- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വെള്ളക്കാറിൽ രണ്ടു ബാഗുകളിൽ പണവുമായി വന്നു; ട്രൈഡന്റ് ഹോട്ടലിൽ വച്ച് പണം എണ്ണി; 18 കോടിയുടെ ഇടപാടിൽ സമീർ വാങ്കഡെയ്ക്ക് 8 കോടി കൈക്കൂലി നൽകി; ചരട് വലിച്ചത് ഒളിവിൽ പോയ സ്വകാര്യ ഡിറ്റക്ടീവ് കെ പി ഗോസാവി; ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ ട്വിസ്റ്റ്
മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കേസിലെ സാക്ഷി രംഗത്ത്. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെ, സ്വകാര്യ ഡിറ്റക്ടീവായ കെ.പി.ഗോസാവി എന്നിവർക്കെതിരെ ഗൂഢാലോചന, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് സാക്ഷിയായ പ്രഭാകർ സെയിൽ ഉന്നയിച്ചത്. ആര്യൻ ഖാന് ഒപ്പമുള്ള ഗോസാവിയുടെ സെൽഫി നേരത്തെ വൈറലാവുകയും വിവാദമാകുകയും ചെയ്തിരുന്നു.
കെ.പി.ഗോസാവിയുടെ പേഴ്സൺ ബോഡിഗാർഡാണ് താനെന്നാണ് പ്രഭാകർ സെയിൽ അവകാശപ്പെടുന്നത്. 18 കോടിയുടെ ഇടപാടിനെ കുറിച്ച് കെപി ഗോസാവി ഒരു സാം ഡിസൂസയോട് സംസാരിക്കുമ്പോൾ താനും കാറിൽ ഒപ്പമുണ്ടായിരുന്നു. ഇതിൽ 8 കോടി സമീർ വാങ്കഡെയ്ക്ക് നൽകി. ഇതേ വൈകുന്നേരം, കെപി ഗോസാവിയും, സാം ഡിസൂസയും, ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദൽദാനിയും തമ്മിൽ കാറിൽ വച്ച് 15 മിനിറ്റ് നേരത്തെ കൂടിക്കാഴ്ച ഉണ്ടായിരുന്നു. കെപി ഗോസാവി തന്ന പണം താൻ സാം ഡിസൂസയ്ക്ക് കൈമാറിയെന്നും പ്രഭാകർ സെയിൽ പറഞ്ഞു.
കേസിലെ 9 സാക്ഷികളിൽ ഒരാളാണ് പ്രഭാകർ സെയിൽ. ഞായറാഴ്ച ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് എൻ.സി.ബിക്കെതിരായ വെളിപ്പെടുത്തലുകൾ. നിലവിൽ തന്റെ ജീവനിൽ ഭയമുള്ളതിനാലാണ് ഇത്തരമൊരു സത്യവാങ്മൂലം ഫയൽ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കെപി ഗോസാവിയെ കാണാതായതിന് പിന്നാലെയാണ് താൻ മരണഭയം മൂലം ഇത് പറയുന്നതെന്നാണ് സെയിലിന്റെ വാദം.കാണാതായ ഗോസാവിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ക്രൂയിസ് ഷിപ്പിലെ റെയ്ഡ് ദിവസം സംഭവിച്ചത്...
ഒക്ടോബർ രണ്ടിന് ആഡംബര കപ്പലിലെ റെയ്ഡിൽ സംഭവിച്ചതും സത്യവാങ്മൂലത്തിൽ പ്രഭാകർ സെയിൽ വിശദീകരിക്കുന്നു. ബോർഡിങ് ഏരിയയ്ക്ക് സമീപുണ്ടായിരുന്ന തന്നോട് കപ്പലിൽ കയറുന്ന ചിലരെ തിരിച്ചറിയാൻ ആവശ്യപ്പെട്ടു. ഇതിനായി വാട്സാപ്പിൽ കുറെ ചിത്രങ്ങൾ തനിക്ക് അയച്ചുതന്നു. ഏകദേശം രാത്രി 10.30 ആയതോടെ, കെപി ഗോസാവി എന്നെ വിളിച്ചു. ആര്യൻ ഖാനെ അതിൽ ഒരു ക്യാബിനിൽ ഞാൻ കണ്ടു. ഒപ്പം മോഡൽ മൂൺമൂൺ ധമേച്ചയെയും മറ്റുചിലരെയും എൻസിബി ഉദ്യോഗസ്ഥർക്ക് ഒപ്പം കണ്ടു. ഇതിന് പിന്നാലെ ചില വെള്ളക്കടലാസുകളിൽ തന്നോട് ഒപ്പിടാൻ പറഞ്ഞു. എന്നാൽ ലഹരിമരുന്ന് പിടിച്ചെടുത്തതോ മറ്റോ താൻ അറിഞ്ഞിരുന്നില്ലെന്നും പ്രഭാകർ വെളിപ്പെടുത്തി. റെയ്ഡിനിടെ കപ്പലിൽനിന്നുള്ള ചില ദൃശ്യങ്ങൾ താൻ പകർത്തിയിരുന്നു. ഇതിലൊന്നിൽ ഗോസാവി ആര്യനെ ഫോൺ ചെയ്യാൻ അനുവദിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രഭാകർ പറഞ്ഞു.
