മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുഖസാദൃശ്യമുള്ള സായിപ്പിനെ കാനഡയിൽ കണ്ടെത്തിയത് അടുത്തിടെ വലിയ കൗതുകമുണർത്തിയ വാർത്തയാണല്ലോ. അത്തരം അപരന്മാർ ഉമ്മൻ ചാണ്ടിക്കുമാത്രമല്ല, എല്ലാവർക്കും ഉണ്ടാകാം. ഏതോ ഒരു നാട്ടിൽ നമ്മളെപ്പൊലീരിക്കുന്ന ഒരു അപരനുണ്ടെങ്കിലോ? അത് കണ്ടെത്താനുള്ള വിദ്യയാണ് ട്വിൻ സ്‌ട്രേഞ്ചേഴ്‌സ് എന്ന വെബ്‌സൈറ്റ് ഒരുക്കുന്നത്.

അയർലൻഡിലെ കൗണ്ടി കെറിയിലിലുള്ള ഷാനോൺ ലോംഗർഗാൻ എന്ന 21-കാരിക്ക് ട്വിൻ സ്‌ട്രേഞ്ചേഴ്‌സിലൂടെ തന്റെ പ്രതിരൂപത്തെ കിട്ടി. അങ്ങകലെ, സ്വീഡനിൽ ഡീവിക്കുന്ന സാറ നോർദ്‌സ്‌ട്രോം എന്ന 17-കാരിയായിരുന്നു അത്. സ്വന്തം രക്ഷകർത്താക്കൾക്കുപോലും തിരിച്ചറിയാൻ സാധിക്കാത്ത സാമ്യമായിരുന്നു ഇവർക്കുണ്ടായിരുന്നത്. തലമുടി മുതൽ മുഖത്തെ ചുളിവുകൾ വരെ ഒരേപോലുള്ളത്. ഇരുവരും ഒടുവിൽ നേർക്കുനേർ കണ്ടപ്പോൾ മുഖസാമ്യം കണ്ട് ഞെട്ടിപ്പോവുകയും ചെയ്തു.

സാറയുടെ അച്ഛന് സ്വന്തം മകളേതെന്ന് തിരിച്ചറിയാൻ രണ്ടുവട്ടം നോക്കേണ്ടിവന്നുവെന്നാണ് അവർ പറയുന്നത്. ഷാരണിനെത്തേടി സാറയെത്തുകായിരുന്നു. വാതിൽക്കൽ സാറയെ കണ്ടപ്പോൾ താൻ ബോധം കെട്ടുപോകുമെന്നുപോലും ഷാനോൺ ഭയന്നു. കഴിഞ്ഞ വേനൽക്കാലത്താണ് ട്വിൻ സ്‌ട്രേഞ്ചറിൽ ഷാനോൺ ചേർന്ന് തന്റെ 'അപര'യെ തേടാൻ തുടങ്ങിയത്. സാറ കഴിഞ്ഞ മാസം സൈറ്റിൽ ചേർന്നു. ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഒന്നുരണ്ടുവട്ടം തിരഞ്ഞപ്പോൾത്തന്നെ ഷാനോണിനെ കിട്ടി.

പിന്നീട് പരസ്പരം പരിചയപ്പെട്ടശേഷം ഇരുവരും നേരിൽക്കാണാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ഷാനണും സാറയും ഇരട്ടകളെപ്പോലെ അടുത്തു. ക്രിസ്മസിന് ഷോപ്പിങ് പോലും അവർ ഒരുമിച്ചാണ് നടത്തിയത്. ഇരുവരുടെയും സ്വഭാവങ്ങളിലും കാര്യമായ സാമ്യമുണ്ട്. മറ്റൊരു നാട്ടിൽനിന്ന് തനിക്കൊരു സഹോദരിയെ തേടിത്തന്നെ ട്വിൻ സ്‌ട്രേഞ്ചറിന് നന്ദി പറയുകയാണ് ഷാനണും സാറയും.

നിങ്ങൾക്കും ഇതുപോലൊരു അപരനുണ്ടാകാം. അതു കണ്ടെത്താൻ ഈ ലിങ് സന്ദർശിക്കുക. https://twinstrangers.net/