കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഇനി ഭവന രഹിതരില്ലാത്ത പഞ്ചായത്ത്. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിന്റെയും ട്വന്റി20 യുടെയും നേതൃത്ത്വത്തിൽ നടപ്പാക്കുന്ന ലക്ഷം വീടുകൾ ഒറ്റവീടാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. ഉലകനായകൻ കമൽഹാസൻ ഭവനങ്ങളുടെ താക്കോൽ നാളെ (ഡിസംബർ 3ന്) ജനങ്ങൾക്ക് കൈമാറും.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഞാറല്ലൂർ കോളനിയിലെ 37 വീടുകളാണ് ജനങ്ങൾക്ക് കൈമാറുന്നത്. 750 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. 2 ബെഡ് റൂം, കാർപോർച്ച്, അടുക്കള, ബാത്ത്‌റൂം, ടോയ്‌ലറ്റ്, സിറ്റ്ഔട്ട്, ചുറ്റുമതിൽ എന്നിവ അടങ്ങിയതാണ് ഒരു വീട്. വീടുകളിലേക്ക് വെള്ളം, റോഡ്, വഴി വിളക്ക് എന്നിവ ട്വന്റി20യുടെ നേതൃത്വത്തിൽ ഒരുക്കിക്കൊടുത്തിട്ടുണ്ട്. 6 കോടി രൂപ ചെലവിൽ പൂർത്തീകരിച്ചിരിക്കുന്ന ഞാറല്ലൂർ പ്രോജക്ടിൽ ട്വന്റി20 5 കോടി 26 ലക്ഷം, കേരള സർക്കാരിന്റെ ലക്ഷം വീട് ഒറ്റ വീടാക്കൽ പദ്ധതി പ്രകാരം കിഴക്കമ്പലം പഞ്ചായത്ത് 74 ലക്ഷം രൂപയും ചിലവഴിച്ചാണ് 37 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

വിലങ്ങ്, കാണ്ണാമ്പുറം, മാക്കിനിക്കര എന്നീ കോളനികളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. ട്വന്റി20 യുടെ നേതൃത്വത്തിൽ 300 ഓളം ഭവനരഹിതരായവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു കൊടുക്കുകയും, 800 ഓളം വീടുകൾ പുതുക്കി പണിത് വാസയോഗ്യമാക്കി നല്കുകയും ചെയ്തിട്ടുണ്ട്. ട്വന്റി20 യുടെ ഓരോ പ്രവർത്തനങ്ങളും നേരത്തെ തന്നെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ആം ആദ്മി, മക്കൾ നീതി മയം തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ, ശ്രീലങ്കൻ അഡ്‌മിനിസ്‌ട്രേറ്റേഴ്‌സ് ട്വന്റി20യുടെ വികസന പ്രവർത്തനങ്ങൾ പഠിക്കുവാൻ നേരത്തെ കിഴക്കമ്പലത്ത് എത്തിയിട്ടുണ്ട്.