ന്യൂഡൽഹി: ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്കെതിരെ ഉപയോക്തക്കളുടെ പേരിൽ 'സ്വിഗ്ഗി ഡേ' എന്ന ട്വിറ്റർ ഹാന്റിലിൽ ഉയർത്തുന്നത് കടുത്ത ആരോപണം. സ്വിഗ്ഗി തങ്ങളുടെ ഡെലിവറി എക്സിക്യൂട്ടീവുകളെ അമിതമായി ചൂഷണം ചെയ്യുകയാണെന്നാണ് ആരോപണം ഉന്നയിക്കുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് സ്വിഗ്ഗിയും രംഗത്തെത്തിയിട്ടുണ്ട്.

തൊഴിലാളികളെ വഞ്ചിക്കുന്നത് ഒരു കലയാണെങ്കിൽ, സ്വിഗ്ഗി ഒരു പിക്കാസോ ആണ് എന്നാണ് ട്വിറ്റർ ഉപയോക്താവ് പറയുന്നത്. ദീർഘദൂരത്തേക്കുള്ള സർവീസിന് ബോണസ് തരാതിരിക്കാൻ ഡെലിവറി എക്സിക്യൂട്ടീവുകളുടെ സമ്മതമില്ലാതെ സോൺ പരിധി വർധിപ്പിക്കുകയാണെന്നും സ്വിഗ്ഗി ഡേ പറയുന്നു. റൂട്ട് മാപ്പ് സഹിതമാണ് ട്വീറ്റ്.

 

സ്വിഗ്ഗി സാമ്പത്തിക ചൂഷണം നടത്തുന്നെന്ന് ആരോപിച്ച ഉപയോക്താവ് പേമെന്റ് ഹിസ്റ്ററിയുടെ സ്‌ക്രീൻഷോട്ടും പങ്കുവെക്കുന്നുണ്ട്. ഈ തുകയ്ക്ക് ഞങ്ങൾ ജീവിക്കണമെന്നാണോ നിങ്ങൾ പറയുന്നതെന്നും സ്വിഗ്ഗി ഡേ ചോദിക്കുന്നു.

ട്വിറ്റർ ഉപയോക്താവ് അപൂർണമായ സ്‌ക്രീൻഷോട്ട് ആണ് പങ്കുവെച്ചതെന്നും ഡെലിവറി എക്സിക്യൂട്ടീവുകൾക്ക് നൽകുന്ന വേതനത്തിന്റെ എല്ലാ ഘടകങ്ങളും ഇതിൽ കാണാനാകുന്നില്ലെന്നും സ്വിഗ്ഗി പറഞ്ഞു. ഇൻസെന്റീവുകൾ പോലുള്ള മറ്റ് പ്രധാന ഘടകങ്ങൾ ഉൾപ്പെടുത്താതെയാണ് സ്‌ക്രീൻഷോട്ട് പങ്കുവെച്ചതെന്നും സ്വിഗ്ഗി പറയുന്നു.

ഡെലിവറി തൊഴിലാളികൾക്ക് യാത്ര ചെയ്ത ദൂരത്തിനും ഡെലിവറി സമയത്തിനും മറ്റ് പല ഘടകങ്ങൾക്കും ഉചിതമായ തുക നൽകുന്നുണ്ടെന്നും ഹൈദരാബാദിലെ മിക്ക ഡെലിവറി പങ്കാളികളും കഴിഞ്ഞ മാസം ഒരു ഓർഡറിന് 65 രൂപയിലധികം വരുമാനമുണ്ടാക്കിയെന്നും സ്വിഗ്ഗി പറയുന്നു.

 

ഏറ്റവും മികച്ച പ്രകടനം നടത്തുന്ന തൊഴിലാളികൾ ഓരോ ഓർഡറിനും 100 രൂപ വീതം സമ്പാദിക്കുന്നുണ്ടെന്നും സ്വിഗ്ഗി പറഞ്ഞു. ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ പോലും ഡെലിവറി തൊഴിലാളികൾക്കൊപ്പം നിന്നതായും സ്വിഗ്ഗി അവകാശപ്പെട്ടു.

എന്നാൽ, ഇതിന് മറുപടി സ്വിഗ്ഗി ഡേ നൽകുന്നുണ്ട്. നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിൽ എന്തിനാണ് ഹൈദരാബാദിലെയും നോയിഡയിലെയും ഡെലിവെറി എക്സിക്യൂട്ടീവുകൾ പ്രതിഷേധിക്കുന്നതെന്നാണ് സ്വിഗ്ഗി ഡേയുടെ ചോദ്യം.