എലിമിനേഷന്റെ ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കണ്ടത്. മോഹൽലാൽ എലിമിനേഷൻ നടത്താനായി എത്തിയപ്പോൾ സാബുവും സുരേഷും ബാത്ത്‌റൂമിനുള്ളിലായിരുന്നു. അതിനാൽ തന്നെ മോഹൻലാലും മറ്റുള്ളവരും ഇവർ വരുന്നതും കാത്തിരുന്നു. ഇവർ വന്നയുടൻ സമയവും കാലവും ആർക്ക് വേണ്ടിയും കാത്ത് നിൽക്കില്ലെന്നായിരുന്നു മോഹൻലാൽ രൂക്ഷമായി വിമർശിച്ചത്. കഴിഞ്ഞ ആഴ്‌ച്ചയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് മോഹൻലാൽ ക്യാപ്റ്റനായ ശ്രീനിഷിനോട് ചോദിച്ചു.ബിഗ് ബോസ് ഹൗസിൽ ഉണ്ടായ വഴക്കുകളെ കുറിച്ചാണ് ശ്രീനിഷ് പറഞ്ഞത്. ഹിമയും സാബുവും തമ്മിലെന്തിനാണ് അടിയുണ്ടാക്കിയതെന്നും ബിഗ് ബോസ് കിന്റർ ഗാർഡൻ ആയെന്നും ലാൽ പറഞ്ഞു.

ശ്രീനിഷിന്റെ ക്യാപ്റ്റൻസി നന്നായിരുന്നുവെന്ന് സുരേഷ് അഭിപ്രായപ്പെട്ടു. പിന്നീട് സുരേഷ് സോക്‌സിന്റെ അടിയിൽ അണ്ടിപ്പരിപ്പ് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തി. അദിതിയെ പേടിച്ചിട്ടാണ് ഒളിപ്പിച്ച് വച്ചതെന്ന് സുരേഷ് പറഞ്ഞു. പതിവ് പോലെ വീട്ടിലെ ഓരോരുത്തരോടും മോഹൻലാൽ വിശേഷങ്ങൾ തിരക്കി. പിന്നീട് ഹിമയോട് സുരേഷിനോടുണ്ടായ വഴക്കിനെ കുറിച്ച് ചോദിച്ചു. തനിക്ക് വ്യക്തിപരമായി വിഷമമുണ്ടായപ്പോൾ മാത്രമാണ് ദേഷ്യം വന്നതെന്ന് ഹിമ പറഞ്ഞു. സാബുവുമായി ഉണ്ടായ അടിയുടേയും കാരണവും അതാണെന്ന് ഹിമ വ്യക്തമാക്കി. പിന്നീട് സാബുവിനോട് വിശദീകരണം ചോദിച്ചു. ആഹാരത്തോട് അനാദരവ് കാണിച്ചത് ഇഷ്ടമായില്ലെന്നും വളർത്തു ദോഷം കൊണ്ടാണങ്ങനെ ചെയ്തതെന്നും സാബു പറഞ്ഞു. ഇതൊക്കെ ആളുകൾ കാണുന്നുണ്ടെന്ന് മോഹൻലാൽ ഓർമ്മിപ്പിച്ചു.

വീട്ടിനുള്ളിൽ അരാജകത്വമാണെന്നും ആരേയും നിയന്ത്രിക്കാനാകില്ലെന്നും സുരേഷ് പറഞ്ഞു. ക്യാപ്റ്റൻസി ടാസ്‌കിനെ കുറിച്ച് ഷിയാസിനോട് മോഹൻലാൽ ചോദിച്ചു. ടാസ്‌ക് എന്താണെന്ന് മനസിലായില്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഷിയാസ് മുഖം ചെളിയിൽ മുക്കിയത് എന്തിനാണെന്ന് മനസിലായില്ലെന്ന് സാബുവും ബഷീറും പറഞ്ഞു. പുതിയ ക്യാപ്റ്റനായ അദിതി
യോട് അഭിപ്രായം ചോദിച്ചു. തനിക്ക് പഠിക്കാനുണ്ടെന്നും അതിന് സാബുവിന്റെ സഹായം വേണമെന്നും അദിതി പറഞ്ഞു. തന്നോട് അദിതി പകരം വീട്ടുകയാണെന്നായിരുന്നു സാബുവിന്റെ മറുപടി. തന്നെ വന്ന കാലം മുതൽ സാബു തേച്ച് ഒട്ടിക്കുകയാണെന്ന് ഹിമ പറഞ്ഞു. ഒരാൾ ഡാൻസ് കളിക്കുന്നതിനിടെ സ്വയം കത്തിപ്പോയതിനെ കുറിച്ച് പറഞ്ഞതായിരുന്നു സാബു നേരത്തെ കളിയാക്കിയത്. പിന്നീട് അവർക്കായി ഒരു ടാസ്‌ക് ബിഗ് ബോസ് നൽകി.

