- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുപി പൊലീസിന് മുന്നിൽ ട്വിറ്റർ എംഡി ഹാജരായില്ല; മുൻകൂർ ജാമ്യം തേടി കർണാടക ഹൈക്കോടതിയിൽ; ഔദ്യോഗികമായി പ്രതികരിക്കാതെ ട്വിറ്റർ അധികൃതർ
ന്യൂഡൽഹി: വിദ്വേഷ ട്വീറ്റുകൾ പ്രചരിപ്പിച്ചെന്ന പേരിൽ യുപി പൊലീസ് സമൻസ് അയച്ചതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ട്വിറ്ററിന്റെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരി കർണാടക ഹൈക്കോടതിയിൽ.
ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ വയോധികൻ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വീഡിയോ ട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തതിന്റെ പേരിൽ ട്വിറ്ററിനെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു.
ഗസ്സിയാബാദ് ലോണി ബോർഡർ പൊലീസ് സ്റ്റേഷനിൽ ഇന്ന് ഹാജരാകാനായിരുന്നു ട്വിറ്റർ എംഡിക്ക് ലഭിച്ച നോട്ടീസ്. എന്നാൽ അദ്ദേഹം ഗസ്സിയാബാദിൽ എത്തിച്ചേരില്ലെന്നാണ് വിവരം. അതേസമയം ട്വിറ്റർ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
നേരത്തെ നോട്ടീസ് ലഭിച്ചത് പ്രകാരം വീഡിയോ കോൾ മുഖാന്തിരം ചോദ്യം ചെയ്യലിൽ പങ്കെടുക്കാമെന്ന് ട്വിറ്റർ അറിയിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഗസ്സിയാബാദ് പൊലീസ് ചൊവ്വാഴ്ച പുതിയ സമൻസ് അയച്ചു.
'നിങ്ങൾ നൽകിയ വിശദീകരണം അനുചിതമാണ്. ഇന്ത്യയിലെ ട്വിറ്ററിന്റെ എംഡി എന്ന നിലയിൽ നിങ്ങൾ കമ്പനിയുടെ പ്രതിനിധിയാണ്. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ സഹകരിക്കേണ്ടതുണ്ട്. നിങ്ങൾ ഇന്ത്യൻ നിയമത്തിന് വിധേയരാണ്' പൊലീസ് അയച്ച നോട്ടീസ് പറഞ്ഞു.
മനീഷ് മഹേശ്വരി കർണാടക ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഇന്ന് രാവിലെ ലോണി പൊലീസ് സ്റ്റേഷനിൽ ട്വിറ്റർ എംഡി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതുവരെ ഹാജരായിട്ടില്ലെന്ന് ഗസ്സിയാബാദ് പൊലീസ് അറിയിച്ചു.
ഗസ്സിയാബാദിൽ വയോധികനെ അക്രമിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തതിന്റെ പേരിൽ നിരവധി മാധ്യമപ്രവർത്തകരുടെ പേരിലും ട്വിറ്ററിനെതിരേയും യുപി പൊലീസ് കേസെടുത്തിരുന്നു.
വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഇത് പൂർണ്ണമായും നീക്കം ചെയ്യുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. വയോധികനെ അക്രമിച്ച സംഭവത്തിന് പിന്നിൽ സമുദായിക പ്രശ്നമാണെന്ന വീക്ഷണം പൊലീസ് തള്ളി. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ അക്രമത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ അക്രമത്തിനിരയായ ആളുടെ കുടുംബം പൊലീസ് ആരോപണം തള്ളിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്