- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ കമ്പനി പ്രതിഞ്ജാബദ്ധം; പുതിയ മാർഗനിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാർ; കേന്ദ്രസർക്കാരിനോട് സാവകാശം തേടി ട്വിറ്റർ; ഐടി മന്ത്രാലയത്തിന് കത്തയച്ചു
ന്യൂഡൽഹി: പുതിയ ഐടി മാർഗനിർദേശങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കുന്നതിൽ കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയതിന് പിന്നാലെ ചട്ടങ്ങൾ അനുസരിക്കാൻ ട്വിറ്റർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ ട്വിറ്റർ കേന്ദ്രസർക്കാരിനോട് സാവകാശം തേടിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് രാജ്യത്തെ പുതിയ ഐ.ടി. നിയമങ്ങൾ പാലിക്കാൻ ഒരവസരം കൂടി നൽകി കേന്ദ്രസർക്കാർ നൽകിയിരുന്നു. അതു പാലിച്ചില്ലെങ്കിൽ ഐ.ടി. നിയമപ്രകാരമുള്ള പ്രത്യാഘാതവും മറ്റു നിയമനടപടികളും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി. നിയമങ്ങൾ പാലിക്കുന്നതിന് നിശ്ചിത സമയപരിധി നിർദേശിച്ചിരുന്നില്ല.
പുതിയ ചട്ടങ്ങൾ അനുസരിക്കാൻ ഒരുക്കമാണെന്നും ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് തങ്ങൾക്ക് കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് ട്വിറ്റർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സൂചിപ്പിച്ച് ഐടി മന്ത്രാലയത്തിന് കമ്പനി കത്തയച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പുതിയ മാർഗനിർദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്ന കാര്യം കേന്ദ്രസർക്കാരിനെ ധരിപ്പിച്ചതായും ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ കമ്പനി പ്രതിഞ്ജാബദ്ധമാണെന്നും ട്വിറ്റർ വക്താവ് അറിയിച്ചു. കമ്പനിയുടെ വിശ്വസ്തത ബോധ്യപ്പെടുത്താൻ സർക്കാരുമായി കൂടുതൽ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മാർഗനിർദേശങ്ങൾ അംഗീകരിക്കാൻ വിമുഖത പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച സർക്കാരിൽ നിന്ന് അന്ത്യശാസനം ലഭിച്ചതിന് പിന്നാലെയാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് അനുകൂലനീക്കമുണ്ടായിരിക്കുന്നത്.
രാജ്യത്തെ ക്രമസമാധാനനിലയെ ബാധിക്കുന്ന വിധത്തിലുള്ള ഉള്ളടക്കങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന കാര്യത്തിൽ സാമൂഹികമാധ്യമങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുന്നതിനാണ് പുതിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയത്. ഈ മാർഗനിർദേശങ്ങൾ നിർബന്ധമാക്കിക്കൊണ്ട് പുതുക്കിയ ഐടി ചട്ടങ്ങൾ കഴിഞ്ഞമാസം സർക്കാർ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു. നിർദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാവാത്ത പക്ഷം കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തു.
ഇന്ത്യ ആസ്ഥാനമായി ഓഫീസർമാരെ നിയമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ, ബാധ്യതകളിൽനിന്നൊഴിയാൻ പുതിയ നിയമപ്രകാരമുള്ള അവസരം ഇല്ലാതാകുമെന്നാണ് ഐ.ടി. മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചത്.
നിയമം അനുസരിക്കില്ലെന്നായിരുന്നു ട്വിറ്ററിന്റെ നിലപാട്, അതുപയോഗിക്കുന്ന ഇന്ത്യക്കാർക്ക് സുരക്ഷിതമായ അനുഭവം നൽകാനുള്ള ശ്രമവും പ്രതിജ്ഞാബദ്ധതയും കമ്പനിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. പത്തുകൊല്ലത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെ അതുപോയോഗിക്കുന്നവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഇന്ത്യ ആസ്ഥാനമായുള്ള സംവിധാനത്തിലൂടെ സമയബദ്ധവും സുതാര്യവുമായി നീതിപൂർവമായ പ്രക്രിയയിലൂടെ പരിഹരിക്കുന്നതിന് ട്വിറ്റർ വിസമ്മതിക്കുകയാണെന്നും ഐ.ടി. മന്ത്രാലയം പറഞ്ഞിരുന്നു.
സാമൂഹികമാധ്യങ്ങൾ ഇന്ത്യയിൽ പരാതിപരിഹാര ഓഫീസർ, കംപ്ലയൻസ് ഓഫീസർ, നോഡൽ ഓഫീസർ എന്നിവരെ മെയ് 26-ഓടെ നിയമിക്കണമെന്ന് ഫെബ്രുവരിയിൽ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ ഐ.ടി. മന്ത്രാലയം നിർദേശിച്ചിരുന്നു. പുതിയ നിയമങ്ങൾ മെയ് 26-ന് പ്രാബല്യത്തിലായി.
ന്യൂസ് ഡെസ്ക്