പിന്നീട് കെ പി ഗോസാവി ഒരു സാം ഡിസൂസയുമായി കൂടിക്കാഴ്ച നടത്തി. വെവ്വേറെ കാറുകളിൽ ലോവർ പരേലിലേക്ക് പോയി. അവിടെ എത്തും വരെ ഗോസാവി ഫോണിൽ സാമിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു. നിങ്ങൾ 25 കോടി രൂപയുടെ ഒരു ബോംബിടു...നമ്മൾ അത് 18 കോടിക്ക് തീർക്കണം. കാരണം സമീർ വാങ്കഡെയ്ക്ക് 8 കോടി നൽകണം. ഇതായിരുന്നു സംഭാഷണം. അതേ ദിവസം വൈകിട്ടാണ് ഷാരൂഖിന്റെ മാനേജരുമായി കാറിലെ 15 മിനിറ്റ് കൂടിക്കാഴ്ച എന്നും പ്രഭാകർ സെയിൽ പറയുന്നു.
സമീപത്തെ ഹോട്ടലിൽ നിന്ന് പണവുമായി വരാനും തന്നോട് ആവശ്യപ്പെട്ടു. ഒരു വെള്ള കാറിൽ വന്നവർ, തനിക്ക് രണ്ടു ബാഗുകളിൽ പണം കൈമാറി. ട്രൈഡന്റ് ഹോട്ടലിൽ വച്ച് സാം ഡിസൂസയ്ക്ക് താൻ പണം കൈമാറി. അവിടെ വച്ച് പണം എണ്ണി. അത് 50 ലക്ഷമല്ല. 38 ലക്ഷമേ ഉണ്ടായിരുന്നുള്ളു, പ്രഭാകർ സെയിൽ സത്യവാങ്മൂലത്തിൽ പറയുന്നു.
ആരോപണങ്ങൾ നിഷേധിച്ച് എൻസിബി
എന്നാൽ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, കൃത്യമായ മറുപടി സത്യവാങ്മൂലമായി ഫയൽ ചെയ്യുമെന്നും സമീർ വാങ്കഡെ പ്രതികരിച്ചു.പ്രഭാകറിന്റെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും എൻ.സി.ബി.യിലെ മറ്റ് ഉദ്യോഗസ്ഥരും തള്ളിക്കളഞ്ഞു. കേസ് ഒതുക്കിത്തീർക്കാൻ പണം കൈമാറിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് പ്രതികൾ ജയിലിൽ കിടക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രഭാകർ ഉന്നയിച്ചിട്ടുള്ളതെന്നും എൻ.സി.ബി. വൃത്തങ്ങൾ പ്രതികരിച്ചു.
ഇത് അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാനുള്ള ശ്രമങ്ങളാണ്. പ്രഭാകറിന്റെ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കാമെന്നും അങ്ങനെയാണെങ്കിൽ അന്വേഷണ ഏജൻസിയുടെ പ്രതികരണം കോടതിയെ അറിയിക്കാമെന്നും എൻ.സി.ബി. വൃത്തങ്ങൾ പറഞ്ഞു. ഒക്ടോബർ രണ്ടിന് മുമ്പ് പ്രഭാകർ സെയിലിനെ തങ്ങളാരും കണ്ടിട്ടില്ലെന്നും അയാൾ ആരാണെന്ന് അറിയില്ലെന്നുമാണ് എൻസിബി ഉദ്യോഗസ്ഥരുടെ പ്രതികരണം.
നേരത്തെ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കും, സമീർ വാങ്കഡെയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. ലോക്ഡൗൺ കാലത്ത് സമീർ വാങ്കഡെ മാലദ്വീപിൽ പോയതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. എന്നാൽ, താൻ നിയമപരമായ അനുമതിയോടെ കുടുംബത്തിനൊപ്പം സ്വന്തം പണം ഉപയോഗിച്ചാണ് പോയതെന്നായിരുന്നു വാങ്കഡെയുടെ മറുപടി. മഹാരാഷ്ട്ര സർക്കാരിനെ മോശമാക്കാൻ ബിജെപി ഒത്താശയോടെ വാങ്കഡെ കരുക്കൾ നീക്കുന്നു എന്നാണ് എൻസിപിയുടെയും ശിവസേനയുടെയും മുഖ്യ ആരോപണം.
Witnes in #AryanKhan case made to sign on blank paper by NCB is shocking. Also thr r reports that thr ws demnd of huge money .CM UddhavThackeray said tht ths cases r made 2 defame Mah'shtra.Ths seems 2b comng tru @Dwalsepatil
- Sanjay Raut (@rautsanjay61) October 24, 2021
Police shd tk suo moto cognizance@CMOMaharashtra pic.twitter.com/zipBcZiRSm