- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഹരികൾ കുതിച്ച് കോടികൾ ലാഭം ഉണ്ടാക്കുമ്പോൾ വിൽക്കാത്ത ഓഫരിക്ക് എങ്ങനെ നികുതി ഈടാക്കും? ബൈഡന്റെ നീക്കത്തോട് പ്രതികരിച്ച് പുലിവാലു പിടിച്ച് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ; വാക്ക് പാലിക്കാൻ എലോൺ മസ്കിന് ടെസ്റ്റയിൽ പത്തുശതമാനം ഓഹരികൾ വിൽക്കേണ്ടി വരും
ന്യൂയോർക്ക്: ജോ ബൈഡൻ പുതിയതായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ബില്ലെനഴ്സ് ടാക്സിനോട് പ്രതികരിക്കുക എന്നതായിരുന്നു ട്വീറ്ററിൽ പോസ്റ്റിടുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ എലോൺ മസ്കിന്റെ ഉദ്ദേശ്യം. എന്നാൽ 62.7 മില്ല്യൺ ഫോളോവേഴ്സിൽ വലിയൊരു വിഭാഗം ഒറ്റക്കെട്ടായി മസ്കിനോട് പറഞ്ഞത് ടെസ്ലയിലെ തന്റെ ഓഹരികൾ വിറ്റ് ബൈഡൻ കൊണ്ടുവരുന്ന നികുതി അടയ്ക്കണമെന്നായിരുന്നു. ഇതോടെ ഈ അഭിപ്രായത്തോട് യോജിച്ച് ടെസ്ലയിലെ 250 ബില്ല്യൺ ഡോളർ മൂല്യമുള്ള 10 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു മസ്ക്.
ലഭിക്കാത്ത നേട്ടത്തിന് നികുതി അടയ്ക്കേണ്ടതായി വന്നിരിക്കുന്നു. അതിനായി ടെസ്ലയിലെ 10 ശതമാനം ഓഹരികൾ വിൽക്കേണ്ടിവരും നിങ്ങൾ ഇതിനെ പിന്താങ്ങുന്നോ? എന്നായിരുന്നു മസ്ക് ട്വീറ്റ് ചെയ്തത്. ഇതിൽ ഫോളോവേഴ്സിന് വോട്ട് ചെയ്യുവാനുള്ള ഓപ്ഷനും ഒരുക്കിയിരുന്നു. 62.7 മില്യൺ ഫോളോവേഴ്സുള്ളതിൽ 3.5 മില്യൺ ആളുകൾ വോട്ട് ചെയ്തു. അവരിൽ ഭൂരിഭാഗവും മസ്ക് നികുതിയടക്കണം എന്ന അഭിപ്രായക്കാരായിരുന്നു.അഭിപ്രായ സർവ്വേയുടെ ഫലം എന്തായാലും താൻ അത് അനുസരിക്കുമെന്ന് പറഞ്ഞ മസ്ക് തനിക്ക് ശമ്പളമോ ബോണസോ ലഭിക്കുന്നില്ലെന്നും വ്യക്തിപരമായ ഈ നികുതി അടയ്ക്കാൻ ടെസ്ലയുടെ 10 ശതമാനം ഓഹരികൾ വില്ക്കേണ്ടി വരുമെന്നും വ്യക്തമാക്കിയിരുന്നു.
വോട്ടെടുപ്പിൽ പങ്കെടുത്ത 35,19,252 പേരിൽ 59.7ശതമാനം പേരും നികുതി അടയ്ക്കുവാൻ ആവശ്യപ്പെട്ടതിൽ പിന്നെ മസ്ക് പൊതുപ്രസ്താവന നടത്തുകയോ ട്വീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. 250 മില്യൺ ഡോളർ മൂല്യം വരുന്ന 193.3 ഓഹരികളാണ് ടെസ്ലയുടേതായിട്ട് വിൽക്കപ്പെടാതെയുള്ളത്. ഇതിൽ 20.7 ശതമാനം ഓഹരികൾ മസ്കിന് സ്വന്തമാണ്. അമേരിക്കയിലെ ധനികർ വിൽക്കാതെ വെച്ചിരിക്കുന്ന ഓഹരികൾക്ക് മേൽ നികുതി ഈടാക്കാനുള്ള ബൈഡന്റെ നിർദ്ദേശത്തോട് പ്രതികരിക്കാനായിരുന്നു മസ്ക് ഈ അഭിപ്രായ സർവ്വേ നടത്തിയത്.
സാധാരണയായി ഓഹരികൾ വിൽക്കപ്പെടുമ്പോൾ മാത്രമാണ് അവയ്ക്ക് മേൽ നികുതി ചുമത്താറുള്ളത്. അവർ ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനമാണ് ഇങ്ങനെ നികുതിയായി ഈടാക്കുന്നത്. എന്നാൽ, ശതകോടീശ്വരന്മാർ വിൽക്കാതെ വെച്ചിരിക്കുന്ന ഓഹരികൾക്ക് മേലും നികുതി ഈടാക്കണമെന്ന ആവശ്യം ഇപ്പോൾ സെനറ്റിൽ ഡെമോക്രാറ്റുകൾ ഉയർത്തുന്നുണ്ട്. ഓഹരികളുടെ മൂല്യം വർദ്ധിക്കുമ്പോൾ, വിൽക്കാതെ വെച്ചിരിക്കുന്ന ഓഹരികൾക്ക് മേൽ നികുതി ചുമത്താനാണ് ബൈഡന്റെ നിർദ്ദേശം.
എന്നാൽ, ലഭിക്കാത്ത സാമ്പത്തിക നേട്ടം നിയമപരമായി വരുമാനമായി കണക്കാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് കോടതികളാണ്. ഈ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരികയാണെങ്കിൽ അമേരിക്കയിലെ ഏകദേശം 700 ഓളം ശതകോടീശ്വരന്മാരെ ഇത് ബാധിക്കും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിൽക്കാത്ത ഓഹരികൾക്കൊപ്പം ബോണ്ടുകൾ, കൈവശമുള്ള പണം എന്നിവയ്ക്കും ശതകോടീശ്വരന്മാർ നികുതി അടയ്ക്കേണ്ടതായി വന്നേക്കും.
ലോകത്തിലെ ഏറ്റവും സമ്പന്നനായ മസ്കിന്റെ ആസ്തിയിൽ ഭൂരിഭാഗവും ടെസ്ലയിലെ ഓഹരികളാണ്. ഇതുവഴി മസ്കിന് ശമ്പളമോ മറ്റ് വരുമാനങ്ങളോ ലഭിക്കുന്നില്ല എന്നതും വാസ്തവമാണ്. അടുത്തയിടെ ഫോബ്സ് പുറത്തിറക്കിയ പട്ടിക പ്രകാരം മസ്കിന്റെ മൊത്തം ആസ്തി 318 ബില്യൺ ഡോളർ വരും. തൊട്ടടുത്തുള്ള ജെഫ് ബെസോസിന്റേത് 2021-ൽ 203 ബില്യൺ ഡോളർ മാത്രമാണെന്നതും ഓർക്കണം.
മറുനാടന് ഡെസ്ക്