എല്ലാവരും ചേർന്നുള്ള പസിൽ ടാസ്‌കായിരുന്നു ലഭിച്ചത്. നീന്തൽ കുളത്തിലുള്ള പസിലുകൾ ചേർത്ത് വച്ചായിരുന്നു രൂപമുണ്ടാക്കേണ്ടത്. കഥകളിയുടെ രൂപമാണ് യോജിപ്പിക്കേണ്ടത്. രണ്ട് ടീമായിട്ടായിരുന്നു മത്സരിക്കേണ്ടത്. എന്നാലിതിനിടെ ഇരു ടീമും തമ്മിൽ ചെറിയ തർക്കമുണ്ടായി. മടങ്ങി എത്തിയതും ഷിയാസ് ഈ ആഴ്‌ച്ച പുറത്താകുന്നില്ലെന്ന് മോഹൻ ലാൽ അറിയിച്ചു. ഇതോടെ അദിതിയും ഹിമയും അർച്ചനയും മാത്രമായി ബാക്കി. പിന്നീട് അർച്ചനയും പുറത്ത് പോകുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ അദിതിയും ഹിമയും മാത്രമായി ബാക്കി. ക്യാപ്റ്റനാകാനുള്ള അവസരം കിട്ടിയതേയുള്ളൂ അദിതിക്ക് എന്നാൽ അത് ആസ്വദിക്കാനുള്ള അവസരം അദിതിക്കുണ്ടായില്ല.അദിതിയോട് പെട്ടിയെടുത്ത് പുറത്തേക്ക് വരാൻ ലാലേട്ടൻ ആവശ്യപ്പെട്ടു. ഹിമ ഇതു കേട്ടതും പൊട്ടിക്കരഞ്ഞു. അദിതി പക്ഷെ ചിരിച്ചു കൊണ്ടായിരുന്നു പെട്ടിയെടുത്തതും പോകാനായി തയ്യാറെടുത്തതും. വിശ്വസിക്കാനാകാതെ ഷിയാസ് തലയിൽ കൈ വെച്ച് നിൽക്കുകയായിരുന്നു.

എല്ലാവരോടും ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞാണ് അദിതി വീട്ടിൽ നിന്നും ഇറങ്ങിയത്. താനെത്ര ഹാപ്പിയാണെന്ന് പറയാനറിയില്ലെന്ന് അദിതി പറഞ്ഞു. ഹിമയോട് കൺഫഷൻ റൂമിലേക്ക് വരാനായി പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു ഹിമ നടന്നത്. മുറിയിലെത്തിയതും ഹിമ പൊട്ടിക്കരഞ്ഞു. പ്രതീക്ഷകൾക്ക് ഒത്ത് ഉയരാനാകാത്തതുകൊണ്ട് ഹിമയ്ക്ക് എതിരാണ് പ്രേക്ഷകരുടെ വോട്ടെന്നും അതുകൊണ്ട് ഹിമയോട് എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് വരാൻ ബിഗ് ബോസ് പറഞ്ഞു. തന്നെ പ്രേക്ഷകർക്ക് ഇഷ്ടമാകില്ലെന്ന് അറിയാമെന്നും തനിക്ക് സാബുവിനോടുണ്ടായിരുന്നത് ഇഷ്ടം തന്നെയായിരുന്നുവെന്നും അല്ലാതെ ഗെയിമല്ലായിരുന്നുവെന്നും എല്ലാം കൈയിൽ നിന്നും പോവുകയായിരുന്നുവെന്നും ഹിമ പറഞ്ഞു. എന്നാൽ ഇനിയാരോടും യാത്ര പറയേണ്ടതില്ലെന്ന് ബിഗ് ബസ് അറിയിക്കുകയായിരുന്നു. തുടർന്ന് ഹിമയെ പിൻവാതിലിലൂടെ പുറത്താക്കി. ഹിമ പോയത് മറ്റുള്ളവർ അറിഞ്ഞിരുന്നില്ല.

