ന്യൂഡൽഹി: മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് തടഞ്ഞുവച്ച സംഭവത്തിൽ മറുപടിയുമായി ട്വിറ്റർ. അധികാരകേന്ദ്രങ്ങളിൽനിന്ന് നിയമപരമായ അഭ്യർത്ഥനകൾ വന്നാൽ ട്വിറ്റർ അക്കൗണ്ട് ഹോൾഡർമാരെ അറിയിക്കുകയെന്നതാണു ഞങ്ങളുടെ നയമെന്നായിരുന്നു മറുപടി.ഐടി ആക്ട് പ്രകാരമാണു നടപടിയെന്നു ട്വിറ്റർ അറിയിച്ചതായി റാണ അയ്യൂബ് വ്യക്തമാക്കി.

അക്കൗണ്ട് തടഞ്ഞുവെന്ന നോട്ടീസിന് പിന്നാലെ 'ഹലോ ട്വിറ്റർ, ശരിക്കും എന്താണിത്?' എന്നായിരുന്നു റാണ അയ്യൂബ് കുറിച്ചത്. ട്വിറ്ററിൽ നിന്ന് ഞായറാഴ്ച ലഭിച്ച നോട്ടിസും ഉൾപ്പടെയായിരുന്നു അവർ പുറത്തുവിട്ടു.

'ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നവരുടെ നിലപാടുകളെ ബഹുമാനിക്കുന്നു. എന്നാൽ അധികാരകേന്ദ്രങ്ങളിൽനിന്ന് നിയമപരമായ അഭ്യർത്ഥനകൾ വന്നാൽ ട്വിറ്റർ അക്കൗണ്ട് ഹോൾഡർമാരെ അറിയിക്കുകയെന്നതാണു ഞങ്ങളുടെ നയം.' ട്വിറ്റർ നോട്ടിസിൽ പറയുന്നു. ഈ നടപടികളുടെ ഭാഗമായാണ് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ട്വിറ്റർ വ്യക്തമാക്കി.