മുൻകാല ബോളിവുഡ് സുന്ദരിയും ബോളിവുഡിലെ സൂപ്പർതാരം അക്ഷയ്കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്നയുടെ പുതിയ ഫോട്ടോഷൂട്ടിനെതിരെ വിമർശനവുമായി സോഷ്യൽമീഡിയ. നടി വോഗ് ഇന്ത്യക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.

അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങൾക്ക് മുകളിൽ അലസമായി ഇരിക്കുന്ന നടിയാണ് ചിത്രത്തിലുള്ളത്. നടിയുടെ ഒരു കാൽ സ്റ്റൂളിൽ കയറ്റിവച്ചിട്ടുമുണ്ട്. എന്നാൽ ട്വിങ്കിൾ കാൽകയറ്റി വെച്ചതും പുസ്തകങ്ങളിലാണെന്നും പുസ്തകങ്ങളെ ബഹുമാനിക്കാതെയുള്ള ചിത്രമാണെന്നുമാണ് വിമർശനം ഉയരുന്നത്.

അതേസമയം താൻ കാൽകയറ്റിവെച്ചത് പുസ്തകങ്ങളിലല്ല സ്റ്റൂളിലാണെന്നും, തനിക്ക് പുസ്തകങ്ങളുടെ മുകളിൽ ഇരുന്നതിൽ യാതൊരു മനസ്താപവുമില്ലെന്നും അവർ പറഞ്ഞു. പുസ്തകങ്ങളെ പൂജിക്കുമ്പോഴല്ല, വായിക്കുമ്പോഴാണ് വിജ്ഞാനത്തിന്റെ ദൈവം നിങ്ങളെ സന്ദർശിക്കുക എന്നും അവർ വ്യക്തമാക്കി.

ഇന്റീരിയർ ഡിസൈനിങ് രംഗത്ത് സജീവമായ ട്വിങ്കിൾ ഖന്ന കോളം എഴുത്തിലൂടെയും പുസ്തകരചനയിലൂടെയും പ്രശസ്തയുമാണ്.