ത് സീറ്റും ഒരു ജില്ലാ പഞ്ചായത്തു സീറ്റും നേടി. ഈ പിന്തുണ നിലനിർത്തിയാൽ, ട്വന്റി 20 ഭരിക്കുന്ന 4 പഞ്ചായത്തുകൾ ഉൾപ്പെടുന്ന കുന്നത്തുനാട് സീറ്റ് നേടാമെന്നാണു കണക്കുകൂട്ടൽ. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര എന്നിവയെല്ലാം യുഡിഎഫിന്റെ പ്രതീക്ഷകളാണ്. ഇതെല്ലാം യുഡിഎഫിന്റെ പരമ്പരാഗത സീറ്റുകളാണ്. കോതമംഗലം, മൂവാറ്റുപുഴയും എങ്ങനേയും നേടി അഞ്ചിൽ അഞ്ചും സ്വന്തമാക്കാനാണ് ആലോചന. ഇതിനിടെയാണ് കോൺഗ്രസിന് മുമ്പിൽ ട്വന്റി ട്വന്റി ഭീഷണി എത്തുന്നത്.
ട്വന്റി 20 മത്സരത്തിനെത്തിയാൽ പ്രധാനമായും നേടുക കോൺഗ്രസ് വോട്ടുകളാകും. ഫലത്തിൽ കോൺഗ്രസിനാകും ട്വന്റി ട്വന്റിയുടെ മത്സരം തിരിച്ചടിയാകുക. കേരളത്തിലെ യുവ തലമുറ സമസ്ത മേഖലകളിലും മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് കിറ്റെക്സ് ഗാർമെന്റ്സ് മാനേജിങ്ങ് ഡയറക്ടറും ട്വന്റി 20 എന്ന സംഘടനയുടെ സ്ഥാപകനും ചീഫ് കോർഡിനേറ്ററുമായ സാബു എം.ജേക്കബ് പറയുന്നു. അതിന്റെ പ്രതിഫലനമാണ് ട്വന്റി20 യുടെ വിജയത്തിന് നിദാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ വിദ്യാഭ്യാസ - തൊഴിൽ- രാഷ്ട്രീയ മേഖലകളിൽ സമസ്തമായ മാറ്റമാണ് യുവജനത പ്രതീക്ഷിക്കുന്നത്. യുവജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മായാണ്. നമ്മുടെ യുവ തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം നൽകാൻ പോലും നമുക്ക് കഴിയുന്നില്ല. കേരളത്തിൽ വേണ്ടത്ര മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ തമിഴ്‌നാട്ടിലും കർണാടകയിലുമൊക്കയാണ് നമ്മുടെ യുവജനങ്ങൾ വിദ്യാഭ്യാസം തേടിപ്പോകുന്നത്. അന്യനാടുകളിൽ വിദ്യാഭ്യാസം പൂർത്തിയയാക്കി മടങ്ങി വരുന്ന അവർക്ക് മാന്യമായ ഒരു ജോലി പോലും ലഭിക്കുന്നില്ല- ഇതാണ് ട്വന്റി ട്വന്റി മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം.
കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സംസ്‌കാരത്തിന്റെ ദുരന്തഫലമാണ് ഇവർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതിയിൽ മാറ്റം വരണമെങ്കിൽ ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങണം. അത്തരമൊരു ചിന്തയിൽ നിന്നാണ് ട്വന്റി 20 എന്ന ആശയം ഉരുത്തിരിഞ്ഞതെന്നും കിറ്റക്‌സ് ഉടമ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ജയം ഉറപ്പാണെന്ന് അവരും കരുതുന്നു.
മറുനാടന് മലയാളി ബ്യൂറോ