ന്യൂഡൽഹി: പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കടുത്ത നടപടികൾക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതിടെ ട്വിറ്റർ വീണ്ടും വിവാദക്കുരുക്കിൽ. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായിട്ടാണ് ട്വിറ്റർ തങ്ങളുടെ വെബ്സൈറ്റിലെ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വിവാദത്തിൽ കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടികൾ ട്വിറ്റർ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് സൂചന.

രാജ്യത്തെ പുതിയ ഐടി ചട്ടങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ കേന്ദ്രസർക്കാരിനോട് നിഷേധാത്മക സമീപനം തുടരുന്നതിനിടെയാണ് പുതിയ 'പിശക്' ട്വിറ്ററിന്റെ വെബ്സൈറ്റിൽ കണ്ടെത്തിയത്. 'ട്വീപ് ലൈഫ്' എന്ന പേരിൽ ട്വിറ്റർ വെബ്സൈറ്റിന്റെ കരിയർ വിഭാഗത്തിലാണ് വികലമായ ഭൂപടം. ഇന്ത്യയുടെ തെറ്റായ ഭൂപടം വെബ്സൈറ്റിൽ ട്വിറ്റർ പ്രദർശിപ്പിക്കുന്നത് ഇതാദ്യമല്ല. നേരത്തേ ലെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ചിരുന്നു.

ട്വിറ്ററിന്റെ 'ട്വീപ് ലൈഫ്' വിഭാഗത്തിൽ ദൃശ്യമാകുന്ന മാപ്പിൽ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിക്കുന്നത്. രാജ്യത്തിന്റെ വികലമായ മാപ്പ് നൽകിയതിൽ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ട്വിറ്ററിനെതിരെ കേന്ദ്രം കടുത്ത നടപടികൾ ആലോചിച്ച് വരികയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേ സമയം ഇതാദ്യമായിട്ടല്ല ട്വിറ്റർ ഇന്ത്യയുടെ മാപ്പ് വികലമായി ചിത്രീകരിക്കുന്നത്. ജമ്മു കശ്മീരിലെ ലേ ജിയോ ലൊക്കേഷനിൽ ട്വിറ്റർ ചൈനയുടെ ഭാഗമായി കാണിച്ചതിൽ കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ശക്തമായ എതിർപ്പറിയിച്ച് ട്വിറ്റർ സിഇഒയ്ക്ക് കത്തയച്ചിരുന്നു.

ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും അവഹേളിക്കാനുള്ള ട്വിറ്ററിന്റെ ശ്രമം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് അന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്ത് പുതുതായി നിലവിൽവന്ന ഐടി ചട്ടം അനുസരിച്ചുള്ള നടപടികൾ ട്വിറ്റർ ഇതുവരെ പൂർണമായും കൈക്കൊണ്ടിട്ടില്ല. നിർദേശങ്ങൾ നടപ്പാക്കാത്തതിലും മനഃപൂർവം തർക്കങ്ങൾ ഉന്നയിക്കുന്നതിലും അടുത്തിടെ കേന്ദ്ര ഐടി മന്ത്രാലയം ട്വിറ്ററിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് ട്വിറ്ററിനുള്ള നിയമപരിരക്ഷ നഷ്ടമായി. ഇതോടെ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങൾക്ക് ട്വിറ്ററും ഉത്തരവാദിയായി മാറി.