ക്ഷരാർത്ഥത്തിൽ ലോകത്തെ എല്ലാവരെയും അഭിസംബോധന ചെയ്യുന്ന ഹെല്ലോ ലിറ്ററലി എവരിവൺ എന്ന സന്ദേശവുമായാണ് ട്വിറ്റർ തങ്ങളുടെ എതിരാളികളായ ഫേസ്‌ബുക്കിന്റെ വീഴ്‌ച്ച ആഘോഷമാക്കിയത്.

ഫേസ്‌ബുക്കും വാട്ട്സ്അപും, ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായപ്പോഴാണ്, തങ്ങൾ അപ്പോഴും ഉണർന്നിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തും വിധം ട്വിറ്ററിന്റെ ഔദ്യോഗിക പേജിൽ ഹെല്ലോ ലിറ്ററലി എവരിവൺ എന്ന സന്ദേശം പ്രത്യക്ഷമായത്. പത്ത് ലക്ഷത്തോളം ട്വിറ്റർ ആരാധകർ ഇത് ലൈക്ക് ചെയ്തപ്പോൾ ലക്ഷക്കണക്കിന് ആരാധകർ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേസമയം നിരവധിപേർ ഫേസ്‌ബുക്കിനെ കളിയാക്കിക്കൊണ്ട് ട്വിറ്ററിൽ എത്തി. അതിൽ ഒരാൾ എത്തിയത് പിക്സാർ ഹീറോ മിസ്റ്റർ ഇങ്ക്രെഡിബിളിന്റെ ചിത്രവുമായാണ്. സമൂഹമാധ്യമങ്ങൾ മുഴുവൻ അടച്ചുപൂട്ടിയപ്പോഴും ടിറ്റർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നായിരുന്നു അയാൾ അടിക്കുറിപ്പിട്ടത്.

പ്രവർത്തന രഹിതമായ ആപ്പുകളെ പ്രതിനിധീകരിക്കുന്ന, അടിമുടി ബാൻഡേജിൽ പൊതിഞ്ഞ ഒരു വ്യക്തിക്കരികിൽ, ചിരിച്ചുകൊണ്ട് നിൽക്കുന്ന, ട്വിറ്ററിനെ പ്രതിനിധാനം ചെയ്യുന്ന മിസ്റ്റർ ബീനിന്റെ ചിത്രമായിരുന്നു മറ്റൊരു ട്വിറ്റർ ആരാധകൻ ഇട്ടത്. ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബെർഗ് പ്രശ്നം പരിഹാരിക്കുവാൻ പോയിരിക്കുന്നു എന്ന തരത്തിലുള്ള സന്ദേശങ്ങളും ധാരാളമായെത്തി.

ഇന്നലെ ആരംഭിച്ച പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് ചില കോണുകളിൽ നിന്നും ഉപഭോക്താക്കൾ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും അവ പൂർണ്ണമായും പരിഹരിക്കപ്പെട്ടു എന്ന ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. ഫേസ്‌ബുക്കും അവരുടേ മറ്റ് സമൂഹമാധ്യമ ആപ്പുകളും പ്രവർത്തന രഹിതമായതിന്റെ യഥാർത്ഥ കാരണവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, കമ്പനിയിലെ ഒരു ജീവനക്കാരന് സംഭവിച്ച സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കമ്പനി പക്ഷെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഏതായാലും ട്വിറ്റർ ഈ പ്രതിസന്ധി പരമാവധി ആഘോഷമാക്കിയിരിക്കുന്നു. ഫേസ്‌ബുക്കിനെ പരിഹസിച്ചുകൊണ്ട് ഫേസ്‌ബുക്ക് പ്രവർത്തനക്ഷമമല്ലാത്തതുകൊണ്ട് വില്പനയ്ക്ക് വെച്ചിരിക്കുന്നു എന്ന ഒരു പോസ്റ്റിനു കീഴിൽ ട്വിറ്റർ സ്ഥാപകനായ ജാക്ക് ഡോർസി എന്താണ് വില എന്ന് കമന്റിട്ടത് ഇതിന്റെ ഉത്തമോദാഹരണമാണ്.