ന്യൂഡൽഹി: പുതുയ ഐടി നിയമപ്രകാരം പ്രശ്നപരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ. ഡൽഹി ഹൈക്കോടതിയിൽ ഹർജി പരിഗണിക്കവെയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്. ഇടക്കാല ഗ്രീവൻസ് ഓഫീസർ ജൂൺ 21ന് മാറിയെന്നും ഒരാളെ ഉടൻ നിയമിക്കുമെന്നും ട്വിറ്റർ കോടതിയിൽ വ്യക്തമാക്കി.

മുഴുവൻ സമയ ഗ്രീവൻസ് ഓഫീസറെ നിയമിക്കാനൊരുങ്ങുകയാണെന്നും ഇതിന്റെ അവസാനഘട്ട നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ചട്ടം അനുസരിച്ച് ഒരാളെ ഉടൻ നിയമിക്കും. നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും ട്വിറ്റർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

ട്വിറ്ററിന്റെ ഗ്ലോബൽ പോളിസി ഡയറക്ടർ ജെറെമി കെസ്സൽ ആണ് പുതിയ പരാതി പരിഹാര ഉദ്യോസ്ഥനാകുന്നത്. എന്നാൽ ഇന്ത്യക്കാരനായ കമ്പനി ഉദ്യോസ്ഥനാണ് സ്ഥാനത്ത് നിയമിതനാകേണ്ടെതെന്നാണ് ഐടി ചട്ടം. ഇത് മറികടന്നുള്ള ട്വിറ്ററിന്റെ നിയമനത്തിന് സർക്കാർ അനുമതി നൽകിയേക്കില്ല.

കേന്ദ്ര നിർദ്ദേശപ്രകാരം ട്വിറ്റർ ഇടക്കാല ഗ്രീവൻസ് ഓഫീസറെ നിയമിച്ചിരുന്നുവെങ്കിലും ഇത് ഐടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടയാണ് കേന്ദ്രം രംഗത്തെത്തിയത്. ഇന്ത്യക്കാരനായ ഗ്രീവൻസ് ഓഫീസറെ വേണം നിയമിക്കാൻ എന്നാണ് സർക്കാർ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായായിരുന്നു ട്വിറ്റർ ഇന്ത്യക്കാരനല്ലാത്ത ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമച്ചത്.