- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനിച്ചതും പഠിച്ചതും വളർന്നതും ഒന്നിച്ച്; ഇരട്ട സഹോദരിമാർ തങ്ങളുടെ കൺമണികൾക്ക് ജന്മം നൽകിയതും ഒരേ ദിവസം; അപൂർവ സൗഭാഗ്യത്തിന്റെ ആഹ്ലാദത്തിൽ തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയും ശ്രീലക്ഷ്മിയും
കോട്ടയം: ഇരട്ടകുട്ടികൾ ജനിക്കുക എന്നത് തന്നെ ആഹ്ലാദകരമാണ്. എന്നാൽ ഇരട്ട സഹോദരിമാർ ഒരേ ദിവസം രണ്ട് കുരുന്നുകൾക്ക് ജന്മം നൽകിയാലോ?. ഈ അപൂർവതയ്ക്കാണ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ സാക്ഷ്യം വഹിച്ചത്.
കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയും ശ്രീലക്ഷ്മിയുമാണ് കഴിഞ്ഞ നവംബർ 29ന് ഒരേ സമയം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് ശ്രീപ്രിയയുടെയും ശ്രീലക്ഷ്മിയുടെയും പെൺ കുഞ്ഞുങ്ങൾ ജനിച്ചത്. കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. റെജി ദിവാകറാണ് ആദ്യം ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
കോട്ടയം സ്വദേശികളായ ചന്ദ്രശേഖരന്റെയും അംബികയുടെയും മക്കളായി 1995 ഒക്ടോബർ 11നാണ് ശ്രീപ്രിയയും ശ്രീലക്ഷ്മിയും ജനിച്ചത്. ഇവരെ പരസ്പരം തിരിച്ചറിയാൻ പോലും ഏറെ പ്രയാസമായിരുന്നു. പട്ടാളക്കാരനായിരുന്ന ചന്ദ്രശേഖരൻ അഞ്ച് കൊല്ലം മുമ്പാണ് മരിച്ചത്. അമ്മ അംബിക ടീച്ചറാണ്.
അംബിക ജോലി ചെയ്ത മലപ്പുറത്തെ സ്കൂളിലായിരുന്നു ശ്രീപ്രിയയും ശ്രീലക്ഷ്മിയും പഠിച്ചത്. പഠനം ഒരുമിച്ചായിരുന്നു. കോളേജിൽ ബികോം പഠിച്ചതും ഒരുമിച്ച്. തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് കോഴ്സിനും ചേർന്നും. ജനനവും പഠനവും ഒരുമിച്ചായിരുന്ന ഈ സഹോദരിമാർ തങ്ങളുടെ കൺമണികൾക്ക് ജന്മം നൽകിയതും ഒരുമിച്ചുതന്നെ.
മറുനാടന് മലയാളി ബ്യൂറോ