ഈ സമയം, അദിതിയെ കണ്ണുകെട്ടിയ അവസ്ഥയിൽ കൺഫഷൻ റൂമിലേക്ക് കൊണ്ടിരുത്തുകയായിരുന്നു. ക്ലൈമാക്‌സിലെ ട്വിസ്റ്റിൽ അദിതി ഞെട്ടിത്തരിച്ചു പോയി. അദിതിയെ വീട്ടിലേക്ക് തിരികെ കൊണ്ട് വരികയായിരുന്നു. വാതിൽ തുറന്ന് അദിതി പുറത്തിറങ്ങിയതും മറ്റുള്ളവർക്ക് വിശ്വാസിക്കാനായില്ല. ഹിമ പുറത്ത് പോയത് അറിഞ്ഞിട്ടും ആർക്കും വലിയ വിഷമമുണ്ടായിരുന്നില്ല. എല്ലാവരും അദിതി തിരികെ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു.

തുടർന്ന് ഹിമ മോഹൻലാലിന് അരികിലെത്തി. തനിക്ക് തന്റെ തെറ്റുകൾ മനസിലായെന്നും തെറ്റുകൾ പറ്റിയിട്ടുണ്ട് തനിക്ക് പക്വതയില്ലായിരുന്നു. തനിക്ക് പുറത്തായതിൽ സങ്കടമില്ലെന്നും അദിതിക്ക് തന്നേക്കാൾ അർഹതയുണ്ട്. തനിക്ക് സാബുവിനെ ഇഷ്ടമാണ്. തന്നെ മറ്റുള്ളവർ തെറ്റിദ്ധരിച്ചതാണ്. തുടർന്ന് സാബുവിന്റെ കട്ടൗട്ടിനെ നോക്കി താൻ ഫെമിനിസ്റ്റും ഈക്വലിസ്റ്റുമാണെന്നും ഹിമ പറഞ്ഞു. ഒരുനാൾ സാബു തന്നോട് മാപ്പ് പറയുമെന്നും ഹിമ കൂട്ടിച്ചേർത്തു. തന്റെ പ്രിയപ്പെട്ട ചെടി ഹിമയ്ക്ക് നൽകി കൊണ്ട് ഹിമയെ മോഹൻലാൽ യാത്രയാക്കി.അദിതി തിരികെ വന്നതും ഹിമ പോയതിലും വീട്ടിലുള്ളവർ വളരെയധികം സന്തോഷത്തിലായിരുന്നു.

 

വലിയ ആശ്വസമുണ്ടെന്ന് സാബുവും പറഞ്ഞു. ഹിമയ്ക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുത്താൽ മനസിലാകില്ലെന്ന് ബഷീർ പറഞ്ഞു. ഹിമ പറയുന്ന കണക്ഷൻ തനിക്കൊരിക്കലും അനുഭവപ്പെട്ടിട്ടില്ല. ശ്രീനിഷും പേളിയും അവർക്കൊപ്പമുണ്ടായിരുന്നു. ഹിമയുടെ ലോകം വളരെ ചെറുതാണെന്നും ഒന്നും കണ്ടിട്ടില്ലെന്നും സാബു അഭിപ്രായപ്പെട്ടു. മടങ്ങിയെത്തിയ അദിതിക്ക് അരികിലെത്തി സന്തോഷം അറിയിച്ച ഷിയാസിനെ ചുംബനം നൽകിയാണ് അദിതി സ്വീകരിച്ചത്. പിന്നീട് ഇതേ ചൊല്ലി ശ്രീനിഷും പേളിയും ഷിയാസിനെ കളിയാക്കി. ഷിയാസിന്റെ മുഖത്ത് അതിഥിയുടെ ലിപ്സ്റ്റിക്കിന്റെ പാടുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാണിച്ചവർ കളിയാക്കിത്.