- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ച് ട്വിറ്റർ; ഉദ്യോഗസ്ഥന്റെ മേൽവിലാസം ഉടൻ മന്ത്രാലയത്തിന് കൈമാറും; സ്ഥിരം നിയമനം ഉടൻ നടത്തുമെന്നും സമൂഹമാധ്യമ കമ്പനി; നടപടി, കേന്ദ്രത്തിന്റെ അന്ത്യശാസനത്തിന് പിന്നാലെ
ന്യൂഡൽഹി: പുതിയ ഐടി ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ച് ട്വിറ്റർ. അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥന്റെ മേൽവിലാസം ഉടൻ മന്ത്രാലയത്തിന് കൈമാറുമെന്നും ട്വിറ്റർ അറിയിച്ചു.
ഐടി ഇന്റർമീഡിയറി ചട്ടം വേഗം നടപ്പാക്കണമെന്നു ട്വിറ്ററിനു കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരുന്നു. ഐടി ചട്ടം പ്രാബല്യത്തിൽ വന്നതോടെ ട്വിറ്റർ ഒഴികെയുള്ള സാമൂഹിക മാധ്യമ കമ്പനികളെല്ലാം പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാൻ ട്വിറ്റർ വഴങ്ങാതിരുന്നതോടെയാണ് സർക്കാർ നടപടി കടുപ്പിച്ചത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ലംഘനമാകും എന്നത് അടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നിരുന്നത്
നിയമ സംവിധാനങ്ങളുമായുള്ള ഏകോപനത്തിനു നോഡൽ ഓഫിസറെയും പരാതി പരിഹാരത്തിനായി റസിഡന്റ് ഗ്രീവൻസ് ഓഫിസറെയും കരാർ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നിയമിച്ചതിനു പിന്നാലെയാണു നടപടി. സ്ഥിരം നിയമനം ഉടൻ നടത്തുമെന്നും കമ്പനി അറിയിച്ചു.
പുതിയ മാർഗനിർദേശങ്ങൾ പാലിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും പുരോഗതി ഐടി മന്ത്രാലയത്തെ അറിയിക്കുന്നുണ്ടെന്നും ട്വിറ്റർ വക്താവ് പറഞ്ഞു. ഐടി നിയമങ്ങൾ പാലിക്കുന്നതിലെ കാലതാമസത്തെ തുടർന്നു ട്വിറ്ററിനെതിരെ കടുത്ത നിലപാടാണു കേന്ദ്രം സ്വീകരിച്ചത്. പങ്കുവയ്ക്കപ്പെടുന്ന ഉള്ളടക്കത്തിനുമേൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കു കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണു പുതിയ നിയമം.
കേന്ദ്ര വിവരസാങ്കേതിക നിയമത്തെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മെല്ലെപോക്കിന് തടയിടാൻ പാർലമെന്റ്റി കാര്യസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ നിയമങ്ങളെ അംഗീകരിക്കാനും നടപടികൾ സ്വീകരിക്കാനും ട്വിറ്ററിനുള്ള തടസ്സമെന്താണെന്ന് വെള്ളിയാഴ്ച വിശദീകരണം നൽകാൻ അറിയിച്ചിരുന്നു. ട്വിറ്റർ അധികൃതർ പാർലമെന്ററി കാര്യസമിതിക്കുമുമ്പാകെ ഈ വരുന്ന വെള്ളിയാഴ്ചയാണ് ഹാജരാകേണ്ടിയിരുന്നത്. ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ചീഫ് കംപ്ലയൻസ് ഓഫിസറെ ട്വിറ്റർ നിയമിച്ചത്.
കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം പ്രതിനിധികളും ട്വിറ്റർ അധികൃതരും വെള്ളിയാഴ്ച ഹാജരാകണം. ജൂൺ 18ന് വൈകിട്ട് 4 മണിക്കാണ് പാർലമെന്റ് കോംപ്ലക്സിലെത്തേണ്ടത്. പാർലമെന്ററി സ്റ്റാന്റിങ് കമ്മറ്റിക്ക് മുമ്പാകെയാണ് ട്വിറ്ററിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രസർക്കാർ കർശനമായ നയങ്ങളുമായി മുന്നോട്ടു പോയതിനാൽ ആദ്യം വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് ശാഠ്യം പിടിച്ച ട്വിറ്റർ പിന്നീട് നിലപാട് മാറ്റിയിരുന്നു. ഫേസ്ബുക്കും വാട്സ് ആപ്പും ഇന്ത്യൻ നിയമങ്ങളെ അനുസരിക്കാമെന്ന് മുന്നേ സമ്മതം അറിയിച്ചിരുന്നു. അതേ സമയം ഗൂഗിൾ തങ്ങൾ ഒരു സെർച്ച് എഞ്ചിനാണെന്നും ആരിലേക്കും ഒന്നും അടിച്ചേൽപ്പിക്കുന്നില്ലെന്നും എല്ലാം സുതാര്യമാണെന്നുമാണ് മറുപടി നൽകിയത്.
ന്യൂസ് ഡെസ്ക്